മനോരമയുടെ വാര്‍ത്ത താരത്തെ തേടിയുള്ള യാത്രയില്‍ യുകെ മലയാളിയും; പ്രവാസ മലയാളികള്‍ക്ക് അന്യമായിരുന്ന പുരസ്‌കാര പട്ടികയിലേക്ക് ആദ്യമെത്തുന്ന വിദേശ മലയാളിയും സോജന്‍ ജോസഫ് തന്നെ; ബ്രിട്ടനിലെ ആദ്യ മലയാളി എംപിക്ക് ജന്മനാടിന്റെ അപൂര്‍വ ആദരമായി ന്യൂസ് മേക്കര്‍ മാറുമ്പോള്‍
ലണ്ടന്‍: മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം 18 ന്റെ നിറ യൗവനത്തില്‍ എത്തുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രവാസി മലയാളിയും മത്സര പട്ടികയില്‍. കേരളത്തില്‍ വാര്‍ത്തകളിലൂടെ സ്വാധീനം ആകുന്നവരെ കണ്ടെത്താന്‍ ഉള്ള മത്സരത്തില്‍ ആദ്യമായി ഒരു പ്രവാസി കടന്നു വരുമ്പോള്‍ അത് യുകെ മലയാളിയായി മാറിയിരിക്കുന്നു എന്നതും വമ്പന്‍ ട്വിസ്റ്റ് ആകുകയാണ്. ഗള്‍ഫിലും അമേരിക്കയിലും ഒക്കെ വര്‍ഷങ്ങളായി സ്വാധീന ശക്തികളായ നൂറുകണക്കിന് മലയാളി ബിസിനസ് പ്രമുഖരും മറ്റും ഉണ്ടെങ്കിലും അവരെയൊക്കെ കടത്തി ഇന്ത്യയെ രണ്ടു നൂറ്റാണ്ട് കാല്‍ക്കീഴിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര ഇടനാഴിയിലേക്ക് ജനാധിപത്യ വഴികളിലൂടെ എത്തിയ ആദ്യ മലയാളിയായ സോജന്‍ ജോസഫ് എംപിയാണ് ഈ വര്‍ഷത്തെ മനോരമ ന്യൂസ് മേക്കര്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
സോജന്റെ ജൈത്രയാത്രകളില്‍ ഉടനീളം യുകെ മലയാളികളുടെ സ്നേഹാദരങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറിയതും. ഇക്കാര്യം അഭിമാനത്തോടെ തന്നെ സോജന്‍ ഏതു വേദിയിലും പറയുന്നതും യുകെ മലയാളികള്‍ക്ക് ഒന്നാകെ ഉള്ള അംഗീകാരമായി മാറുകയാണ്.
മറ്റൊരു പ്രവാസി സമൂഹത്തിനും ലഭിക്കാത്ത നേട്ടം യുകെ മലയാളികളെ തേടി എത്തുന്നത് സോജനിലൂടെ
ഇപ്പോള്‍ മറ്റു പ്രവാസി സമൂഹത്തില്‍ ആര്‍ക്കും ലഭിക്കാത്ത ഒരംഗീകാരം സോജനിലൂടെ യുകെ മലയാളികളെ തേടി എത്തുന്നു എന്നതാണ് മനോരമ ന്യൂസ് മേക്കര്‍ ലിസ്റ്റ് തെളിയിക്കുന്നത്. സോജന്‍ ജൂലൈ നാലിന് ആഷ്‌ഫോഡില്‍ അട്ടിമറി വിജയം നേടും മുന്‍പ് തന്നെ അക്കാര്യം മറുനാടന്‍ പ്രവചിക്കുമ്പോള്‍ സോജന്‍ സൃഷ്ടിക്കുന്നത് പ്രവാസി മലയാളി ചരിത്രത്തിലെ ആര്‍ക്കും മറികടകനാകാത്ത സുവര്‍ണ നേട്ടം കൂടിയാണെന്നും വിലയിരുത്തിയിരുന്നു. ഏതാനും മാസം മുന്‍പ് മനോരമ തന്നെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ബ്രിട്ടനിലെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുറന്നു പറഞ്ഞ സോജന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. യുകെയിലേക്കുള്ള പ്രവാസം ആഗ്രഹിച്ചു പതിനായിരക്കണക്കിന് മലയാളികള്‍ കേരളത്തില്‍ കാത്തിരിക്കവെ, എല്ലാവരും കരുതുന്ന വിധം പത്രാസ് നിറഞ്ഞ ജീവിതമല്ല യുകെയിലെ സാധാരണക്കാരുടേത് എന്നാണ് സോജന്‍ കൃത്യമായി പറഞ്ഞതും.
