- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Channel
- /
- MINI SCREEN
ജാസ്മിൻ ജാഫർ ജീവിതം പറയുമ്പോൾ
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം വിജയകരമായി അതിന്റെ ആറാം പതിപ്പും പൂർത്തിയാക്കിയിരിക്കുകയാണ്.കഴിഞ്ഞ് അഞ്ച് പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഒന്നു മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ ആരംഭിച്ച സീസൺ 6ൽ പുതിയ കാഴ്ച്ചകൾക്കും രീതികൾക്കുമാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.അതിൽ ഏറ്റവും ശ്രദ്ധേയയായ മത്സരാർത്ഥിയായിരുന്നു ഇൻഫ്ലുവൻസർ കൂടിയായ ജാസ്മിൻ ജാഫർ.ബിഗ്ബോസ് മലയാളത്തിന്റെ ഇന്നോളമുള്ള ആറ് അധ്യായങ്ങളിൽ പ്രേക്ഷകർ കണ്ട ഏറ്റവും വലിയ സർവൈവർ എന്ന ഖ്യാതിയോടെയാണ് ജാസ്മിൻ ബിഗ്ബോസ് ഹൗസിലെ 100 ദിവസങ്ങൾ പൂർത്തിയാക്കി 3 ാം സ്ഥാനത്തോടെ മടങ്ങുന്നത്.
പലയിടത്തും ചുവടുകൾ പിഴച്ചുപോയ, വ്യാപകമായ സൈബർ അറ്റാക്ക് നേരിട്ട, വ്യക്തിത്വവും ധാർമ്മികതയും വരെ ഇതുപോലെ ഓഡിറ്റ് ചെയ്യപ്പെട്ട മറ്റൊരു മത്സരാർത്ഥിയും മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ വേറെ കാണില്ല.എന്നിട്ടും, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉള്ളിലെ പോരാട്ടവീര്യത്തോടെ മുന്നോട്ടു നടക്കുകയായിരുന്നു ജാസ്മിൻ.അതിന് ജാസ്മിനെ പ്രാപ്തയാക്കിയത് ചെറുപ്രായത്തിൽ തന്നെ അനുഭവിച്ച സമാനതകളില്ലാത്ത ജീവിത പ്രതിസ്ന്ധികളാണ്.അച്ഛൻ ഉണ്ടാക്കി വെച്ച ലക്ഷങ്ങളുടെ കടമാണ് തന്റെ ചെറുപ്രായത്തിൽ തന്നെ ജാസ്്മിൻ വീട്ടിയതും കുടുംബത്തെ രക്ഷിച്ചതും.
കമ്മലിട്ടതിന് വഴക്ക് കേട്ട ബാല്യം.. ഇൻഫ്ളുവൻസറായത് കുടുംബത്തെ രക്ഷിക്കാൻ
ജീവിതാനുഭവത്തിന്റെ തീച്ചുളയിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സോഷ്യൽ മീഡിയ ചിറകിലേറി പറന്നുവന്നയാളാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസ് മലയാളം സീസൺ 6 ന്റെ വേദിയിലെ തീപാറും പോരാട്ടത്തിൽ ജാസ്മിൻ താങ്ങി നിർത്തിയതും ഇ പാഠങ്ങൾ തന്നെ.സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വ്ളോഗറുമായ ഇരുപത്തിമൂന്നു വയസ്സുകാരി എന്ന മേൽവിലാസത്തിലാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. ജാസ്മിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊണ്ട് മോഹൻലാൽ പറഞ്ഞത് 'ചെറുപ്രായത്തിൽ തന്നെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പെൺകുട്ടി' എന്നതായിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന നിലയിൽ ജാസ്മിൻ പ്രേക്ഷകർക്ക് പരിചിത മുഖമാണെങ്കിലും ജാസ്മിന്റെ അതിജീവന കഥകൾ പ്രേക്ഷകർ അറിഞ്ഞത് ഷോയിലെ വെളിപ്പെടുത്തലിലൂടെയാണ്.മദ്യപിക്കുന്നതിനേക്കാൾ ഏറ്റവും മോശമായ കാര്യമായിട്ട് എനിക്ക് തോന്നിയത് ചീട്ട് കളിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവങ്ങൾ ജാസ്മിൻ വിവരിച്ച് തുടങ്ങിയത്.അനിയൻ ജനിച്ച് ഒരു വർഷം വരെ കുടുംബ വീട്ടിലായിരുന്നു തങ്ങൾ താമസിച്ചിരുന്നത്. അവിടെ എന്ത് ചെയ്താലും കുഴപ്പമായിരുന്നു.അത് തൊടാൻ പാടില്ല, ഇത് തൊടാൻ പാടില്ല എന്നായിരുന്നു.ഓർക്കാപ്പുറത്ത് ഒരു ദിവസം അവിടെ നിന്നും മാറി താമസം മാറ്റേണ്ടി വന്നു.തുടർന്നുള്ള താമസം തകരഷീറ്റു കൊണ്ടുള്ള വളരെ ചെറിയൊരു ഷെഡ്ഡിലായിരുന്നു.ഒരു വർഷം അവിടെയായിരുന്നു.
