- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനിതികൾ എത്തിയതോടെ വീണ്ടും മുന്നേറി സംഘപരിവാർ ചാനൽ; ശബരിമലയിൽ വിവാദങ്ങൾ കത്തുമ്പോൾ നേട്ടമുണ്ടാക്കി ജനം ടിവി; പുതിയ ബാർക്ക് റേറ്റിംഗിൽ മാതൃഭൂമിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി ജനം; ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; അയ്യപ്പദാസിലൂടെ നേട്ടമുണ്ടാക്കി രണ്ടാം സ്ഥാനം ഉറപ്പിച്ച് മനോരമ; വാർത്താ ചാനലുകളിലെ റേറ്റിഗിനെ സ്വാധീനിക്കുന്നത് ശബരിമലയെന്ന് വീണ്ടും വ്യക്തം; പ്രോഗ്രാമിൽ ഫ്ളവേഴ്സിനെ പിന്തള്ളി മഴവിൽ വീണ്ടും രണ്ടാമത്
തിരുവനന്തപുരം: മലയാളത്തിലെ വാർത്താ ചാനൽ റേറ്റിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ശബരിമല തന്നെ. തുലാമാസ പൂജയ്ക്കും അട്ട ചിത്തിര നട തുറക്കലിനുമിടയിലാണ് ജനം ടിവിയെ കുറിച്ചുള്ള ചർച്ച തുടങ്ങുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ബാർക് റേറ്റിംഗിൽ ജനം നടത്തിയത്. ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടടുത്ത് വരെ ജനം റേറ്റിംഗിലെത്തി. ഇതോടെ ശബരിമലയിൽ യുവതി പ്രവേശനത്തെ പൂർണ്ണമായും അനുകൂലിക്കുന്ന തരത്തിൽ വാർത്ത നൽകിയ ചാനലുകൾ പിന്നോക്കം പോയി. ഇതോടെ വീണ്ടും ഏഷ്യാനെറ്റ് കുതിച്ചുയർന്നു. എന്നാൽ മണ്ഡല തീർത്ഥാടനത്തിന് നട തുറക്കുമ്പോഴും മറ്റുമെല്ലാം ജനം ടിവി രണ്ടാം സ്ഥാനത്ത് തുടർന്നു. ശബരിമലയിൽ യുവതികളെത്തില്ലെന്ന പൊതു ധാരണ എത്തിയതോടെ ജനം നാലാം സ്ഥാനത്തുമെത്തി. വീണ്ടും യുവതി പ്രവേശനം ചർച്ചയാക്കിയത് മധുരയിൽ നിന്നുള്ള മനിതകളുടെ വരവാണ്. ഇതോടെ വീണ്ടും ശബരിമല വിഷയം ആളിക്കത്തി. നേട്ടം ജനം ടിവിക്കും.
ഡിസംബർ 22 മുതൽ 28വരെയുള്ള ദിവസത്തെ ടാം റേറ്റിംഗാണ് ഇപ്പോൾ പുറത്തേു വന്നത്. മനിതികളും കനക ദുർഗയും ബിന്ദുവും ശബരിമലയിൽ എത്തി ഭക്തരുടെ എതിർപ്പ് മൂലം മടങ്ങി പോയത്. ഈ സമയത്ത് മണ്ഡല പൂജയും നടന്നു. രണ്ട് ദിവസമാണ് ഈ സമയത്ത് ശബരിമലയിൽ യുവതി പ്രവേശനം ആളിക്കത്തിയത്. ഇത് ജനം ടിവിയുടെ റേറ്റിംഗിലും പ്രതിഫലിച്ചു. വീണ്ടും ഉയർച്ച രേഖപ്പെടുത്തി ജനം ടിവി മൂന്നാം സ്ഥാനത്തെത്തി. പോയിന്റെ നിലയിൽ ഏറെ മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. എന്നാൽ രണ്ടാം സ്ഥാനത്തിനായി മനോരമ ന്യൂസും ജനം ടിവിയും തമ്മിൽ നടക്കുന്നത് കടുത്ത മത്സരമാണ്. ഡിസംബർ അവസാനവും പുതുവർഷ ദിനത്തിലുമെല്ലാം ശബരിമലയിലെ വിവാദങ്ങൾ പുതിയ തലത്തിലെത്തി. യുവതി പ്രവേശനവും നടന്നു. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചയിലെ ബാർക് റേറ്റിംഗും ചാനലുകൾക്ക് നിർണ്ണായകമാണ്. ശബരിമല വിഷയത്തിന്റെ സ്വാധീനം ഇതിലും തെളിഞ്ഞു നിൽക്കാനാണ് സാധ്യത.
