പന്നിയുടെ വൃഷണവും ആടിന്റെ ഗുദഭാഗവും ചേര്‍ത്ത കോക്‌റ്റൈല്‍ കഴിച്ചിരിക്കുമ്പോള്‍ ഐ ആം എ സെലിബ്രെറ്റി ക്യാമ്പിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തി രണ്ട് ആണ്‍മക്കള്‍; നിയന്ത്രണം വിട്ടോടിയെത്തി കെട്ടിപ്പുണര്‍ന്ന് കൊളീന്‍ റൂണി
ലണ്ടന്‍: അതിജീവനത്തിന്റെ റിയാലിറ്റി ഷോ എന്നാണ് ബ്രിട്ടണിലെ ഐ ആം സെലിബ്രിറ്റി ഷോ അറിയപ്പെടുന്നത്. ഐ ആം സെലിബ്രിറ്റി, ഗെറ്റ് മെ ഔട്ട് ഹിയര്‍ എന്നതാണ് ഷോയുടെ പൂര്‍ണ്ണമായ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കൂട്ടം സെലിബ്രിറ്റികളെ, ജീവിക്കാന്‍ ദുഷ്‌കരമായ, വനാന്തരങ്ങള്‍ പോലുള്ള ഭാഗത്ത് കൊണ്ടു പോയി താമസിപ്പിക്കുന്നതാണ് ഷോയുടെ കാതല്‍, സാധാരണ നാടുകളിലും നാട്ടിന്‍പുറങ്ങളിലും ലഭിക്കുന്ന ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ അവിടെ ലഭ്യമാകില്ല.
ജീവിതം തീര്‍ത്തും അസാധ്യമെന്ന് തോന്നുന്ന ചുറ്റുപാടില്‍ ജീവിച്ചു വിജയിക്കുന്നവര്‍ക്കാണ് ഇതില്‍ സമ്മാനം ലഭിക്കുക. ഈ ജീവിതത്തിനിടയില്‍, ഒപ്പമുള്ളവര്‍ക്കായി, അധിക ഭക്ഷണവും,മറ്റ് സൗകര്യവുമൊരുക്കാന്‍ ഓരോ അംഗവും ശ്രദ്ധിക്കും. കാണികള്‍ വോട്ട് ചെയ്ത് പുറത്താക്കാതിരിക്കാനാണിത്. 2002 ല്‍ ആയിരുന്നു ഈ റിയാലിറ്റി ഷോ ആരംഭിച്ചത്. ഇപ്പോള്‍ ഈ ഷോയില്‍ പങ്കെടുക്കുന്ന, പ്രമുഖ മാധ്യമ അവതാരകയും, എഴുത്തുകാരിയുമായ കൊളീന്‍ റൂണിയാണ് ഈ പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്.
തീര്‍ത്തും അറപ്പുളവാക്കുന്ന ചേരുവകളടങ്ങുന്ന കോക്ടെയില്‍ അനായാസേന കുടിച്ച് കാണികളുടെ കൈയ്യടി നേടിയിരിക്കുകയാണവര്‍. വെള്ളിയാഴ്ചയിലെ എപ്പിസോഡ് കഴിഞ്ഞതോടെ റൂണി ഫൈനലില്‍ എത്തുമെന്നാണ് കാണികളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. സഹപങ്കാളികളായ ദി വാഗ്, റെവറണ്ട് റിച്ചാര്‍ഡ് കോള്‍സ് എന്നിവര്‍ അറപ്പോടെ ആ കോക്ടെയിനിലെ നോക്കിയപ്പോള്‍, റൂണി തികച്ചും ശാന്തയായായിരുന്നു അത് കുടിച്ചത്. ആടിന്റെ ഗുദദ്വാരവും, പന്നിയുടെ പുരുഷ ലൈംഗികാവയവവും കൂട്ടിക്കലര്‍ത്തിയതായിരുന്നു ആ കോക്ടെയില്‍.
കൊടുങ്കാട്ടിനുള്ളില്‍ ഒരുക്കിയ ഒരു ടെന്റിനകത്ത് ഒരുമിച്ച് താമസിക്കുന്ന മത്സരാര്‍ത്ഥികള്‍, പരസ്പരം പോരടിക്കുകയും, സഹായിക്കുകയും, വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെടുകയും, തമാശകള്‍ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഏതായാലും, അപൂര്‍വ്വ കോക്ടെയില്‍ ശാന്തയായി കുടിച്ചിറക്കിയതോടെ 'കാനന റാണി' എന്ന പേരും കൂളിന് വീണിരിക്കുകയാണ്. അവരുടെ വയറ്റില്‍ ഇത്തരം സാധനങ്ങളൊക്കെ എങ്ങനെ ദഹിക്കുന്നു എന്നാണ് ആരാധകര്‍ അദ്ഭുതത്തോടെ ചോദിക്കുന്നത്. ഇത് മാത്രമായിരുന്നില്ല, ക്യാമ്പിലെ ഭക്ഷണം, പുഴുക്കളും മറ്റും നുരയ്ക്കുന്ന പഴങ്ങളും മുതലയുടെ ഗുദഭാഗവും കൂട്ടിക്കലര്‍ത്തിയുള്ള ഊണും അവിടെ തയ്യാറായിരുന്നു.
കഠിനമായ ദൗത്യം പുഷ്പം പോലെ പൂര്‍ത്തിയാക്കിയ റൂണിക്ക് തികച്ചും അദ്ഭുതവും ഏറെ സന്തോഷവും നല്‍കിയതായിരുന്നു വെള്ളിയാഴ്ചയിലെ വൈകാരിക എപ്പിസോഡ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ കാണാന്‍ എത്തുന്ന ഈ എപ്പിസോഡില്‍ റൂണിയുടെ അമ്മയാണ് ആദ്യം എത്തിയത്. അതീവ സന്തോഷത്തോടെ അവര്‍ ഓടിയടുത്ത് അമ്മയെ കെട്ടിപ്പിടിച്ച് ചുംബനമര്‍പ്പിച്ചു. മാത്രമല്ല, അമ്മയെക്കണ്ട അമിതാവേശത്തില്‍ ഇനി തന്നെ വിട്ട് പോകരുതെന്ന് വരെ അവര്‍ പറഞ്ഞു.
അതുകൊണ്ടും തീരുന്നില്ല റൂണിയുടെ സര്‍പ്രൈസ്. പുറകില്‍ നിന്നും ഒരു ചെറിയ, ബൂ എന്ന അലര്‍ച്ച കേട്ട് തിരിഞ്ഞു നോക്കിയ റൂണി കണ്ടത് തന്റെ മക്കളെയായിരുന്നു. എട്ട് വയസ്സുകാരനായ മകന്‍ കിറ്റ് ആയിരുന്നു അത്. അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടവന്‍ തന്റെ സ്‌നേഹം പ്രകടമാക്കി. ഏറെനാള്‍ കൂടി നേരിട്ട് കാണുന്നതിനാലാകാം, ഏറെ കഥകള്‍ പറയാനുണ്ടായിരുന്നു, അമ്മയ്ക്കും മകനും. തന്റെ ഫുട്‌ബോള്‍ വിശേഷങ്ങളായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിറ്റിന് ഏറെ പറയാനുണ്ടായിരുന്നത്. പിന്നെ റൂണി, തന്റെ അമ്മയെയും രണ്ട് മക്കളെയും കൂട്ടി ക്യാമ്പിലെ വിശേഷങ്ങളൊക്കെ നേരിട്ട് കാണിച്ചു.