ഇക്കാര്യങ്ങള്‍ പലപ്പോഴും തുറന്നെഴുതുമ്പോള്‍ വിമര്‍ശത്തിന്റെ കല്ലേറ് എത്തുമായിരുന്നിടത്തു നിന്നുമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളവര്‍ അടക്കം യുകെയിലെ യാഥാര്‍ഥ്യ ജീവിതത്തെ കുറിച്ച് കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത്. ബ്രിട്ടനിലേക്കുള്ള റിക്രൂട്മെന്റിന് ലക്ഷകണക്കിന് രൂപ നല്‍കി കാത്തിരിക്കുന്ന ഓരോ മലയാളിയും കണ്ണ് തുറന്നു കാണേണ്ടതും കേള്‍ക്കേണ്ടതുമാണ് സോജന്‍ മനോരമയുടെ കോണ്‍ക്ലേവില്‍ പങ്കുവച്ച ജീവിത യാഥാര്‍ഥ്യങ്ങള്‍. കേരളത്തിലെ പൊതു സമൂഹത്തിനു സോജന്‍ അത്ര പരിചിതന്‍ അല്ലാത്തതും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഒളിമ്പിക് താരം പി ആര്‍ ശ്രീജേഷും രാഷ്ട്രീയ അതികായരായ കെ മുരളീധരനും ഷാഫി പറമ്പിലും ഇ പി ജയരാജനും ഒക്കെ എത്തിയിരിക്കുന്ന ലിസ്റ്റില്‍ നിന്നും അന്തിമ പട്ടികയിലേക്ക് യുകെയിലെ മലയാളി എംപി കടന്നു കയറുമോ എന്ന് കണ്ടറിയേണ്ട കാര്യം കൂടിയാണ്. പക്ഷെ ഇതാദ്യമായി ഒരു പ്രവാസി മലയാളി എന്ന നിലയില്‍ ന്യൂസ് മേക്കര്‍ ലിസ്റ്റില്‍ ഇടം പിടിച്ചതോടെ സോജന്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്. ആ നേട്ടം തട്ടിയെടുക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല എന്നതാണ് ന്യൂസ് മേക്കര്‍ ലിസ്റ്റില്‍ സോജനെ വത്യസ്തനാക്കുന്നത് .
ലോകമെങ്ങും ഏറ്റവും കൂടുതല്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നതും പോയതുമായ വര്‍ഷം കൂടിയാണ് 2024. അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലും തുടങ്ങി ഭൂരിഭാഗം രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടന്ന വര്‍ഷമാണ് കടന്നു പോകുന്നത്. ലോക് സഭ തിരഞ്ഞെടുപ്പും ഉപ തെരഞ്ഞെടുപ്പുകളും കൂടി വന്നതോടെ കേരളത്തിലും ജന നായകര്‍ സൃഷ്ടിക്കപ്പെട്ടു.. ഒപ്പം വിവാദ താരങ്ങളും. തിരഞ്ഞെടുപ്പിലൂടെ കടന്നു വന്നു ചരിത്ര സൃഷ്ടാവായ വ്യക്തി എന്ന പരിഗണനയാകും സോജന്റെ കാര്യത്തിലും സംഭവിച്ചിരിക്കുക എന്ന് മാത്രമേ ഇപ്പോള്‍ അനുമാനിക്കാനാകൂ.
പ്രവാസി സമൂഹങ്ങളെ സംബന്ധിച്ച് ചരിത്രപരമാണ് സോജന്റെ എന്‍ട്രി എന്നത് കഴിഞ്ഞ 17 വര്‍ഷങ്ങളിലെ പട്ടികയിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യക്തമാകും. 17 വര്‍ഷം മുന്‍പ് ആദ്യമായി ന്യൂസ് മേക്കര്‍ പുരസ്‌കാരം എത്തിയത് അന്ന് കത്തിജ്വലിച്ചു നിന്നിരുന്ന വിഎസ് അച്യുതാനന്ദന്റെ കൈകളിലേക്കാണ്. തൊട്ടടുത്ത വര്‍ഷം ബാലന്‍സിംഗ് എന്ന് ഓര്‍മപ്പെടുത്തും വിധം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയെന്നു പുറം ലോകം വിലയിരുത്തുന്ന സ്വന്തം പാര്‍ട്ടിയിലെ പിണറായി വിജയന്‍ ന്യൂസ് മേക്കര്‍ ആകുകയും ചെയ്തു. പിണറായിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിസാരമല്ലാത്ത സംഭാവനയും ന്യൂസ് മേക്കര്‍ നല്‍കിയിട്ടുണ്ട്. പിന്നീട് തുടര്‍ച്ചയായി കലാകായിക രംഗത്തും പൊതു സാമൂഹ്യ രംഗത്തും ഉള്ളവര്‍ ന്യൂസ് മേക്കര്‍ പുരസ്‌കാരം നെഞ്ചേറ്റുന്ന കാഴ്ചയാണ് കേരളം കണ്ടത്.
സിനിമാക്കാരില്‍ ആദ്യമായി മഞ്ജു വാര്യരും ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മോഹന്‍ലാലും ന്യൂസ് മേക്കര്‍ ആയതു യാദൃശ്ചികതയായി. പിന്നീട് ന്യൂസ് മേക്കര്‍ പുരസ്‌കാരം എത്തുന്നത് മഹാപ്രളയത്തില്‍ രക്ഷകരായി എത്തിയ മല്‍സ്യത്തൊഴിലാളികളിലേക്കാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂസ് മേക്കര്‍ മൂന്നു തവണയും ഊഴമിട്ടു വീണ്ടും രാഷ്ട്രീയകകരുടെ കൈകളിലേക്ക് തന്നെയാണ് എത്തിയത്. അവസാന വിജയിയായി മാറിയത് ഐ എസ ആര്‍ ഒ ചെയര്‍മാനായ എസ് സോമനാഥുമാണ്.