ന്യൂയോർക്ക്: ആപ്പിൾ പ്രേമികൾ വീണ്ടും ആഘോഷത്തിലാണ്. 9.7 ഇഞ്ച് റെറ്റിന ഡിസ്പ്ലേയുമായി ഐപാഡിന്റെ പുതിയ പതിപ്പ് ആപ്പിൾ പുറത്തിറക്കി. നിലവിലുള്ള പതിപ്പിന്റെ പരിഷ്‌കൃത മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മികച്ച ക്യാമറകളും പ്രൊസസറും പുതിയ ഐഒഎസ് പതിപ്പുമായാണ് ഐപാഡ് എത്തുന്നത്. പുതിയ മോഡൽ ബുക്ക് ചെയ്ത് പുതിയ ഫോൺ കൈയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ ആപ്പിൾ പ്രേമികൾ.

ഇതിന് പുറമേ മറ്റൊരു അവിശ്വസനീയ പ്രോഡക്ടും. ഐഫോൺ 7ഉം 7 പ്ലസും ലിമിറ്റഡ് എഡിഷനിൽ ഇറങ്ങുന്നു. ഇത് ചുവന്ന നിറത്തിലുമാണ്. 9.7 ഇഞ്ച് സ്‌ക്രീനിൽ പുത്തൻ ഐപാഡും ആഘോഷത്തിന് മാറ്റ് കൂട്ടാനുള്ള സമ്മാനമാണ്. ഐപാഡ് 32 ജിബി വൈഫൈ മോഡലിന് 329 ഡോളറും (ഏകദേശം 21,400 രൂപ) വൈഫൈ-സെല്ലുലാർ മോഡലിന് 459 ഡോളറുമാണ് (ഏകദേം 30,000 രൂപ) വില. മാർച്ച് 24 മുതൽ യുഎസിൽ പുതിയ ഐപാഡിന്റെ പ്രീ ഓർഡർ ആരംഭിക്കും. ഏപ്രിൽ മുതൽ പുതിയ പതിപ്പ് ഇന്ത്യയിലും ലഭ്യമാകും.

ആഗോളതലത്തിൽ എയ്ഡ്സിനെതിരെ പോരാടുന്ന റെഡ് എന്ന സംഘടനയോടൊപ്പം കൈകോർത്താണ് പുതിയ ഉത്പന്നം ആപ്പിൾ പുറത്തിറക്കുന്നത്. ചുവന്ന ആപ്പിൾ ഫോണുകൾ വാങ്ങുന്നതിലൂടെ എയ്ഡ്സിനെതിരായ ആഗോള ഫണ്ടിലേക്ക് ഉപഭോക്താക്കൾക്ക് സംഭാവന നൽകുന്നത് സാധ്യമാകുമെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു. പത്ത് വർഷം മുമ്പ് ആപ്പിൾ പുറത്തിറക്കിയ ചുവന്ന ഐ പാഡ് നാനോ പതിപ്പ് അടക്കം വാങ്ങി എയ്ഡ്സിനെതിരെ രംഗത്ത് വന്നതായി ടിം കുക്ക് സൂചിപ്പിച്ചു. മാർച്ച് 24 മുതൽ ലോകത്തുടനീളം ഓൺലൈനിലൂടെയും അല്ലാതെയും പുതിയ പതിപ്പുകൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും. പുതുതായി പുറത്തിറക്കുന്ന ആപ്പിൾ 7ന്റെ ജെറ്റ് ബ്ലാക്ക്, ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളുള്ള മോഡലുകളോടൊപ്പമായിരിക്കും പുതിയ നിറത്തിലുള്ള പതിപ്പ് വിൽപനയ്ക്കെത്തുക.

ഐപാഡ് മിനി 4ന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പും ഇതോടൊപ്പം ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. മിനി 4ന്റെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിച്ചെങ്കിലും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 128 ജിബി വൈഫൈ മോഡലിന് 399 ഡോളറും (ഏകദേശം 26,000 രൂപ) 128 ജിബി വൈഫൈ-സെല്ലുലാർ മോഡൽ 529 ഡോളറിനുമാകും (ഏകദേശം 34,500 രൂപ) വിപണിയിൽ എത്തുക.

പുതിയ ഐപാഡിന്റെ പ്രധാന സവിശേഷതകൾ

  • 9.7 ഇഞ്ച് ഡിസ്പ്ലേ (2048x1536 പിക്സൽ)
  • ആപ്പിൾ എ9 ചിപ്സെറ്റ്
  • 64 ബിറ്റ് എം9 മോഷൻ കോപ്രൊസസർ
  • ഐഒഎസ് 10
  • 8 മെഗാപിക്സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ
  • എച്ച്ഡി റെക്കോഡിങ്
  • 1.2 മെഗാപിക്സൽ ഫേസ്ടൈം എച്ച്ഡി ക്യാമറ
  • വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റി
  • ഫിംഗർപ്രിന്റ് സെൻസർ