- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ടിസ്സ് യൂണിയൻ തെരഞ്ഞെടുപ്പ് : എ. എസ്. എ - ഫ്രറ്റേണിറ്റി സംഖ്യത്തിന് വമ്പൻ വിജയം; വൈസ് പ്രസിഡന്റ് ആയി മലയാളി
മുംബൈ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(ടിസ്സ്) വിദ്യാർത്ഥി യൂനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ദലിത്-ആദിവാസി മുസ്ലിം വിദ്യാർത്ഥി സംഘടനകളുടെ സഖ്യത്തിന് വമ്പൻ വിജയം. അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ(എ.എസ്.എ), ഫ്രറ്റേണിറ്റി മൂവ്മെന്റ്, മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ(എം.എസ്.എഫ്), നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫെഡറേഷൻ, ആദിവാസി സ്റ്റുഡന്റ്സ് ഫെഡറേഷൻ സഖ്യമാണ് യൂനിയൻ പിടിച്ചെടുത്തത്. മുഴുവൻ പോസ്റ്റുകളും തൂത്തുവാരിയാണ് സഖ്യത്തിന്റെ മിന്നും ജയം.
ആദിവാസി-ക്വിയർ വിദ്യാർത്ഥിയായ പ്രതീക് പാറമേയാണ് യൂനിയൻ പ്രസിഡന്റ്. ഫ്രറ്റേണിറ്റി പ്രതിനിധിയും മലയാളി വിദ്യാർത്ഥിയുമായ നിദ പർവീൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശിയായ നിദ പർവീൻ ഫ്രറ്റേണിറ്റിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന സമരങ്ങളിലൂടെ മുൻനിരയിലുണ്ടായിരുന്നു. മുസ്ലിം വനിതാ ആക്ടിവിസ്റ്റുകളെ വിൽപനയ്ക്കുവച്ച 'സുള്ളി ഡീൽസ്' ആപ്പിൽ നിദയുടെ പേരും ഉൾപ്പെട്ടിരുന്നു.
കണ്ണൂർ മാഹി സ്വദേശിയും ഫ്രറ്റേണിറ്റി പ്രതിനിധിയുമായ ആദില പി.എം ആണ് ഈക്വൽ ഓപർച്യുനിറ്റി സെൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ ഉൾപ്പെടുന്ന പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫ്രണ്ട്, എ.ബി.വി.പി ഉൾപ്പെടുന്ന സാഥ് വിദ്യാർത്ഥി സഖ്യം എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റ് മുന്നണികൾ.