ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലെ അന്തരം പതിനാറ് പോയിന്റ്; നേരോടെ നിരന്തരം നിര്‍ഭയം ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍; എല്ലാ ആഴ്ചയിലും താഴ്ച കാട്ടുന്ന പ്രവണത തുടര്‍ന്ന് ട്വന്റി ഫോര്‍; ജനത്തിനും കൈരളിയ്ക്കും ഒഴികെ എല്ലാ ചാനലുകള്‍ക്കും പ്രേക്ഷക നഷ്ടം; പ്രചരണ ചൂടില്‍ വാര്‍ത്താ ചാനലുകളില്‍ സംഭവിച്ചത്

Update: 2024-11-21 08:56 GMT

കൊച്ചി: കേരളത്തില്‍ തിളച്ചു മറിഞ്ഞ ഉപതിരഞ്ഞെടുപ്പ് പോരിനിടെയും ന്യൂസ് ചാനല്‍ കാണാനുള്ള പ്രേക്ഷക താല്‍പ്പര്യത്തില്‍ ഇടിവ്. കുറച്ചു കാലമായി ന്യൂസ് ചാനലുകളുടെ പ്രേക്ഷകര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്നില്ല. സാധാരണ വിവാദം കത്തുമ്പോള്‍ പ്രേക്ഷകര്‍ കൂടും. എന്നാല്‍ ഇപ്പോള്‍ എന്നും വിവാദമുണ്ട്. എന്നാല്‍ അതിന് അനുസരിച്ചുള്ള പ്രേക്ഷകരില്ല. വാര്‍ത്തകള്‍ക്ക് അപ്പുറം വിനോദത്തെയാണ് പ്രേക്ഷകര്‍ ചേര്‍ത്തു പിടിക്കുന്നത്. ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഈ വര്‍ഷത്തെ നാല്‍പ്പത്തിയാറാം ആഴ്ചയില്‍ ഏറ്റവും പ്രേക്ഷക നഷ്ടമുള്ളത് 24 ന്യൂസിനാണ്.

ഈ ആഴ്ച 91 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ തവണത്തേതിന് അപേക്ഷിച്ച് ഒരു പോയിന്റ് കുറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 75 പോയിന്റാണുള്ളത്. കഴിഞ്ഞ ആഴ്ച 78 പോയിന്റുണ്ട്. അതായത് മൂന്ന് പോയിന്റെ കുറവുണ്ടായി. ട്വന്റി ഫോറിന് 45-ാം ആഴ്ചയില്‍ 61 പോയിന്റായിരുന്നു. ഇത് 55 പോയിന്റായി. അതായത് ആറു പോയിന്റ് താഴ്ച. മറ്റൊരു ചാനലിനും ഇത്രയും കുറവ് 46-ാം ആഴ്ചയില്‍ ഉണ്ടായിട്ടില്ല. ഷിരൂര്‍ രക്ഷാപ്രവര്‍ത്തന സമയത്ത് റേറ്റിംഗില്‍ ഒന്നാമത് എത്തിയ ചാനലാണ് അതിവേഗം താഴേയ്ക്ക് പോകുന്നത്. ഒന്നാമത് എത്തിയത് 24ന്യൂസ് വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ചാനലിന്റെ വിജയകാരണങ്ങള്‍ വിശദീകരിച്ച് ശ്രീകണ്ഠന്‍ നായരുടെ അഭിമുഖം എത്തി. അതിന് ശേഷം ചാനല്‍ കീഴ്‌പ്പോട്ടാണ് പോകുന്നത്.

റിപ്പോര്‍ട്ടറിന് കിട്ടിയ പ്രേക്ഷക പിന്തുണയാണ് ട്വന്റി ഫോറിന് തിരിച്ചടിയായത്. കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സില്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 42 പോയിന്റാണ് മനോരമയ്ക്കുള്ളത്. കഴിഞ്ഞ ആഴ്ച 45 പോയിന്റുണ്ടായിരുന്നു. അതായത് മൂന്ന് പോയിന്റ് കുറഞ്ഞു. മനോരമ പോരായ്മകള്‍ തിരിച്ചറിഞ്ഞ് മുമ്പോട്ട് വന്നാല്‍ ട്വന്റി ഫോറിന്റെ മൂന്നാം സ്ഥാനം നഷ്ടമാകും. കടുത്ത മത്സരം മൂന്നാം സ്ഥാനത്തിനായി മനോരമയും ട്വന്റി ഫോറിനും ഇടയില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഉപതിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് മലയാളി സാധാരണ താല്‍പ്പര്യം കാണിക്കും. ഈ ദിവസത്തെ എങ്ങനെ ചാനലുകള്‍ പ്രയോജനപ്പെടുത്തുമെന്നതാകും നിര്‍ണ്ണായകം.

അഞ്ചാമതുള്ള മാതൃഭൂമിയ്ക്ക് 46-ാം ആഴ്ചയില്‍ 33 പോയിന്റാണുള്ളത്. രണ്ടു പോയിന്റ് കുറഞ്ഞു. ജനം ടിവിക്ക് 23 പോയിന്റുണ്ട്. കൈരളി ന്യൂസിന് 21ഉം. അതായത് ആറും ഏഴും സ്ഥാനത്തുള്ള രാഷ്ട്രീയ ചാനലുകള്‍ക്ക് കോട്ടമൊന്നും ഉണ്ടാകുന്നില്ല. പ്രേക്ഷകരെ അവര്‍ അതു പോലെ നിലനിര്‍ത്തുന്നു. എട്ടാമതുള്ള ന്യൂസ് 18 കേരളയ്ക്ക് 12 പോയിന്റുണ്ട്. മീഡിയാ വണിന് ഒന്‍പതും. ന്യൂസ് കേരളയ്ക്കും മീഡിയാ വണ്ണിനും ഓരോ പോയിന്റ് കുറഞ്ഞിട്ടുണ്ട്.

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് - ആഴ്ച്ച 46 -ബ്രാക്കറ്റില്‍ പോയ വാരത്തെ പോയിന്റ്)

ഏഷ്യാനെറ്റ് ന്യൂസ് - 91 (92)

റിപ്പോര്‍ട്ടര്‍ ടിവി - 75 (78)

ട്വന്റി ഫോര്‍ - 55 (61)

മനോരമ ന്യൂസ് - 42 (45)

മാതൃഭൂമി ന്യൂസ് - 33 (35)

ജനം ടിവി - 23 (23)

കൈരളി ന്യൂസ് - 21 (21)

ന്യൂസ് 18 കേരള - 12 (13)

മീഡിയ വണ്‍ - 9 (10)

തിരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തമായ മേധാവിത്വം പ്രേക്ഷകര്‍ നല്‍കിയെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. പിജി സൂരേഷ് കുമാറന്റെ നേതൃത്തിലെ മോണിംഗ് സെക്ഷനും വിനു വി ജോണിന്റെ രാത്രി ചര്‍ച്ചയുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിന് കരുത്തായി മാറുകയാണ്.


മറ്റു ചാനലുകള്‍ക്കെതിരെ പലവിധ വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്നു. ഇതും ഏഷ്യാനെറ്റ് ന്യൂസിന് ഏതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമത് എത്താന്‍ വഴിയൊരുക്കിയെന്ന് വേണം വിലയിരുത്താന്‍.

Similar News