ഗാന്ധിനഗർ: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനി. അമ്മ നിത അംബാനിക്കൊപ്പം മത്സരവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അനന്ത് ശ്രദ്ധ നേടിയിരുന്നത് ശരീരഭാരത്തിന്റെ പേരിലായിരുന്നു.

പൊണ്ണത്തടിയുമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട അനന്തിനു ലഭിച്ച കളിയാക്കലുകളും കുറവല്ല. എന്നാൽ, ഇതിനെല്ലാം മധുരപ്രതികാരവുമായി എത്തിയിരിക്കുകയാണ് അനന്ത്.

വെറും 18 മാസം കൊണ്ട് 108 കിലോഗ്രാം ഭാരമാണ് അനന്ത് കുറച്ചത്. അനന്തിന്റെ ഈ മാറ്റം സുഹൃത്തുക്കളെയും ബന്ധുക്കളെയും വരെ ഞെട്ടിച്ചെന്നാണു റിപ്പോർട്ടുകൾ. അനന്തിനെ അഭിനന്ദിച്ച് വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തെത്തി.

ഏപ്രിൽ 9-ന് തന്റെ 21-ാം പിറന്നാളാഘോഷിച്ച അനന്ത് അദ്ദേഹത്തിന് തന്നെ നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നായിരുന്നു എം.എസ്. ധോനി ട്വിറ്ററിൽ പറഞ്ഞത്. 'പുതിയ അനന്തി'നൊപ്പം നിന്ന് എടുത്ത സെൽഫിയും ധോണി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൽമാൻഖാനും അനന്തിനെ അഭിനന്ദിച്ചു രംഗത്തെത്തി. 90 കിലോയുണ്ടായിരുന്ന നിത അംബാനി 31 കിലോ ഭാരം കുറച്ച് 59 കിലോയാക്കിയതും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ജന്മനാ ഉള്ള അനന്തിന്റെ പൊണ്ണത്തടി ഹോർമോൺതകരാറിനെത്തുടർന്നായിരുന്നു. ഇതിനെത്തുടർന്നു നിരവധി പരിഹാസങ്ങൾക്കും അനന്ത് പാത്രമായി. മണിക്കൂറുകളോളം നീണ്ട യോഗ, ഗുജറാത്ത് ജാം നഗറിലെ റിലയൻസ് റിഫൈനറിയിൽ 21 കി. മീ. മാരത്തോൺ ഓട്ടം എന്നിവയൊക്കെയാണു അനന്തിനെ തടി കുറയ്ക്കാൻ സഹായിച്ചതെന്നാണു റിപ്പോർട്ടുകൾ. യു.എസിലെ ഒരു ഫിറ്റ്നസ് ട്രെയിനറിന്റെ സഹായവും അനന്തിനുണ്ടായിരുന്നുവെന്നും വാർത്തകളുണ്ട്.