മൂന്നാനിയില്‍ ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ജനവേദി ടിക്കായത്ത് മോഡല്‍ സമരത്തിന്

Update: 2026-03-20 14:27 GMT

പാലാ: മൂന്നാനി ഗാന്ധിസ്‌ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പാലായില്‍ 'ടിക്കായത്ത് മോഡല്‍' സമരം നടത്തുമെന്ന് ജനവേദി അറിയിച്ചു. കര്‍ഷക പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകനേതാവായിരുന്ന മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ പാര്‍ലെമെന്റിനു മുന്നില്‍ കര്‍ഷകര്‍ താത്കാലിക ശുചിമുറി സ്ഥാപിച്ച് സമരം നടത്തിയിരുന്നു. ഈ മാതൃകയില്‍ പാലായില്‍ സമരം സംഘടിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതമാക്കിയിരിക്കുകയാണ്. ഗാന്ധി സ്‌ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിട്ടു നാളുകളായി. മിക്കവാറും ദിവസം ടാങ്കര്‍ ലോറികളില്‍ മാലിന്യം ഇവിടെ നിക്ഷേപിക്കുകയാണ്. റോഡിനോട് ചേര്‍ന്ന കൈ തോട്ടിലൂടെ ഈ മാലിന്യങ്ങള്‍ നേരെ മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്. കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ അടക്കം കിണറുകളും മീനച്ചിലാറ്റില്‍ ഉണ്ട്. കോടതി സമുച്ചയമടക്കമുണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തത് മൂലമാണ് ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

അബദ്ധവശാല്‍ കടലാസ് നിലത്തിട്ടാലും പുക സര്‍ട്ടിഫിക്കേറ്റ് എടുക്കാന്‍ മറന്നാലും പിഴ ഈടാക്കുന്ന നാട്ടില്‍ ശുചിമുറി മാലിന്യ നിക്ഷേപം വന്‍തോതില്‍ നടത്തിയിട്ടും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അലംഭാവം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്.

എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, അനൂപ് ചെറിയാന്‍, ബിനു പെരുമന എന്നിവര്‍ പ്രസംഗിച്ചു.


Similar News