സ്ട്രിക്റ്റിലി കം ഡാന്‍സിംഗ് കിരീടം നേടി കാഴ്ച്ച പരിമിതനും പങ്കാളിയും; റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സര കിരീടം നേടി ക്രിസും ഡയാനയും; പരിമിതികള്‍ ഇല്ലാത്ത ലോകത്തെ ഓര്‍മിപ്പിച്ച് ഒരു നൃത്തോത്സവം
ലണ്ടന്‍: ബ്രിട്ടണിലെ സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ് മത്സരത്തിന്റെ 2024 ലെ സീസണില്‍ കിരീടമണിഞ്ഞത് ക്രിസ് മെക് കോസ്ലാന്‍ഡും അദ്ദേഹത്തിന്റെ പങ്കാളിയായ ഡയാന്‍ ബസ്സ്വെല്ലും. കാഴ്ചാ വെല്ലുവിളികള്‍ നേടുന്ന കോമേഡിയന്‍ കൂടിയായ ക്രിസ് മെക്കോസ്ലാന്‍ഡിന്റെ വിജയം ടെലിവിഷന്‍ ഷോകളുടെ ചരിത്രത്തില്‍ തന്നെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച മത്സരമായിരുന്നു ശനിയാഴ്ചയിലെ ഫൈനലില്‍ കണ്ടത്. ടാഷാ ഘാവ്‌റി, ജെ ബി ജില്‍, സാറാ ഹാഡ്‌ലാന്‍ഡ് എന്നീ എതിരാളികളെ അതീവ ഉദ്വേഗഭരിതമായ മത്സരത്തിലാണ് ക്രിസ്സും ഡയനും തറപറ്റിച്ചത്.
ടെസ്സ് ഡാലി, ക്ലൗഡിയ വിങ്കിള്‍മാന്‍ എന്നീ വിശിഷ്ടാതിഥികല്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ഫൈനല്‍ മത്സരങ്ങള്‍,ഇതുവരെ കണ്ടിട്ടില്ലാത്തത്ര വോട്ടുകളാണ് ഷോയ്ക്ക് നേടിക്കൊടുത്തത്. നിറകണ്ണുകളോടെയായിരുന്നു ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ക്രിസ് വിജയപ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. സഹ മത്സരാര്‍ത്ഥികളെ ആലിംഗനം ചെയ്ത ക്രിസ്സ്, അത്യാവേശത്തോടെ തന്റെ നൃത്ത പങ്കാളിയായ ഡയനിനെ തോളില്‍ എടുക്കുകയും ചെയ്തു. തികച്ചും അതിശയകരം, എന്താണ് പറയേണ്ടത് എന്നറിയില്ല, എന്നായിരുന്നു വിജയത്തെ കുറിച്ചുള്ള ആദ്യ പ്രതികരണം.
ആദ്യ ആഴ്ചയിലോ രണ്ടാമത്തേ ആഴ്ചയിലോ തന്നെ പുറത്താകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങള്‍ ഷോയില്‍ തുടരുകയായിരുന്നെന്നും, തന്നിലുള്ള കഴിവുകളെ മുഴുവന്‍ ഊറ്റിയെടുത്ത ഡയന്‍ ഈ ട്രോഫി നേടുന്നതില്‍ കഠിനാദ്ധ്വാനം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയനിന്റെ പോസിറ്റിവിറ്റിയും അതുപോലെ വിശ്വാസവുമാണ് ഈ ട്രോഫി നേടുന്നതില്‍ പ്രധാന കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
അവസരവും പിന്തുണയും ഉണ്ടെങ്കില്‍ എന്തും നേടാനാകും എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ട്രോഫി എന്ന് പറഞ്ഞ ക്രിസ്, ഡയനിനും പിന്നെ തങ്ങളെ പിന്തുണച്ച മറ്റെല്ലാവര്‍ക്കും വേണ്ടിയാണ് ഈ ട്രോഫി എന്നും പറഞ്ഞു. ജെറിയും പീസ്‌മേക്കേഴ്സും ചേര്‍ന്ന് ഹിറ്റ് ആക്കിയ യു വില്‍ നെവര്‍ വാക്ക് എലോണ്‍ എന്ന പാട്ടിനൊപ്പമുള്ള ചുവടുവയ്പിനാണ് ക്രിസ്സിന് ആദ്യത്തെ പെര്‍ഫക്റ്റ് സ്‌കോര്‍ ആയ 40 പോയിന്റുകള്‍ ലഭിച്ചത്. ഈ സീരീസിലെ അദ്ദേഹത്തിന്റെ അവസാന നൃത്തമായിരുന്നു. കാണികളെയും ജഡ്ജിമാരെയും കണ്ണീരിലാഴ്ത്തിയ പ്രകടനമായിരുന്നു ക്രിസ്സ് കാഴ്ചവെച്ചത്.
അന്ധരായവരോടും മറ്റ് അംഗപരിമിതരോടും ജനങ്ങള്‍ക്കുള്ള സമീപനം മാറ്റാന്‍ തനിക്ക് കഴിയുമെന്നാണ് വിശ്വാസം എന്ന് ഷോയില്‍ സംസാരിക്കവെ ക്രിസ് പറഞ്ഞിരുന്നു. താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ മകള്‍ അസ്വസ്ഥയായെന്ന് അദ്ദേഹം പറഞ്ഞു. ഭയത്തോടെ ആധിയോടും കൂടിയാണെങ്കിലും 11 കാരിയായ മകള്‍ തന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ടായിരുന്നെന്നും 47 കാരനായ ക്രിസ്സ് പറഞ്ഞു.