തുടർന്ന് അത്ത മീൻ കച്ചവടം ആരംഭിക്കുകയും മെല്ലമെല്ലെ മെച്ചപ്പെട്ട് സ്വന്തമായി ഒരു വീട് വെക്കുകയും ചെയ്തു.ഇടുങ്ങിയ ചിന്താഗതിയുള്ള ഗ്രാമമാണ് തന്റേത്.ഫോട്ടോയെടുക്കുന്നതും ഒരുങ്ങി നടക്കുന്നതുമൊക്കെ കണ്ടാൽ ഇവൾ പോക്കാണെന്ന മട്ടിലായിരുന്നു സംസാരിക്കുക.ഒരു കമ്മൽ ഇട്ടതിന് വാപ്പയോട് കുറ്റം പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് വാപ്പ തന്നെ വഴക്കു പറഞ്ഞിട്ടുണ്ടെന്നും ജാസ്മിൻ പങ്കുവെക്കുന്നുണ്ട്.തുടക്കത്തിൽ സാമ്പത്തിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.ഇതിനിടയിലാണ് അത്ത ചീട്ട് കളി ആരംഭിക്കുന്നത്.അത്ത ഭയങ്കരമായി ചീട്ട് കളിക്കും.അത് കളിച്ച് ഒരുപാട് ഉണ്ടാക്കിയിട്ടുമുണ്ട്.അതിന്റെ പത്തിരട്ടി നശിപ്പിച്ചിട്ടുമുണ്ട്.പൈസ ഉണ്ടാക്കിയപ്പോഴും കളഞ്ഞപ്പോഴും വീണ്ടും തിരിച്ചുവരുമെന്ന വലിയ ആത്മവിശ്വാസം അത്തയ്ക്കുണ്ടായിരുന്നു.അതുകൊണ്ട് തന്നെ 19 വയസൊക്കെയായപ്പോൾ തനിക്കുണ്ടായിരുന്ന സമ്പാദ്യം 50 ലക്ഷത്തോളം രൂപയുടെ കടമായിരുന്നു.
തന്റെ പത്താംക്ലാസ് വരെയൊക്കെ അത്തയുടെ പോക്കറ്റിൽ നിന്നും അഞ്ഞൂറോ ആയിരമോ എടുത്താലൊന്നും അറിയില്ലായിരുന്നു. എന്നാൽ ഡിഗ്രി കാലത്തിലേക്ക് എത്തിയപ്പോൾ വലിയ കടമായി.വസ്തുക്കളൊക്കെ വിറ്റു.കടം കാരണം രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടിട്ടാണ്.എപ്പോഴും കടക്കാരായിരുന്നു.ആ സമയത്ത് ഒക്കെ താൻ കുറേയേറെ പേടിച്ചിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു.പ്ലസ്ടുവിന് നല്ല മാർക്കുണ്ടായുകൊണ്ട് മെറിറ്റിലായിരുന്നു ഡിഗ്രിക്ക് സീറ്റ് കിട്ടിയത്. എന്നാൽ വണ്ടിക്കൂലിക്ക് പൈസ ഇല്ലാത്തതിനാൽ ഫസ്റ്റ് ഇയർ കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല.വിഷ്ണുമായ എന്നൊരു സുഹൃത്തുണ്ടായിരുന്നു.അവളാണ് എനിക്ക് ചെരുപ്പും മറ്റ് സാധനങ്ങളുമൊക്കെ വാങ്ങിത്തന്നിരുന്നത്.
