മനാമ: ബഹ്‌റിനിൽ സർക്കാർ പ്രഖ്യാപിച്ച ആറ് മാസം നീണ്ട് നില്ക്കുന്ന പൊതുമാപ്പ് കാലാവധി രാജ്യത്ത് അനധികൃതമായി തങ്ങുന്ന തൊഴിലാളികൾ ദുരുപയോഗപ്പെടുത്താതെ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ജൂലൈ 1 മുതലാണ് ബഹ്‌റിനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെ പൊതുമാപ്പ് കാലവധിയുള്ളതിനാല് അത് വരെ രാജ്യത്ത് തങ്ങി ജോലിയെടുക്കാനുള്ള തീരുമാനത്തിലാണ് പലരും. എന്നാൽ നവംബർ അവസാനം എംബസിയിൽ എത്തിയാൽ നടപടിക്രമങ്ങൾക്ക് ചിലപ്പോൾ കാലതാമസം നേരിട്ടേക്കാമെന്ന് അധികൃതർ പറയുന്നു. പാസ്‌പോർട്ട് കൈവശമില്ലാത്തവർക്ക് അത് ലഭിക്കാനായി സമയമെടുക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.അതിനാൽ അവസാന നിമിഷം വരെ കാത്ത് നില്ക്കാതെ നേരത്തെ തന്നെ എംബസികളിൽ എത്തി രേഖകൾ ശരിയാക്കണം.

പൊതുമാപ്പ് കാലവധി കഴിയുന്നതോടെ രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവർക്കെതിരായ നടപടികൾ കർശനമാക്കുമെന്നും ഒരു സാഹചര്യത്തിലും പൊതുമാപ്പ് കാലാവധി ദീർഘിപ്പിക്കില്ലെന്നും ബഹ്‌റിൻ അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനാൽ പൊതുമാപ്പ് സൗകര്യം അവഗണിക്കരുതെന്നും വിവിധ എംബസികൾ മുന്നറിയിപ്പ് നല്കി.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് തങ്ങളുടെ രേഖകൾ ശരിയാക്കി പുതിയ ജോലിയിൽ പ്രവേശിപ്പിക്കുവാനും പിഴ കൂടാതെയും കരിമ്പട്ടികയിൽ പെടാതെയും നാട്ടിലേക്ക് മടങ്ങാനും പൊതുമാപ്പിലൂടെ ബഹ്‌റിൻ സർക്കാർ സൗകര്യം ഒരുക്കുന്നു.