''ഇന്ത്യയുടെ മകൾ'' ഡൽഹി കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചത് ഫാസിസമാണ്. നമ്മുടെ അന്ധകാരത്തിലേക്ക് കടന്നുചെന്ന ക്യാമറ കണ്ണുകൾ പറയുന്ന സത്യങ്ങൾ നാം കാണണം. ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോൾ ഓസ്‌ട്രേലിയ പെർത്തിൽ നിന്നും കാണാൻ അവസരം ലഭിച്ചു. ഇന്ത്യൻ സ്ത്രീകളെ പറ്റിയുള്ള അഭ്യസ്തവിദ്യരായ പുരുഷന്മാരുടെ കാഴ്‌ച്ചപ്പാടുകൾ കണ്ടപ്പോൾ ഞെട്ടലാണുണ്ടായത്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് ഇന്ത്യൻ സസ്‌കാരമല്ലെന്നും, ബോയ്ഫ്രണ്ട് പാടില്ലെന്നും പറയുന്നു. സന്ധ്യകഴിഞ്ഞാൽ കാണുന്ന പെൺകുട്ടികളെ ആണുങ്ങൾ ബലാത്സംഗം ചെയ്യുന്നത് സ്വാഭാവികമാണെന്നും അത്ഭുതം ഇല്ലെന്നും ഈ ഡോക്യുമെന്ററിയിൽ പറയുന്നു. ഭാരതത്തിലെ പുരുഷന്മാരുടെ സ്ത്രീകളെ കുറിച്ചും പെൺകുട്ടികളെ പറ്റിയുമുള്ള കാഴ്‌ച്ചപ്പാട് വ്യക്തമായും മനസിലാക്കി തരുന്ന ചിത്രീകരണമായിരുന്നു ഇത്. ഡോക്യുമെന്ററി തുടങ്ങുന്നത് മലയാളത്തിലുള്ള ഒരു പ്രതിഷേധ മാർച്ചിന്റെ ബാനർ ചിത്രവുമായാണ്. ആ ചിത്രമാണീവിടെ കൊടുക്കുന്നത്. ബലാത്സംഗത്തിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനും, പ്രതികൾക്കും, പ്രതിയുടെ വീട്ടുകാർക്കും, വക്കീലുമാർക്കും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്കും, പൊലീസിനും ഒക്കെ എന്താണ് പറയാനുള്ളതെന്ന് രാജ്യത്തെ എല്ലാ പൗരന്മാരും അറിയാൻ കിട്ടുന്ന അവസരം സർക്കാരിടപെട്ട് ഇല്ലാതാക്കുകയാണ്.

കിരാതമായി കൊന്നുകളഞ്ഞ പെൺകുട്ടിയുടെ കേസിലെ വൃത്തികെട്ട പ്രതികൾക്കായി ഹാജരായ എം.എൽ ശർമ്മയെന്ന വക്കീൽ ഡോക്യുമെന്ററിയിൽ പറയുന്നത് ഇങ്ങിനെ; 'സ്ത്രീകൾ പൂക്കൾ പോലെയാണ്. സ്ത്രീകൾ പൂക്കൾ ആണേൽ പുരുഷന്മാർ മുള്ളുകൾ പോലെയും, കരുത്തരും ആണ്. പൂക്കൾ ഞെട്ടറുത്താൽ കൊഴിഞ്ഞുപോവുകയും നശിക്കുകയും ചെയ്യും. ദൈവത്തിന്റെയടുത്ത് വയ്ച്ചാൽ ആരാധിക്കപ്പെടും'. അതായത് സ്ത്രീകൾ ഇരിക്കേണ്ട സ്ഥാനത്തിരിക്കണമെന്ന് അർഥം. നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഒരു കാരണവശാലും വൈകിട്ട് 6.30 കഴിഞ്ഞാൽ അപരിചിതരുടെ കൂടത്തിലോ തനിച്ചോ പുറത്തിറങ്ങി നടക്കാൻ പാടില്ല. ഇതേ വക്കീൽ ഡോക്യുമെന്ററിയിൽ വീണ്ടും പറയുന്നു 'സ്ത്രീകൾ ഡയമണ്ട് പോലെയാണ്. ഡയമണ്ട് വേണ്ടരീതിയിൽ സൂക്ഷിക്കണം. അത് തെരുവിൽ ഇട്ടാൽ തീർച്ചയായും പട്ടികൾ അത് കൈക്കലാക്കും, കൈക്കലാക്കിയിരിക്കും'. ഈ വക്കീൽ പറയുന്നത് ഒരു ഒറ്റപ്പെട്ട വാചകമല്ല, ഇതുപോലത്തെ മനുഷ്യതീനികളായ വേട്ടമൃഗങ്ങളെ താലോലിക്കുന്ന സദാചാരക്കാരായ ഇന്ത്യക്കാരുടെ പ്രതിനിധിയാണ് ഈ വക്കീൽ.[BLURB#1-VL]ഇനി ഇതേ ഡോക്യുമെന്ററിയിൽ മറ്റൊരു പ്രതി വക്കീൽ എ.പി സിങ്ങ് എന്ന പ്രതിഭാഗം വക്കീൽ ഡോക്യുമെന്ററിയിൽ പ്രതികരിക്കുന്നത് ഇങ്ങിനെ... 'സ്ത്രീകൾ രാത്രിയിൽ ഒരിക്കലും പുറത്തുപോകാനും ഇറങ്ങി നടക്കാനും പാടില്ല. അങ്ങിനെ പോകണമെങ്കിൽ കുടുബത്തിലേ അരെയെങ്കിലും കൂട്ടത്തിൽ വേണം, അങ്കിളോ, അപ്പനോ, അമ്മയോ, വലിയപ്പനോ, വല്യമ്മയോ അരേലും ഒപ്പം വേണം. പെൺകുട്ടികൾ ഒരിക്കലും ബോയ് ഫ്രണ്ടുമായി പുറത്തുപോകാൻ പാടില്ല'. ഇതാണ് ഇന്ത്യൻ സസ്‌കാരമെന്നും ഈ അഭിഭാഷകർ ഡോക്യുമെന്ററിയിൽ പറയുന്നു. ഈ വക്കീൽ പുങ്കുവന്മാർ ഇന്ത്യയിലെ സ്തീകൾക്കെതിരായി നടത്തിയ പ്രയോഗത്തെ ഒറ്റപ്പെട്ടതായി കാണേണ്ട. ഈ വൃത്തികെട്ടവന്മാരുടെ സംസ്‌കാരം പണ്ടിവിടെ ഉണ്ടായിരുന്നു. ഈ പുരുഷ മൃഗങ്ങളുടെ കുരങ്ങൻ മുത്തച്ചന്മാരാണ് പണ്ട് മാറ് മറച്ച പെണ്ണുങ്ങളുടെ മുലകൾ ചെത്തിയെടുത്തത്. മുലകൾ മറയ്ക്കുന്നതിനു മുലക്കരം ഏർപ്പെടുത്തിയത്. ഇവരുടെ താവഴിയിലുള്ള കാലൻ കാരണവന്മാരാണു മുലക്കരത്തിനെതിരെ പ്രതികരിച്ച നമ്മുടെ നങ്ങേലിയെന മലയാളിൽ പെൺകൊടിയുടെ മുലകൾ ചെത്തിമാറ്റിയ ക്രൂരന്മാർ.

ഈ ഡോക്യുമെന്ററിയിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതി പറയുകയാണു ഇരു കൈയും കൂട്ടികൊട്ടാതെ ഒച്ചകേൾക്കില്ലെന്നാണ്. 80%സ്ത്രീകളും മോശക്കാരാണെന്നും, ബലാത്സംഗത്തിനു ആണുങ്ങളേക്കാൾ കൂടുതൽ കാരണക്കാർ പെണ്ണുങ്ങളാണെന്നുമാണ്. നല്ല പെൺകുട്ടികൾ ആരും രാത്രി മറ്റൊരു പുരുഷനുമായി സിനിമയ്ക്കും പുറത്തു കറങ്ങാനും പോകില്ലെന്നും ബലാത്സംഗത്തിലേക്ക് നയിച്ചത് അതാണെന്നും പ്രതി പറയുന്നു. ഈ പുരുഷന്മാർ ഈ ഡോക്യുമെന്ററിയിൽ സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ഇന്ത്യൻ കാഴച്ചപ്പാട് വ്യക്തമാക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകൾ എപ്പോൾ പുറത്തിറങ്ങണം, വൈകിട്ട് 6.30 കഴിഞ്ഞാൽ വീടുവിടാൻ പാടില്ല. കാമുകൻ, പ്രണയം ഒന്നും പാടില്ല, ബോയ്ഫ്രണ്ട് പാടില്ല, എന്തു വസ്ത്രം ധരിക്കണം, സ്ത്രീ ദൈവമാണ്, ഡയമണ്ടാണ്, പൂവാണ്, മധുരമാണ്, ഈ ദൈവത്തെ പുണരാനും, ഡയമണ്ട് കവർന്നെടുക്കാനും, ഈ പൂവിനെ ആസ്വദിക്കാനും, മധുരത്തെ നുണയാനും പുരുഷന് അധികാരവും അവകാശവും ഉണ്ടെന്ന് ഇന്ത്യയിലെ പുരുഷന്മാർ ഈ ഡോക്യുമെന്ററിയിൽ പറയുന്നു.[BLURB#1-H]ഇന്ത്യയിലെ സ്ത്രീ പുരുഷ സങ്കൽപ്പത്തേ ലോകത്തിനു മുന്നില് അവതരിപ്പിക്കുന്ന ഈ ഡോക്യുമെന്റരി ഇന്ത്യക്കാർ കാണുന്നതിനേ എന്തിനു വിലക്കണം. ലോകം മുഴുവൻ റിലീസാക്കുകയും കാണുകയും ചെയ്ത ഇന്ത്യകാരന്റെ മാനസിക വൈകല്യം നിറഞ്ഞ സ്ത്രീ ചിന്തകൾ ഇന്ത്യയിൽ നിരോധിച്ചിട്ട് കാര്യമില്ല. ഇന്ത്യക്കാരന്റെ ഇത്തരം പുരോഗമന ചിന്തകൾ ലോകം നീളെ എല്ലാവരും കണ്ടു. ഈ ഡോക്യുമെന്ററി ആദ്യം കാണേണ്ടത് ഭാരതീയരായിരുന്നു. എന്തിനാണു നമ്മൾ കൂടുതൽ അഹങ്കരിക്കുന്നത്? ചൊവ്വയിലേക്ക് റോക്കറ്റ് തൊടുത്തതിനോ, മോദി പ്രധാനമന്ത്രിയായതിനോ, അതോ സന്ധ്യകഴിഞ്ഞാൽ തെരുവിൽ കാണുന്ന സ്ത്രീകളെ കൊന്നുതിന്നാമെന്ന ഈ സദാചാരക്കാരുടെ സ്ത്രീ വീക്ഷണത്തിനോ?


ഈ ഡോക്യുമെന്ററിയിലെ പുരുഷ വീക്ഷണം എങ്ങിനെ ഇന്ത്യൻ ചിന്താഗതിയാകും എന്ന് ചോദിക്കാം. ഇതൊക്കെ ഇന്ത്യയെ താഴ്‌ത്തികെട്ടാൽ അല്ലേ എന്നും ചോദിക്കാം. അതൊക്കെ ഞാൻ ഇന്ത്യക്കാരനാണെന്നും ഭാര്യയുടേയും മകളുടേയും അമ്മയുടെയും മാംസം നരഭോജികൾ തിന്നാലും എന്റെ രോമം ഇന്ത്യയെന്ന വികാരത്താൽ എഴുന്നു നില്ക്കും എന്ന വികലമായ അഹങ്കാരത്തിൽ നിന്നുണ്ടാകുന്ന വികാരമാണ്. ഈ ഡോക്യുമെന്ററിയിലേത് ഒറ്റപ്പെട്ട പുരുഷ നിലപാടല്ല, അല്ലേ അല്ല. വലന്റൈൻസ് ഡേയ്ക്ക് ബങ്കളൂരിൽ അക്രമം നടത്തിയ ശ്രീരാമ സേനയും, ചുംബിക്കുന്നതിനെ മഹാപാപവും, പരസ്യ ലൈംഗികവേഴ്‌ച്ചയുമായി കണ്ട് മത വർഗീയ വാദികളുടെ നിലപാടുകളും ഇത് തന്നെയായിരുന്നു. സ്‌നേഹിക്കുന്നവർക്ക് ചുംബിക്കാൻ സമരം നടത്തേണ്ടിവരുന്ന നാടാണിത്. രാജ്യത്താകമാനം നടക്കുന്ന സദാചാര പൊലീസുകാരുടെ ഇടപെടലുംകളും തള്ളികൊലയും കൊലപാതാകവും ഇതിന്റെ മറ്റൊരു മുഖമാണ്. പിതാവിനോടും, ഭർത്താവിനോടും ഒപ്പം രാത്രിയിൽ സഞ്ചരിക്കുന്നു പെൺകുട്ടികളെ ആണുങ്ങളെ കൊന്നുകളഞ്ഞ് ബലാത്സംഗം ചെയ്യുന്ന ഇന്ത്യൻ രതിയുടെ പുതിയ പോർമുഖങ്ങളാണിതൊക്കെ.

ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യമാരെ കൈകാലുകൾ കെട്ടിയെറിയാൻ ഇപ്പോഴും ചിലർ ഇന്ത്യയിൽ ഒരവസരം കിട്ടിയാൽ കൊതിക്കുകയാണ്. ചിതയിലെ തീയിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേക്ക് ഓടിയാൽ കോലുകൾകൊണ്ട് തീയിലേക്ക് വീണ്ടും തള്ളിയിടാൻ പലരും കൊതിക്കുന്നു. മനുസ്മൃതിയിലേ സ്ത്രീകളാണു ഭാരത സ്ത്രീകളെന്നും, എത്ര സ്ത്രീകളെ വിവാഹം ചെയ്തും ഉപയോഗിച്ച് വലിച്ചെറിയാമെന്നും അതൊക്കെയാണ് ഭാരതമെന്നും ആർഷ സംസ്‌കാരമെന്നും ധരിക്കുകയാണ് ചിലർ. മുംബയിലെ ചുവന്ന തെരുവാണ് കാമാത്തിപുര.അവിടെയാണു ഏഷ്യയിലെ ഏറ്റവും വലിയ മാംസവില്പന. ഒൻപത് വയസുള്ള പെൺകുട്ടികള മുതൽ വില്പന ചരക്കാവുന്ന ഈ നാട്ടിലെ വേശ്യാലയങ്ങൾ എന്തൊകൊണ്ട് തല്ലി തകര്ക്കാൻ ഈ സദാചാരക്കാര്ക്ക് കഴിയുന്നില്ല. സന്ധ്യകഴിഞ്ഞാൽ പൊതു സ്ഥലത്ത് കാണുന്ന ഏതു സ്ത്രീയും അനാശാസ്യകാരിയാണെന്നും അവരെ ബലാത്സംഗം ചെയ്യാമെന്നും, കൊന്നു തിന്നാമെന്നുമുള്ള ഭാരതീയ പുരുഷന്മാരുടെ വിശകലനം വ്യക്തമാക്കുന്ന ഡോക്യുമെന്റരി എല്ലാ ഭാരതീയരും കാണണം. അപമാനം കൊണ്ട് തലകുനിച്ച് ഇത്തരക്കാരെ മനുഷ്യകുലത്തിൽനിന്നും ഉന്മൂലനം ചെയ്ത് സംസ്‌കാരത്തെയും രാജ്യത്തെയും ശിചീകരിക്കുകയാണു വേണ്ടത്.

ഇന്ത്യയിലെ മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും എന്തുകൊണ്ട് ഇത് സാധ്യമായില്ല? കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുടെ വെളിപ്പെടുത്തലുകൾ, പ്രതികൾ പറയുന്നത്, ജ്യോതിയുടെ കൂട്ടുകാർ പറയുന്നത്, പൊലീസും, ന്യായാധിപന്മാരും, പ്രതികളുടെ വീട്ടുകാരും പറയുന്നത്, സമരങ്ങളുടെ വിവിധ ദൃശ്യങ്ങൾ അങ്ങിനെ നമ്മൾ ഇതുവരെ കാണാത്ത പല വെളിപ്പെടുത്തലുകളും ഈ ഡോക്യുമെന്ററിയിൽ ഉണ്ട്. ജനങ്ങൾക്ക് മുന്നിലേക്ക് ചിന്നി ചിതറികിടക്കുന്ന പല കാര്യങ്ങളും കൂട്ടിയോജിപ്പിച്ച് അവതരിപ്പിക്കുകയാണ് ബി.ബി.സി. ചെയ്തിരിക്കുന്നത്. ഇതിൽ കലർപ്പുകളും കൂട്ടിചേർക്കലുകളും ഒന്നുമില്ല. എല്ലാം തുറന്നുകാട്ടുകയാണിവിടെ. ബ്രിട്ടനിൽനിന്നും ഒരു മാദ്ധ്യമം ഇതിനൊക്കെ ഇന്ത്യയിൽ വരേണ്ടിവന്നിരിക്കുന്നു.

ഇന്ത്യൻ കോടതി ഇത് നിരോധിച്ചതിലൂടെ ഫാസിസത്തിനും, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മങ്ങലേൽപ്പിച്ചു. ഈ ഡോക്യുമെന്ററി നിരോധിച്ചിട്ട് എന്തൊകൊണ്ട് നമ്മളുടെ ദേശീയ മാദ്ധ്യമങ്ങൾ ഇടപെട്ടില്ല. ഈ വിഷയത്തിൽ നമ്മുടെ കോടതിയും, കേന്ദ്രസർക്കാരും പാക്കിസ്ഥാനെയും, സൗദി അറേബിയയെയും ഒക്കെയാണ് അനുകരിച്ചത്, ഓർമ്മപ്പെടുത്തുന്നത്. ഇത്തരമൊരു ഇത്തരമൊരു ഡോക്യുമെന്ററി ബ്രിട്ടനിലോ, അമേരിക്കയിലോ, ഫ്രാൻസിലോ ആയിരുന്നെങ്കിൽ തീർച്ചയായും തടയപ്പെടില്ലായിരുന്നു.