അതിനിടയിൽ ജീവിതം തിരികെ പിടിക്കാനായി അത്ത ഗൾഫിൽ പോയി.പക്ഷെ അവിടെയും ദുരിതമായിരുന്നു.ഭക്ഷണത്തിന് പോലും വല്ലാതെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്.ഈ സമയത്ത് താൻ പട്ടിണി എന്താണെന്ന് അറിഞ്ഞു.കുറച്ച് ചോറും ഒരു ഉണക്കമീനും മൂന്ന് പേർ പങ്കിട്ട് കഴിക്കുമായിരുന്നുവെന്നും ജാസ്മിൻ പറയുന്നു.നാണക്കേട് കാരണം പലപ്പോഴും കോളേജിൽ ഭക്ഷണം കൊണ്ടു പോകാറുണ്ടായിരുന്നില്ല.എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്തണം എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്.ചെറിയ വരുമാനമൊക്കെ അതിൽ നിന്ന് വരാനും തുടങ്ങി.അങ്ങനെ വാപ്പയുടെ കടങ്ങൾ എല്ലാം ഞാൻ തീർത്തു. ഒന്നുമില്ലാതിരുന്ന വീട് മോടിപിടിപ്പിച്ചു.അതൊക്കെ പൂർത്തിയായപ്പോൾ വാപ്പയ്ക്ക് ഒരു കാറും സമ്മാനമായി വാങ്ങി നൽകി.
എനിക്കൊരു വസ്ത്രം പോലും വാങ്ങുമായിരുന്നില്ല.എല്ലാം അവർക്ക് വേണ്ടിയാണ്. ആ സമയത്താണ് ജീവിതത്തിലേക്ക് മറ്റൊരാൾ വരുന്നത്. എന്റെ കല്യാണം ഉറപ്പിച്ചു.അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാതെ വയ്യ.ഞാൻ എല്ലാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത് കണ്ട് എന്നെ കൂട്ടിക്കൊണ്ടു പോയി ഇരുപത്തിമൂവ്വായിരം രൂപയുടെ ഡ്രസ്സൊക്കെ വാങ്ങി തന്നിരുന്നു.തന്നെ എയർഹോസ്റ്റസിന് പഠിക്കാൻ വിട്ടു.പക്ഷെ ഒരു ഘട്ടം എത്തിയപ്പോൾ കല്യാണം മുടങ്ങിപ്പോയി.അവരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നമായിരുന്നു.അത് എന്നെ മാനസികമായി വല്ലാതെ തളർത്തി.
ആ സമയത്താണ് വാപ്പയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നത്.ഒരുപാട് ബ്ലോക്കുണ്ട്. അതിലൊന്ന് സിവിയർ ആയിരുന്നു.ആ ബ്ലോക്ക് നീക്കാൻ നല്ലൊരു തുക ആവശ്യമായി വന്നു.ഇടയ്ക്ക് വച്ച് താൻ നിർത്തിയ സോഷ്യൽ മീഡിയ ചാനൽ പുനരാരംഭിക്കുന്നത് അങ്ങിനെയാണ്.അതിൽ നിന്നും വരുമാനം വീണ്ടും കിട്ടിത്തുടങ്ങി.ഇതുവഴിയാണ് വാപ്പയയുടെ ചികിത്സയൊക്കെ നടത്തിയത്.വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ് ഞാൻ.എന്റെ അത്ത ഭയങ്കര പാവമാണ്. ഞാൻ എന്ത് ചെയ്താലും നല്ല സപ്പോർട്ടാണ്.എന്റെ നാട്ടിൽ കലിപ്പ് കാണിച്ച് നടക്കുന്നയാളാണ് എന്റെ അത്ത.ഞാൻ പുറത്തേക്കൊക്കെ പോകുമ്പോൾ ആളുകൾ പറയും 'ദാ പോകുന്നു ആ കെഡി ജാഫറിന്റെ മോൾ ഉണ്ടക്കണ്ണി' എന്ന്.അങ്ങനെ കേൾക്കുന്നത് എനിക്ക് ഭയങ്കര ദേഷ്യമാണ്. അത്തയെ ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ എനിക്ക് കലിവരും. ഞാൻ തിരിഞ്ഞ് നിന്ന് എന്തെങ്കിലും പറയുമ്പോൾ കുറച്ചുകൂടെ പറ എന്ന് പറയുന്ന അത്തയായിരുന്നു എന്റേത്. അത്ത എന്നെ അടിക്കാറില്ല. ഉമ്മയുമായി എനിക്ക് വലിയ ടച്ചില്ലെന്നും ജാസ്മിൻ പറയുന്നു.
