റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ പത്ത് പോയിന്റ് വ്യത്യാസം നേടി ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നത് എതിരാളികളെ ബഹുദൂരം പിന്നിലാക്കുമെന്ന സന്ദേശം; കേരളാ വിഷന്‍ കേബിളില്‍ 'ഒന്നാം നമ്പര്‍' തന്ത്രത്തെ തിരഞ്ഞെടുപ്പ് കാലത്ത് മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ്; പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ നിറയുന്നത് മത്സരമില്ലാ ചിത്രം!
കൊച്ചി: വീണ്ടും ജനപിന്തുണയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറുമോ? ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോള്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്ന ചിത്രവുമായി പുതിയ ബാര്‍ക്ക് റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ ആഴ്ച ന്യൂസ് ചാനല്‍ കാണുന്ന പ്രേക്ഷകരില്‍ കുറവുണ്ടായി എന്നതാണ് മറ്റൊരു വസ്തുത. ട്വന്റി ഫോറിന് 71 പോയിന്റ് മാത്രമാണുള്ളത്. അതായ് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ 25 പോയിന്റ് പിന്നില്‍. കുറച്ചു മാസം മുമ്പ് റേറ്റിംഗില്‍ രണ്ടാഴ്ച ഒന്നാമത് നിന്ന 24 ന്യൂസിന് ആ മികവ് ഇപ്പോള്‍ കാട്ടാന്‍ കഴിയുന്നില്ല. മനോരമ ന്യൂസാണ് നാലാമതുള്ളത്.
ഇതിന് മുമ്പിലത്തെ ആഴ്ച ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള അന്തരം ആറു പോയിന്റാണ്. ഇതാണ് 43-ാം ആഴ്ച പത്ത് പോയിന്റായി മാറുന്നത്. പ്രേക്ഷരുടെ എണ്ണം കുറഞ്ഞ 43-ാം ആഴ്ചയില്‍ ഏഷ്യനെറ്റിന് എട്ട് പോയിന്റ് മുന്‍ ആഴ്ചത്തേക്കാള്‍ കുറഞ്ഞു. റിപ്പോര്‍ട്ടറിന് 12 പോയിന്റ് കുറവുണ്ടായി. 24 ന്യൂസിന് എട്ട് പോയിന്റാണ് കുറവ്. നാലാമതുള്ള മനോരമയ്ക്ക് ഇടിഞ്ഞത് ഒരു പോയിന്റ് മാത്രമാണ്. മാതൃഭൂമിക്ക് ഒരു പോയിന്റ് കുറഞ്ഞപ്പോള്‍ ജനം ടിവി അതേ നിലയില്‍ തുടരുകയാണ്. കൈരളി ന്യൂസിനും ഒരു പോയിന്റ് ഇടിഞ്ഞു. ന്യൂസ് കേരളയ്ക്ക് രണ്ടു പോയിന്റും മീഡിയാ വണിന് രണ്ടു പോയിന്റും താഴ്ചയുണ്ടായി. അതായത് പ്രേക്ഷകരെ നിലനിര്‍ത്തിയത് ജനം ടിവി മാത്രമാണെന്ന് സാരം.
കേരളാ വിഷന്‍ കേബിള്‍ സെറ്റ് ടോപ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം കാണുന്നത് റിപ്പോര്‍ട്ടര്‍ ടിവി ചാനലാണ്. ഈ തന്ത്രത്തിലൂടെ റേറ്റിംഗില്‍ നേട്ടമുണ്ടാക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ ശ്രമത്തെ ഏഷ്യാനെറ്റ് ന്യൂസ് തകര്‍ക്കുന്ന ചിത്രമാണ് 43-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗിലുള്ളത്. ആദ്യ അഞ്ച് സ്ഥാനത്തുള്ള ചാനലുകള്‍ക്കും അടുത്ത ആഴ്ചയില്‍ അവിടെ തന്നെ തുടരാന്‍ കഴിയുന്ന തരത്തിലാണ് റേറ്റിംഗിലെ പോയിന്റ് വ്യത്യാസം. അത് മാറിമറിയണമെങ്കില്‍ ചാനല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഓരോ ചാനലും വലിയ മുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്.
