കുവൈറ്റിലെ അനധികൃത താമസക്കാർക്ക് ഇനി പൊതുമാപ്പ് പ്രതീക്ഷ വേണ്ടെന്ന് അധികൃതർ.താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന നിയമലംഘകർക്ക് രാജ്യം വിട്ടു പോകുന്നതിന് മുൻകാലങ്ങളിൽ അനുവദിച്ചിരുന്ന പൊതുമാപ്പ് ഇനി അനുവദിക്കി ല്ലെന്നാണ് അധികൃതർ അറിയിച്ചത്.

അടുത്തിടെ നടന്ന വ്യാപകമായ പരിശോധനകളിലൂടെ നിരവധി നിയമവിരുദ്ധ താമസക്കാരെ പിടികൂടി നാടുകടത്തിയതായി അറിയിച്ച ആഭ്യന്തര വകുപ്പിന് കീഴിലെ താമസകാര്യവിഭാഗം ഡയറക്ടർ മേജർ ജനറൽ തലാൽ അൽമറാഫിയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയത്. അത് അടഞ്ഞ അധ്യായമാണ്. പൊതുമാപ്പ് വഴി അനധികൃത താമസക്കാർ കുറയുമെന്ന് സർക്കാർ കരുതുന്നില്ല. എന്നാൽ,പരിശോധനകളുടെ ഭാഗമായി നിരവധിപേർ പിടിയിലായതു കൂടാതെ ധാരാളം പേർ പിഴയടച്ച് താമസം നിയമ പരമാക്കിയിട്ടു മുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അവസരം നൽകി ആഭ്യന്തര മന്ത്രാലയം ഈവർഷം തുടക്കത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.സ്വയം തയാറായി മുന്നോട്ടുവരുന്ന നിയമ ലംഘകർക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യം വിട്ടുപോകേണ്ടവർക്ക് അതിനും അവസരം നൽകുന്നതായിരുന്നു ഇത്. പിഴയടക്കാതെ രാജ്യം വിടാൻ അവസരം നൽകുന്ന പൊതുമാപ്പിൽനിന്ന് വ്യത്യസ്തമായ ഈ സംവിധാനം പക്ഷേ കൂടുതൽ പേരൊന്നും ഉപയോഗപ്പെടുത്തിയില്ല എന്നാണ് റിപ്പോർട്ട്. രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 2011 മാർച്ച് ഒന്നുമുതൽ ജൂൺ 30 വരെയായിരുന്നു.