യുദ്ധക്കെടുതിയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക - സമീര്‍ കാളികാവ്
വടക്കാങ്ങര : ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലുടെയും ആത്മസമര്‍പ്പണത്തിലൂടെയും വിശ്വാസി സമൂഹം ആര്‍ജിച്ചെടുത്ത ദൈവഭക്തിയും ക്ഷമയും ആയുധമാക്കി ലോക സമൂഹത്തെ ഒന്നടങ്കം ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കെടുതിയില്‍ നിന്നുമുള്ള മോചനത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീര്‍ കാളികാവ് ആവശ്യപ്പെട്ടു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു മര്‍ദ്ദിത സമൂഹത്തിന്റെയും ആത്യന്തിക വിജയത്തിനും അതുവഴി ലോക സമാധാനം സ്ഥാപിച്ചെടുക്കുവാനും ദൈവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും ലോക വിശ്വാസികള്‍ ദൈവ സാമിപ്യം ശക്തിപ്പെടുത്തുവാന്‍ ഇത്തരം ആഘോഷ ദിനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പെരുന്നാള്‍ നമസ്‌കാരാനന്തരം മഹല്ല് കമ്മിറ്റി റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമിച്ചു.