അന്‍വര്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നല്ലകാലം; വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ബാര്‍ക്കില്‍ ഒന്നാമത്; 24 രണ്ടാമത്; റിപ്പോര്‍ട്ടറിന് മൂന്നാം സ്ഥാനം; ജനം കുതിപ്പില്‍; വീണ്ടും മനം പിടിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ 'നേരോടെ നിരന്തരം നിര്‍ഭയം'

ചാനല്‍ റേറ്റിംഗില്‍ കളം പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്

Update: 2024-09-05 07:15 GMT

തിരുവനന്തപുരം: മലയാള ന്യൂസ് റേറ്റംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. 24 ന്യൂസിനെ പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ചാനല്‍ റേറ്റിംഗില്‍ ഒന്നാമത് എത്തി. ഷിരൂരിലേയും വയനാട്ടിലേയും റിപ്പോര്‍ട്ടിംഗ് മികവിലാണ് 24 ന്യൂസ് മുന്നിലേക്ക് പോയത്. ഈ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന്റെ വലിയ സാന്നിധ്യവും ഇല്ലായിരുന്നു. എന്നാല്‍ അതിവേഗം റേറ്റിംഗ് ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു പിടിച്ചു. സിന്ധു സൂര്യകുമാറിന്റെ ഹേമാ കമ്മറ്റിയിലെ അഭിമുഖങ്ങളും ജനം ഏറ്റെടുത്തു. രാത്രിയിലെ പ്രൈംടൈമില്‍ അപ്പുറം വിനു വി ജോണ്‍ പകല്‍ സമയത്തും ചാനല്‍ അവതരണത്തിന് എത്തി. ഏഷ്യാനെറ്റിനൊപ്പം കൈരളി ടിവിയേയും മീഡിയാ വണ്ണിനേയും പിന്തള്ളി ജനം ടിവിയും ആറാമത് എത്തി. മീഡിയാ വണ്ണിന് മുകളിലാണ് ന്യൂസ് 18 കേരളയുടേയും സ്ഥാനം. കോണ്‍ഗ്രസിലെ ചില അസന്തുഷ്ടികള്‍ തുറന്നു കാട്ടിയത് ന്യൂസ് 18 കേരളയാണ്.

പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാട്ടിയ കരുതല്‍ ശ്രദ്ധേയമായിരുന്നു. ചാനല്‍ റേറ്റിംഗുകളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ തളര്‍ത്താന്‍ അന്‍വര്‍ ചില വ്യാജ ആരോപണം ഉന്നയിച്ചു. വിനു വി ജോണിനെതിരായ ആരോപണം വെറും പുകമറയായി മാറി. തെളിവൊന്നും പുറത്തു വന്നില്ല. അന്‍വറിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടികളും തുടങ്ങി. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിന്റെ ജനപ്രീതി കൂട്ടുകയും ചെയ്തു. പല ചാനലുകളും ഏകപക്ഷീയമായി അന്‍വര്‍ അനുകൂലമായപ്പോള്‍ കരുതലോടെ സത്യം ചര്‍ച്ചയാക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിച്ചത്. കൈരളിയേയും മീഡിയാ വണ്ണിനേയും മറികടന്ന് ജനം അഞ്ചാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി. അന്‍വറിന്റെ ആരോപണങ്ങള്‍ അതേ പടി ജനവും ഏറ്റുപിടിച്ചില്ല. നാലും അഞ്ചും സ്ഥാനത്ത് മനോരമയും മാത്യഭൂമിയും തുടരുകയും ചെയ്യുന്നു. ഓവറോള്‍ റേറ്റിംഗിലെ കണക്കിന് അപ്പുറം പ്രായപൂര്‍ത്തിയാവരുടെ വിഭാഗത്തില്‍ റേറ്റിംഗില്‍ ഏഷ്യനെറ്റിന് വന്‍ മുന്നേറ്റമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് - 109, ട്വന്റി ഫോര്‍ - 101, റിപ്പോര്‍ട്ടര്‍ ടിവി - 93, മനോരമ ന്യൂസ് - 53, മാതൃഭൂമി ന്യൂസ് - 42, ജനം ടിവി - 22, കൈരളി ന്യൂസ് - 20, ന്യൂസ് 18 കേരള - 17, മീഡിയ വണ്‍ - 14-എന്നിങ്ങനെയാണ് റേറ്റിംഗ്. രണ്ടാഴ്ച പിന്നില്‍ പോയതോടെ ഏറെ കരുതല്‍ ഏഷ്യാനെറ്റ് ന്യൂസ് എടുത്തു. സിന്ധു സൂര്യകുമാറും ചാനലില്‍ കൂടുതല്‍ സജീവ സാന്നിധ്യമായി. വിനു വി ജോണ്‍ ചര്‍ച്ചകളിലൂടെ പ്രേക്ഷകരെ വീണ്ടും അടുപ്പിച്ചു. അന്‍വര്‍ പക്ഷത്ത് പൂര്‍ണ്ണമായും അടുക്കാതെയുള്ള റിപ്പോര്‍ട്ടിംഗ് തന്നെയാണ് ജനം ടിവിയ്ക്കും തുണയായത്. ആര്‍ എസ് എസ് അനുകൂല ചാനല്‍ കൈരളിയേയും മീഡിയാ വണ്ണിനേയും പിന്തുള്ളുകയും ചെയ്തു. വരും ആഴ്ചകളിലും ഏഷ്യാനെറ്റ് ന്യൂസ് കരുത്ത് കാട്ടുമെന്ന് തന്നെയാണ് ചാനല്‍ ഇന്‍സ്ട്രിയുടെ പൊതു വിലയിരുത്തല്‍.

