- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസ് വൈകിയതിന് പിന്നിൽ നിർമ്മാതാവിന്റെ ചതി; ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തിൽ ലിസ്റ്റിനാണ് ഏറ്റെടുത്തത്; ഒടുവിൽ നിവിൻ പോളി ചിത്രം തുറമുഖം നാളെ തിയേറ്ററുകളിലേക്ക്
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് നാളെ പ്രദർശനത്തിന് എത്തുകയാണ്.
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തുറമുഖം റിലീസിനൊരുങ്ങുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
മൂന്നു തവണയാണ് തുറമുഖത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്റെ റിലീസ് ഇത്രയും വൈകിയതിന്റെ പിന്നിൽ നിർമ്മാതാവിന്റെ ചതിയാണെന്ന് നിവിൻ പോളി പറഞ്ഞു.
കൊച്ചിയിൽ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിൻ.മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റാവുന്ന ബഡ്ജറ്റിൽ ചെയ്ത ഒരു സിനിമയാണിത്.
സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിർമ്മാതാക്കൾ ഈ പടത്തിൽ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂർവമായ കാര്യം അല്ല.
പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പുണ്ടായിട്ടും അഭിനയിതച്ചവരോട് പ്രമോഷന് വേണ്ടി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു, സിനിമയുടെ മുഴുവൻ സാമ്പത്തിക ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെങ്കിൽ റിലീസ് ചെയ്യാമെന്ന് നിർമ്മാതാവ് പറഞ്ഞതായും നിവിൻ വ്യക്തമാക്കി, കോടികളുടെ ബാദ്ധ്യത ആ സമയത്ത് തന്റെ തലയിൽ വയ്ക്കാൻ പറ്റില്ലായിരുന്നു, അതിനാലാണ് അന്ന് സിനിമ റിലീസ് ആകാതിരുന്നതെന്നും നിവിൻ വെളിപ്പെടുത്തി. ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകൾ അഴിക്കാൻ നിലവിലെ നിർമ്മാതാവ് ലിസ്റ്റിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിവിൻ പറയുന്നു. ഇക്കാര്യത്തിൽ ലിസ്റ്റിനോട് കടപ്പാടുണ്ടെന്നും നിവിൻ പറഞ്ഞു.
1962 വരെ കൊച്ചിയിൽ നില നിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ , സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്.
ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകൻ ഗോപൻ ചിദംബരമാണ്. എഡിറ്റിങ് ബി. അജിത്കുമാർ, കലാസംവിധാനംഗോകുൽദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരംസമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർദീപക് പരമേശ്വരൻ.