മസ്‌ക്കറ്റ്: ഇന്ന് അവസാനിക്കാനിരുന്ന പൊതുമാപ്പ് മൂന്നു മാസത്തേക്ക് കൂടി നീട്ടിയതായി മാൻപവർ മന്ത്രാലയം ഉത്തരവിറക്കി. അനധികൃത താമസക്കാർക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ഇനിയും മൂന്നു മാസം കൂടിയുണ്ട്.

മേയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നിരവധി പേർ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞിട്ടുണ്ട്. ഒട്ടേറെപ്പേർ രേഖകൾ ശരിയാക്കി നിയമവിധേയരായി ഇവിടുത്തെ താമസക്കാരായി മാറിയിട്ടുമുണ്ട്. പൊതുമാപ്പിന്റെ കാലാവധി ജൂലൈ 31 അവസാനിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ എംബസികളിലും എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റുകളിലും മറ്റും വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഏകദേശം 15,000ത്തിലധികം പേർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒമാൻ ലേബർ മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊതുമാപ്പ് മെയ്‌ മൂന്നിന് പ്രഖ്യാപിച്ചത്. ഇതിനു മുമ്പ് 2009 അവസാനത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 തുടക്കം വരെ നീണ്ട പൊതുമാപ്പിൽ 60,000 അനധികൃത താമസക്കാരാൻ നിയമനടപടികൾ അഭിമുഖീക്കാതെ സ്വരാജ്യത്തേക്ക് മടങ്ങിയത്. ഇതുപോലെ 2005ലും 2007ലും ഒമാൻ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഒമാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വന്നിരുന്നത്. വിദേശികളുടെ വീടുകളിൽ റെയ്ഡ്, വർക്ക് പെർമിറ്റ്, വാടക കോൺട്രാക്ട് നൽകുന്നതിലും മറ്റും കർശന നിയന്ത്രണങ്ങൾ തുടങ്ങിയ ശക്തമായ നടപടികളാണ് നടത്തിയിരുന്നത്.