ഏഷ്യാനെറ്റിന് 42,236 ഇപ്രഷൻസാണുള്ളത്. മനോരമയ്ക്ക് 22,763ഉം. ജനം ടിവി 22,436 പോയിന്റുമായി തൊട്ട് പിന്നിൽ. മാതൃഭൂമിക്കുള്ളത് 22,154 പോയിന്റും. ന്യൂസ് 18 കേരള അഞ്ചാമതാണെങ്കിലും 9647 പോയിന്റുമായി ഏറെ പിന്നിലും. റേറ്റിങ് പ്രസെന്റേജിൽ ഏഷ്യാനെറ്റിനുള്ളത് 134 പോയിന്റാണ്. മനോരമയ്ക്ക് 72ഉം ജനത്തിന് 71 പോയിന്റുമുണ്ട്. മാതൃഭൂമിക്ക് 70ഉം. ന്യൂസ് 18 കേരളയ്ക്ക് 30ഉം മീഡിയാ വണ്ണിന് 28ഉം. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗിൽ ജനം ടിവിയുടെ പോയിന്റ് അമ്പതിൽ താഴെയായിരുന്നു. ഇതാണ് വീണ്ടും ഉയർച്ച രേഖപ്പെടുത്തുന്നത്. മാതൃഭൂമിയെ മനോരമ മറികടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ശബരിമലയിൽ വിശ്വാസികളെ പിണക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ മനോരമ പതിപ്പിക്കുന്നുണ്ട്. അതിന്റെ വിജയമാണ് രണ്ടാം സ്ഥാനം.
ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും ഏകോപിപ്പിക്കുന്നത് അവതാരകനായ അയ്യപ്പദാസാണ്. തീവ്ര ഇടതു നിലപാടുള്ള ഷാനിയെ ഭക്തരുടെ വികാരം മാനിച്ചാണ് മനോരമ മാറ്റി നിർത്തുന്നതെന്നും സൂചനയുണ്ട്. ചാനലിന്റെ മുഖമായി അയ്യപ്പദാസിനെ ഉയർത്തിക്കാട്ടിയതിന്റെ വിജയമാണ് മനോരമയുടെ രണ്ടാം സ്ഥാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അപ്പോഴും സത്രീ പ്രവേശനത്തെ അനുകൂലിക്കുമെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഏഷ്യാനെറ്റിന് വലിയ വെല്ലുവിളി ഉയർത്താൻ ശബരിമലക്കാലത്തും ആർക്കും കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏതായാലും യുവതി പ്രവേശനം സാധ്യമായ ദിവസങ്ങളിലെ ബാർക് റേറ്റിങ് അടുത്ത ആഴ്ച പുറത്തു വരും. ശബരിമല എത്രമാത്രം റേറ്റിംഗിനെ സ്വാധീനിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പ്രോഗ്രാം ചാനലുകളിലെ റേറ്റിംഗിലും ഏഷ്യാനെറ്റാണ് മുന്നിൽ. രണ്ടാമത് മഴവിൽ മനോരമ കുതിച്ചെത്തി. ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സ് ടിവി മൂന്നാം സ്ഥാനത്താണ്. സൂര്യ ടിവി നാലാമതും. പ്രോഗ്രാമിൽ ഇടയ്ക്ക് രണ്ടാം സ്ഥാനത്തെത്തി ഫ്ളവേഴ്സ് കുതിപ്പ് കാട്ടിയിരുന്നു. അതായത് പുതിയ ബാർക്ക് റേറ്റിങ് പ്രകാരം ന്യൂസിലും പ്രോഗ്രാമിലും ആദ്യ രണ്ടു സ്ഥാനത്ത് ഏഷ്യാനെറ്റും മനോരമയുമാണ്. ക്രിസ്മസ് കാലത്ത് വ്യത്യസ്ത പരിപാടികളൊരുക്കിയാണ് ഫ്ളവേഴ്സിനെ പിന്തള്ളി മനോരമ രണ്ടാമത് എത്തുന്നത്. പുത്തൻ സിനിമകൾ സംപ്രേഷണം ചെയ്തതും മഴവില്ലിന് തുണയായി.
ശബരിമല വിഷയം കൂടുതൽ പ്രസക്തമായ സാഹചര്യത്തെ തുടർന്നാണ് ജനം ടിവി രണ്ടാമത് എത്തിയത്. വാർത്താ ചാനലുകളിൽ മുന്നിലെ സ്ഥാനം നിലനിർത്തുന്ന ഏഷ്യാനെറ്റിന് ജനം വലിയ വെല്ലുവിളി ഉയർത്തുന്ന സൂചനകൾ ചില ആഴ്ചയിലുണ്ടായിരുന്നു. എന്നാൽ നിലവിൽ ആ ഭീഷണി ഏഷ്യാനെറ്റ് ന്യൂസിനില്ല. അഞ്ചാം സ്ഥാനത്തിനായി പോരടിക്കുന്നത് ന്യൂസ് 18 കേരളയും മീഡിയാ വണ്ണുമാണ്. കോടികൾ നിക്ഷേപവുമായി പ്രക്ഷേപണം തുടങ്ങിയ ന്യൂസ് 18 കേരള അംബാനിയുടെ ചാനലാണ്. റേറ്റിംഗിൽ മുന്നേറാനാകാത്തത് ഇവിടെ വലിയ ചർച്ചയായി മാറിയിട്ടുമുണ്ട്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തിൽ വ്യാപക പ്രചരണം നടത്തിയ ജനം ടിവി പ്രേക്ഷകരിലേക്ക് അടുക്കുകയായിരുന്നു.
ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. നേരത്തെ മീഡിയ വൺ ചാനലിനും കൈരളി പീപ്പിളിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോൾ ജനം ടിവി കുതിപ്പു നടത്തിയത്. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്രദ്ധ നൽകുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി.
ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.