ദോഹ: രാജ്യത്ത് സപ്തംബർ ഒന്നു മുതൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാളെ മുതൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർ രാജ്യം വിടുകയോ അവരുടെ താമസ രേഖകൾ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന കർശന നിർദേശമാണ് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങൾക്ക് നൽകിയത്. രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ പൂർണമായി ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. സ്വന്തം സ്‌പോൺസർക്ക് കീഴിലല്ലാതെ തൊഴിലെടുകുന്നവർ 

തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറ് മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്ന് കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന തൊഴിൽ നിയമം അനുസരിച്ച് ഇഖാമ അനുവദിച്ച തൊഴിലുകടമയുടെ കീഴിലല്ലാതെ തൊഴിലെടുത്താൽ തൊഴിലിനുവച്ച കമ്പനിയും പുറത്ത് പോകാൻ അനുവദിച്ച കമ്പനിയും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതു മാപ്പ് അവസരം ഉപയോഗപ്പെടുത്തി രേഖകൾ ശരിപ്പെടുത്താൻ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നിരവധി തവണ ഇക്കാലയളവിൽ അധികൃതർ നൽകിയിട്ടുണ്ട്.

അനധികൃത താമസക്കാരെ പിടികൂടാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കിരുന്നു. വിസ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ വന്ന് കാലാവധി അവസാനിച്ചിട്ടും തിരിച്ച് പോകാത്തവർ, മറ്റ് വിസകളിൽ വന്ന് തിരിച്ച് പോകാത്തവർ എന്നിവർക്കെല്ലാം പ്രത്യേക പിഴയില്ലാതെ മടങ്ങിപ്പോകാനുള്ള അവസാന അവസരമാണ് നാളെ. മൂന്ന് മാസം നീണ്ട് നിന്ന പൊതു മാപ്പിൽ ഇതുവരെ പതിനായിരത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 85 ശതമാനം അനധികൃത താമസക്കാർ ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്.