- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിയോപാട്ര കറുത്ത വർഗ്ഗക്കാരിയാണോ? നെറ്റ്ഫ്ളിക്സിന്റെ പുതിയ ഡോക്യു ഡ്രാമ വൻ വിവാദത്തിൽ; കറുത്തവർഗ്ഗക്കാരിയായ ബ്രിട്ടീഷ് നടിയെ ക്ലിയോപാട്ര ആക്കിയത് ഈജിപ്ഷ്യൻ ചരിത്രത്തിന്റെ ദുർവ്യാഖ്യാനം എന്ന് ആരോപിച്ച് ഈജിപ്തും
മാറിടത്തിൽ ആഞ്ഞാഞ്ഞു കൊത്തിയ കരിമൂർഖന്റെ വിഷമേറ്റുവാങ്ങി മണ്ണിൽ നിന്നും വിട്ചൊല്ലിപ്പിരിഞ്ഞ ക്ലിയോപാട്ര, ഈജിപ്തിന്റെ അവസാനത്തെ ഫറോവ. മരിച്ച് രണ്ടായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ആ സുന്ദരി വിവാദത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നില്ല. ജൂലിയസ് സീസറുമായും മാർക്ക് ആന്റണിയുമായും ബന്ധം കാത്തു സൂക്ഷിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ക്ലിയോപാട്ര ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത് വംശീയതയുടെ പേരിലാണ്.
നാലു ഭാഗങ്ങളിലായി നെറ്റ്ഫ്ളിക്സ് അവതരിപ്പിക്കുന്ന ക്യുൻ ക്ലിയോപാട്ര എന്ന പുതിയ ഡ്രാമ ഡോക്യൂമെന്ററിയാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. സമ്മിശ്ര വംശീയതയുള്ള അഡിൽ ജെയിംസ് എന്ന നടിയാണ് ഇതിൽ ക്ലിയോപാട്രയുടെ വേഷത്തിൽ എത്തുന്നത്. ഇതാണ് ഇപ്പോൾ വിവാദമാകുന്നത്. ഈജിപ്ഷ്യൻ ചരിത്രത്തിലും പൈതൃകത്തിലും വിദഗ്ധ പഠനം നടത്തിയവർ പറയുന്നത് ഫറോവൻ വംശജരെല്ലാവരും വെളുത്ത തൊലിയുള്ളവർ ആയിരുന്നു എന്നാണ്.
വെളുത്ത ചർമ്മവും, യവനസുന്ദരികളുടെ ആകാരവടിവുമായിരുന്നു ക്ലിയോപാട്രക്ക് എന്ന് അവർ പറയുന്നു. ഇക്കാര്യങ്ങൾ എല്ലാം വിശദമായി പ്രതിപാദിച്ചുകൊണ്ട്, അനേകം വിദഗ്ധരുടെ കുറിപ്പുകൾ സഹിതം ഈജിപ്ഷ്യൻ പൈതൃക മന്ത്രാലയം ഈയാഴ്ച്ച ഒരു കുറിപ്പ് ഇറക്കുകയും ചെയ്തു. ഈജിപ്തിലെ സുപ്രീം ആന്റിക്വിറ്റി കൗൺസിൽ തലവൻ ആയ മോസ്റ്റഫ വാസിരി പറയുന്നത് ക്ലിയോപാട്രയെ കറുത്ത വർഗ്ഗക്കാരിയായി ചിത്രീകരിക്കുന്നത് ഈജിപ്തിന്റെ ചരിത്രത്തെയും പൈതൃകത്തേയും നിഷേധിക്കുന്നതിന് തുല്യമാണെന്നാണ്.
അതേസമയം, ക്ലിയോപാട്രയുടെ വംശീയതക്കല്ല ഡോക്യൂമെന്ററിയിൽ ഊന്നൽ നൽകുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. എന്നാൽ, സമ്മിശ്ര വംശീയതയുള്ള ഒരു നടിയെ ഇതിനായി തെരഞ്ഞെടുത്തത് മനഃപൂർവ്വമാണെന്നും അവർ പറയുന്നു. ക്ലിയോപാട്രയുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്തങ്ങളായ പല തീയറികളും ഈ സമ്മിശ്ര വംശീയതയിൽ പ്രതിഫലിക്കും. മാത്രമല്ല, ഈജിപ്തിന്റെ വിവിധ്യമാർന്ന സംസ്കാരവും ഇതിലൂടെ സൂചിപ്പിക്കാൻ കഴിയും എന്ന് അവർ അവകാശപ്പെടുന്നു.
ബി സി 69 ൽ ഈജിപ്ഷ്യൻ നഗരമായ അലക്സാൻഡ്രിയയിൽ ആയിരുന്നു ക്ലിയോപാട്ര ജനിച്ചത്. തന്റെ പിതാവ് ടോളെമി പന്ത്രണ്ടാമന്റെ മരണശേഷം ഈജിപ്തിന്റെ ഫറോവയായി ഭരണമേറ്റെടുത്ത അവർ ബി സി 30 ൽ മരണമടയും വരെ ആ സ്ഥാനത്ത് തുടർന്നു.ഇവരുടെ മരണശേഷം ഈജിപ്ത് റോമാ സാമ്രാജ്യത്തിന്റെ കീഴിലായി. ക്ലിയോപാട്രയുടെ മാതാവ് ആരെന്നത് ചരിത്രരേഖകളിൽ വ്യക്തമാക്കിയിട്ടില്ല.
ചില ചരിത്രകാരന്മാർ പറയുന്നത് തികഞ്ഞ് ഈജിപ്ഷ്യൻ വംശജയാണെന്നാണ്. എന്നാൽ, മറ്റു ചിലർ പറയുന്നത് ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിൽ എവിടെയോ ജനിച്ച ഒരു സ്ത്രീ ആണെന്നാണ്. തന്റെ നാടകമായ ആന്റണി ആൻഡ് ക്ലിയോപാട്രയിൽ ഷേക്സ്പിയർ ക്ലിയോപാട്രയെ വർണ്ണിക്കുന്നത് ഇരുണ്ടനിറക്കാരി എന്നാണ്. നവോഥാനകാലത്തെ പല ചിത്രരചനകളിലും ക്ലിയോപാട്രയെ കറുത്ത വർഗ്ഗക്കാരിയായി ചിത്രീകരിച്ചിട്ടുമുണ്ട്.
ഒരു രാജ്ഞി, നയതന്ത്രജ്ഞ, അസാധാരണ ബുദ്ധിവൈഭവത്തിന് ഉടമ എന്നിവക്കൊക്കെ പുറമേ തന്റെ പൈതൃകം തർക്കവിഷയമായ സ്ത്രീ എന്ന പേരിലും ക്ലിയോപാട്ര ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഓരോ തവണയും ക്ലിയോപാട്രയുടെ വംശീയത ചർച്ചാ വിഷയമാകുമ്പോൾ, വർത്തമാനകാല വംശീയ സങ്കല്പങ്ങൾ ആയിരുന്നില്ല ക്ലിയോപാട്രയുടെ കാലത്തേതെന്ന് ആരും ഓർക്കുന്നില്ല എന്ന് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.
മറുനാടന് ഡെസ്ക്