ബിഗ്ബോസിലെ ഗെയിംപ്ലാനും 'ജബ്രി' കോമ്പോയും
25 മത്സരാർത്ഥികൾ ഉണ്ടായ സീസൺ 6 ൽ ടോപ് 5വിലെ ആകെയുള്ള വനിതാ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ.സീസൺ ജേതാവാകാൻ സാധ്യതയുണ്ടെന്ന് പലപ്പോഴായി ഉയർന്ന വന്ന പേരും ജാസ്മിന്റെതായിരുന്നു.പക്ഷെ ജാസ്മിൻ 3 ാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.ബിഗ് ബോസ് മലയാളം ആറിന്റെ തുടക്കത്തിലേ ശ്രദ്ധയാകർഷിച്ച ഒരു പേരായിരുന്നു ജാസ്മിൻ. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു താരമായതിനാൽ ജാസ്മിൻ പലർക്കും പരിചിതയായ മത്സരാർഥിയായിരുന്നു.ഹൗസിലെത്തിയപ്പോഴും ജാസ്മിൻ തന്റെ ശൈലിയിൽ ശ്രദ്ധയാകർഷിച്ചു.ആർക്കെതിരെയും മത്സരബുദ്ധിയോടെ പോരാടാനുള്ള മനസ്സായിരുന്നു ഷോയിൽ ജാസ്മിനെ വേർതിരിച്ചത്.
തുടക്കത്തിൽ നേടിയ ആധിപത്യം ഇപ്പോഴും തുടരാൻ സാധിക്കുന്നുണ്ട് എന്നതാണ് ടോപ് ഫൈവിൽ എത്താൻ ജാസ്മിനെ സഹായിച്ച പ്രധാനഘടകം.സീസണിന്റെ തുടക്കം മുതൽ എതിരാളികൾ ആവശ്യത്തിനുള്ള മത്സരാർത്ഥിയും ആയിരുന്നു ജാസ്മിൻ. ഏത് തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളോടും അപ്പപ്പോൾ ശക്തമായി പ്രതികരിച്ച്, വാക്പോരിൽ ജയിക്കാൻ ശ്രമിക്കുന്ന ആളാണ് ജാസ്മിൻ. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അത് വലിയൊരു കാര്യവുമാണ്. അതിൽ ജാസ്മിൻ പൂർണമായും വിജയിക്കുകയും ചെയ്തു.മൂന്നാംസ്ഥാനം സൂചിപ്പിക്കുന്നതും അത് തന്നെ.തനിക്കെതിരായ വിമർശനങ്ങളിൽ വീഴാത്ത ജാസ്മിന് സഹതാപത്തിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
തുടരെ ഒരാളെ മാത്രം എല്ലാവരും ടാർഗെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്നൊരു സിമ്പതിയാണ് അത്. അടുത്ത കാലത്തായിട്ടാണ് അത് കാണാൻ തുടങ്ങിയതും.അതുകൊണ്ട് തന്നെ ഫിനാലെയോട് അടുക്കുമ്പോൾ ജാസ്മിനെതിരെ ഉള്ള വിമർശനങ്ങൾ കുറയുകയും സപ്പോർട്ടുകൾ കൂടുകയും ചെയ്തിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.നെഗറ്റീവുകൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് ഈ ആധിപത്യം ജാസ്മിൻ പിന്തുടർന്നത് എന്നതും ശ്രദ്ധേയമാണ്. തന്റെ വ്യക്തിജീവിതം പോലും സോഷ്യൽ മീഡിയയിൽ കീറി മുറിക്കപ്പെട്ടിട്ടും തനിക്ക് നേരെയുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജാസ്മിൻ ഫൈനലിൽ എത്തുകയായിരുന്നു.