43 ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് - 96
റിപ്പോര്‍ട്ടര്‍ ടിവി - 86
ട്വന്റി ഫോര്‍ - 71
മനോരമ ന്യൂസ് - 49
മാതൃഭൂമി ന്യൂസ് - 36
ജനം ടിവി - 22
കൈരളി ന്യൂസ് - 21
ന്യൂസ് 18 കേരള - 15
മീഡിയ വണ്‍ - 10
ചാനലുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന കാലമാണ് ഇത്. ഷിരൂര്‍ രക്ഷാദൗത്യത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നേട്ടമുണ്ടാക്കാനായി. അങ്ങനെയാണ് അവര്‍ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയായി മാറിയത്. എന്നാല്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടും മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പീഡന കേസിലും റിപ്പോര്‍ട്ടറിനെതിരെ നിരവധി ആരോപണങ്ങളെത്തി. ഇതെല്ലാം അവരുടെ വിശ്വാസ്യതയെ ബാധിച്ചോ എന്ന എന്ന ചര്‍ച്ച സജീവമാക്കുന്നതാണ് ബാര്‍ക്ക് റേറ്റിംഗ്. ഇപ്പോള്‍ റിപ്പോര്‍ട്ടറിനും 24 ന്യൂസിനുമെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തു വരുന്നു. ഗുരുതര ആരോപണങ്ങളാണ് അവര്‍ ചര്‍ച്ചയാക്കുന്നത്. ഇതെല്ലാം ബാര്‍ക് റേറ്റിംഗിനെ എങ്ങനെ ബാധിക്കുമെന്നത് നിര്‍ണ്ണായകമാണ്.
ശോഭാ സുരേന്ദ്രന്റെ കടന്നാക്രമണത്തിന് ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ മറുപടി നല്‍കി. അത് ഏറെ ചര്‍ച്ചയാകുമ്പോഴാണ് കടന്നാക്രമണവുമായി ശോഭാ സുരേന്ദ്രന്‍ എത്തുന്നത്. തന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും 24 ന്യൂസിനേയും റിപ്പോര്‍ട്ടര്‍ ടിവിയേയും ശോഭ വിലക്കുകയും ചെയ്തു. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം രംഗത്തു വ്ന്നു. ഇതിനൊപ്പം പാലക്കാട് ഉപതിരഞ്ഞെടുപ്പ് ചൂടും ശക്തമാകും. കൊടകരയിലെ കുഴല്‍പ്പണ വിവാദവും കത്തി കയറാന്‍ ഇടയുണ്ട്. സന്ദീപ് വാര്യരുടെ നിലപാടുകള്‍ അടക്കം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള സാധ്യതയാണ് തുറക്കുന്നത്. അതുകൊണ്ട് തന്നെ ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ ഇനി അങ്ങോട്ട് കൂടാനാണ് സാധ്യത.
തെരഞ്ഞെടുപ്പു കാലം ആയതിനാല്‍ ജനം ടിവിയും കൈരളി ടിവിയും മുന്നേറ്റമുണ്ടാക്കുന്ന അവസ്ഥയുണ്ട്. പൊതുവേ ഈ ആഴ്ച്ച രാഷ്ട്രീയം ഇഷ്ടപ്പെടുന്ന മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ കൂടുതലായും കാണാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ വാര്‍ത്തകളില്‍ വിശ്വസനീയത തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ പ്രചരണങ്ങള്‍ അടക്കം വരും ആഴ്ച്ചകളിലെ ചാനല്‍ മത്സരത്തിന്റെ വാശി കൂട്ടും.