അന്‍വറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പോലീസിനുള്ളിലെ വാര്‍ത്തകളും അതിവേഗം എത്തിയത് ഏഷ്യാനെറ്റ് ന്യൂസിലാണ്. തിരുവനന്തപുരം ബ്യൂറോയിലെ അരുണ്‍കുമാര്‍ പ്രത്യേക മികവാണ് ഇതില്‍ കാട്ടിയത്. അതുകൊണ്ട് തന്നെ പോലീസ് വാര്‍ത്തകള്‍ മറ്റ് പല ചാനലുകള്‍ക്കും ഏഷ്യാനെറ്റ് ന്യൂസിനെ പിന്തുടരേണ്ടിയും വന്നു. ഇത്തരം പോലീസ് സ്‌റ്റോറികള്‍ക്കൊപ്പം വിനു വി ജോണിന്റെ പകല്‍-രാത്രി ചര്‍ച്ചകളും സിന്ധു സൂര്യകുമാറിന്റെ സിനിമാ മേഖലയില്‍ നിന്നുള്ള പ്രത്യേക അഭിമുഖങ്ങളും ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത് കൂട്ടി. മോഹന്‍ലാലിന്റേയും നിശബ്ദയും മറ്റും അതിശക്തമായി ചോദ്യം ചെയ്തതും ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റത്തിന് കാരണമായി മാറി. ഏഷ്യാനെറ്റ് ന്യൂസിനെ പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി ഒതുക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞു വീണത്.

ഓണക്കാലത്ത് ജനങ്ങളിലേക്ക് അടുക്കാന്‍ പലതും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വര്‍ടൈസിംഗും സംയുക്തമായി നടത്തുന്ന ഓണക്കൂട്ടായ്മ 2024 സെപ്തംബര്‍ 13 മുതല്‍ 22 വരെ തിരുവനന്തപുരം കനകക്കുന്നില് നടക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് കനകക്കുന്നില്‍ നടക്കുക. ഓണാക്കൂട്ടായ്മയുടെ ഭാഗമായി അമ്യുസ്‌മെന്റ് പാര്‍ക്ക്, ഗെയിം സോണ്‍, പെറ്റ്സ് പാര്‍ക്ക്, സ്റ്റേജ് ഷോസ്, ട്രേഡ് ഫെയര്‍, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും കനകകുന്നില്‍ നടക്കും. വിവിധ കലാമത്സരങ്ങളും ബാന്‍ഡുകളെ ഉള്‍കൊള്ളിച്ചുള്ള മ്യൂസിക്കല്‍ നൈറ്റ്‌സും ഡാന്‍സ് പ്രേമികള്‍ക്കായുള്ള കൊറിയോ നൈറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഇതെല്ലാം റേറ്റിംഗിലെ മുന്‍തൂക്കം തുടരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News