ഷോയിൽ വളരെ സംഭവബഹുലമായ ഒരു ഗ്രാഫായിരുന്നു ജാസ്മിന്റെത്.ബിഗ് ബോസ് ഷോ എന്താണ് എന്നും എന്ത് കണ്ടന്റ് ആണ് കൊടുക്കേണ്ടത് എന്നുമുള്ള വ്യക്തമായ ധാരണ ജാസ്മിന് ഉണ്ടായിരുന്നു എന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് ആദ്യവാരത്തിൽ ജാസ്മിൻ നല്ലൊരു മത്സരാർത്ഥിയാണെന്ന് പേരെടുത്തതും.എന്നാൽ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ താളം തെറ്റിച്ചു.ഷോയിൽ ഏറ്റവും കുടുതൽ ചർച്ചകൾക്ക് വഴിവച്ചത് കോമ്പോ ആയിരുന്നു.തങ്ങൾക്കിടയിലെ ബന്ധത്തെ സംബന്ധിച്ച് ആദ്യ ആഴ്ചകളിലുണ്ടായിരുന്ന കൺഫ്യൂഷൻ ഒഴിവാക്കാൻ ശ്രമിക്കുന്ന ഗബ്രിയെയും ജാസ്മിനെയുമാണ് പലപ്പോഴും ഷോയിൽ കണ്ടത്. ഇരുവരും ഗെയിമിൽ കൂടുതൽ ശ്രദ്ധിക്കുമ്പോഴും സൗഹൃദം അങ്ങനെ തന്നെ നിലനിർത്തി.
എന്നാൽ ഇരുവരുടെയും ബന്ധം വലിയതോതിൽ ബിഗ് ബോസിന് പുറത്ത് ചർച്ച ചെയ്യപ്പെട്ടു.ജാസ്മിന്റെ വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും വല്ലാതെ ബാധിച്ചു. പിന്നാലെ വന്ന അച്ഛന്റെ ഫോൺ കോളും തുടർന്ന് നടന്ന സംഭവ വികാസങ്ങളും ജാസ്മിനെ തളർത്തി.എന്നിരുന്നാലും സൗഹൃദത്തെ ഇവർ കൈവിട്ടില്ല.ഇതും വിമർശനങ്ങൾക്ക് വഴിവച്ചു.ഷോയുടെ ആവസാനം വരെ ആദ്യവാരത്തിൽ കണ്ട ജാസ്മിനെ എങ്ങിനെയായിരുന്നോ അതേ പോലെ തുടരാൻ അവർക്ക് സാധിച്ചിരുന്നു. ഗെയിമിൽ പരാജയങ്ങൾ മാത്രമാണ് നേടിയിരുന്നതെങ്കിലും ജാസ്മിൻ നിറസാന്നിധ്യമായി. സ്ക്രീൻ പ്രെസൻസും ആവശ്യത്തോളം ലഭിക്കുകയും ചെയ്തു.ഇത് ജാസ്മിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മുതൽകൂട്ടാകുകയും ചെയ്തു.വിമർശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുന്ന ജാസ്മിനെ ഹൗസിലായാലാകും പ്രേക്ഷകർക്കിടയിൽ ആയാലും കാണാനായി.
മനുഷ്യനല്ലെ പുള്ളേ.. തെറ്റുകൾ പറ്റില്ലെയെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക്
തുടക്കത്തിൽ തന്നെ ബിഗ്ബോസ് കണ്ടന്റ് എന്ന് ഏവരും ഒരു പോലെ പറഞ്ഞ് ജാസ്മിന് അവസാനഘട്ടത്തിലാണ് കാലിടറിയത്.എങ്കിലും ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി ആയതിനാൽ തന്നെ ഷോ അവസാനിച്ച ശേഷം പ്രേക്ഷകർ കാത്തിരുന്നത് ജാസ്മിന്റെ പ്രതികരണത്തിനായിരുന്നു.ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്..മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ.എനിക്ക് ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല എന്നാണ് മത്സര ശേഷം ജാസ്മിൻ ആദ്യമായി പ്രതികരിച്ചത്.
വീടൊക്കെ വിറ്റിട്ട് അല്ലെങ്കിൽ ജപ്തി ഒക്കെ ആകില്ലേ. അതുപോലൊരു ഫീൽ ആണ് ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ തോന്നുന്നത്. നല്ലതും ചീത്തയും ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷേ വീട് വിട്ടുവരിക എന്നത് ഭയങ്കര വിഷമം ആയിപ്പോയി. ഞാൻ ഞാനായിട്ട് തന്നെയാണ് ബിഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ.എനിക്ക് ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ്.എന്നാൽ ഇത്രയും ഒരു പ്രശ്നം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
പക്ഷേ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂ.ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം.ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാൾ ആയിരുന്നു ഞാൻ.പക്ഷേ ഇടയ്ക്ക് വച്ച് കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആണ് പ്രശ്നമായത്.അദ്ദേഹം ജയിച്ചതിൽ സന്തോഷം മാത്രമെ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ മനസിൽ തന്നെ ഉണ്ടായിരുന്നു പുള്ളി കപ്പെടുക്കുമെന്ന്.
നമ്മളെ മനസിലാക്കി ഒരാൾ നിൽക്കുക എന്നത് വലിയ ഭാഗ്യമാണ്. നമ്മുടെ ഏത് അവസ്ഥയിലും ഞാൻ ഉണ്ട് അല്ലെങ്കിൽ ഒരു പ്രതിവിധി കണ്ടെത്താനും അവർക്ക് സാധിക്കും. എനിക്ക് അത് ലഭിച്ചത് ഗബ്രിയിൽ നിന്നുമാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. അതൊരു കോമ്പോ എന്നതല്ല. പരിശുദ്ധമായ സ്നേഹമാണത്. ബിഗ് ബോസ് കാരണം ഞാൻ കുറേ ക്ഷമ പഠിച്ചു. പുറത്തും എന്തെങ്കിലും വള്ളിക്കേസ് വരുമ്പോൾ ആദ്യം പോയി തലയിട്ട്, ഉള്ള ഏണിയെല്ലാം വലിച്ച് തലയിൽ വയ്ക്കും.
പക്ഷേ അതിൽ നിന്നും മാറിയിപ്പോൾ. ആരെയെങ്കിലും ആശ്രയിച്ചിരിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ആരെങ്കിലും ഒരാൾ എപ്പോഴും വേണം. ഇനിയിപ്പോൾ ഏത് നടുക്കടലിൽ കൊണ്ടിട്ടാലും ഞാൻ നീന്തിപ്പോരും. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും, സ്നേഹിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി പറയുകയാണ്. നിങ്ങളോട് പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ടെന്നും ജാസ്മിൻ പ്രതികരിച്ചു.
പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നല്ല കുട്ടി ഇമേജുള്ള, ഒരു നല്ല മനുഷ്യനോ അടുത്ത സീസണുകൾക്ക് മാതൃകാപരമായ മത്സരാർത്ഥിയോ ഒന്നുമല്ല ജാസ്മിൻ.ഏറെ തെറ്റുകൾ പറ്റിയിട്ടുള്ള, അതിൽ നിന്നും പാഠങ്ങൾ പഠിച്ച് മുന്നോട്ടുപോവുന്ന ജാസ്മിൻ, സ്വയം തിരുത്താൻ മനസ്സുള്ള മത്സരാർത്ഥി കൂടിയായിരുന്നു.സ്വന്തം ഇമേജ് പോലും നോക്കാതെ മത്സരിച്ച് വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ജാസ്മിൻ ഒരർത്ഥത്തിൽ ഒരു ഫീനിക്സ് പക്ഷി തന്നെയാണ്.വീഴാതെ മുന്നോട്ടു പോവുന്നതു മാത്രമല്ല ഹീറോയിസം, വീഴ്ചകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതും ഹീറോയിസമാണെന്ന് ജാസ്മിൻ കാണിച്ചുതരുന്നു.