- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Channel
- /
- MINI SCREEN
ബിഗ് ബോസ് സീസൺ 6 കിരീടം ജിന്റോയ്ക്ക്
തിരുവനന്തപുരം: പ്രേക്ഷകരുടെ കാത്തിരിപ്പിനും 100 ദിവസത്തെ വാശിയേറിയ പോരാട്ടങ്ങൾക്കുമൊടുവിൽ ബിഗ്ബോസ് സീസൺ 6 ലെ വിജയിയെ പ്രഖ്യാപിച്ചു.പ്രവചനങ്ങൾ മാറിമറിഞ്ഞ ഈ സീസണിൽ മുൻ മിസ്റ്റർ കേരളയും ബോഡിബിൽഡറുമായ കൊച്ചി സ്വദേശി ജിന്റൊ കിരീടം ചൂടി.അമ്പത് ലക്ഷം രൂപയും ബിഗ്ബോസ് ട്രോഫിയും ഉൾപ്പെടുന്നതാണ് സമ്മാനം.രണ്ടാം സ്ഥാനത്തിന് അർജ്ജുൻ ശ്യാംഗോപനും മൂന്നാം സ്ഥാനത്തിന് ജാസ്മിൻ ജാഫറും അർഹരായി.വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരത്തിന്റെ ഭാഗമായ ചെങ്ങന്നൂർ സ്വദേശി അഭിഷേക് ശ്രീകുമാർ,ഉപ്പുംമുളകും ഫെയിം പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒരുഘട്ടം കഴിഞ്ഞപ്പോൾ ബിഗ് ബോസിന്റെ ഫൈനലിൽ ഉണ്ടാകുമെന്ന് തീർച്ചപ്പെടുത്തിയ ഒരു മത്സരാർത്ഥി ജിന്റോയാണ്. പ്രേക്ഷകരുമായി വേഗത്തിൽ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ ജിന്റോക്ക് കഴിഞ്ഞിരുന്നു.പ്രേക്ഷകരെക്കൊണ്ട് ഞങ്ങളിൽ ഒരാളാണ് എന്ന് തോന്നിപ്പിക്കാനായത് തന്നെയാണ് ജിന്റോയുടെ വിജയം. അത്ര കൺസിസ്റ്റന്റായ ഗ്രാഫ് ആയിരുന്നില്ല ജിന്റോയുടേത്.ആദ്യയാഴ്ചയിൽ അത്രയൊന്നും ഇമ്പാക്റ്റ് ഉണ്ടാക്കാൻ ജിന്റോക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, മുൻ സീസണുകളിലെ ജിമ്മന്മാരെപ്പോലെ ഒരാളെന്ന നിലയിൽ പലരും ജിന്റോയെ തള്ളിക്കളയുകയും ചെയ്തു.എന്നാൽ പടിപടിയായി പിന്നീട് പ്രേക്ഷകർക്ക് തന്നെക്കുറിച്ചുള്ള മുഴുവൻ ഇമേജും ജിന്റോ മാറ്റിമറിച്ചു.
രണ്ടാംസ്ഥാനം നേടിയ അർജുൻ ശ്യാം ഗോപൻ സീസണിലെ ഏറ്റവും കൂൾ മത്സരാർത്ഥികളിൽ ഒരാളായിരുന്നു.ശ്രീനിഷ്, മണിക്കുട്ടൻ, ബ്ലെസ്ലി, റിനോഷ് തൂടങ്ങിയവരെല്ലാം പിന്തുടർന്ന പാതയിലൂടെയായിരുന്നു അർജുന്റെയും യാത്ര.പലപ്പോഴും വളരെ സൈലന്റായ വ്യക്തിയായിരുന്നു അർജുൻ. അധികം ബഹളങ്ങളിലോ പ്രശ്നങ്ങളിലോ ഇടപെടാത്ത ആൾ. അതേസമയം പല ഇമ്പാക്റ്റുകളും ഉണ്ടാക്കാൻ അർജുന് കഴിഞ്ഞിട്ടുണ്ട്.എങ്കിലും അർജുനെ സത്യത്തിൽ തുണച്ചത് ശ്രീതുവുമായുള്ള കോംബോയാണ്. ആകോംബോയ്ക്കുമപ്പുറത്ത് തന്റേതായ കോൺട്രിബ്യൂഷൻ ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട അർജുൻ ഗെയ്മിൽ ആക്റ്റീവ് ആകുകയും ചെയ്തു.ഇതാണ് അർജ്ജുനെ രണ്ടാം സ്ഥാനം വരെ എത്തിച്ചത്.
ജിന്റോയെപ്പോലെ തന്നെ ടൈറ്റിൽ വിന്നർ ആകുമോയെന്ന് പലയാവർത്തി ചർച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിൻ ജാഫറിന്റെത്. സീസണിലെ പ്രധാനപ്പെട്ട കണ്ടന്റ് മേക്കേഴ്സും ജാസ്മിൻ ആയിരുന്നു.ജാസ്മിൻ ബിഗ് ബോസ് ആറിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത് പൊസിറ്റീവിനേക്കാളേറെ നെഗറ്റീവുമായ അഭിപ്രായങ്ങൾ നേടിയാണ്. ഗബ്രിയുമായുള്ള ഒരു കോംബോ ആയിരുന്നു ജാസ്മിനെ നെഗറ്റീവ് ആക്കിയതിൽ പ്രധാന പങ്കുവഹിച്ചതും. ഒരുപക്ഷേ ഗബ്രി ഇല്ലായിരുന്നെങ്കിൽ എന്തായാലും ജാസ്മിന്റെ ബിഗ് ബോസ് മറ്റൊന്നായേനേയെന്ന് വിലയിരുത്തുന്നുവരുണ്ട്. ബിഗ് ബോസ് വീട്ടിൽ കൂടുതൽ എതിരാളികളുണ്ടായതും ജാസ്മിന് ആണ്.
നാലാംസ്ഥാനത്തിന് അർഹനായ അഭിഷേക് ശ്രീകുമാർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഇത്തവണ ബിഗ്ബോസ് ഹൗസിന്റെ ഭാഗമായത്.ആദ്യ ദിവസം തന്നെ വലിയ ഇമ്പാക്ടോടെയാണ് അഭിഷേക് വരവറിയിച്ചത്.ഷോയിൽ വർക്ക്ഔട്ട് ആയ ഇമോഷണൽ ഇമ്പാക്റ്റാണ് പിന്നീട് അയാൾക്കൊരു വലിയ സ്വീകാര്യത നൽകുന്നത്. സാബുമോന് മറുപടി എന്നൊണം അഭിഷേക് പറഞ്ഞ വാക്കുകളും ചർച്ചയായി. ആ സമയത്തുഉണ്ടായ ഫാമിലി വീക്കും തുടർന്നുള്ള ടിക്കറ്റ് റ്റു ഫിനാലെയിലെ അഭിഷേകിന്റെ മിന്നുന്ന പ്രകടനവുമെല്ലാം ചേർന്നപ്പോൾ അഭിഷേകും ഈ സീസണിലെ കരുത്തുറ്റ മത്സരാർത്ഥിയായി മാറി.ടാസ്കുകൾ ജയിച്ച അഭിഷേക് നേരിട്ട് ഫിനാലെയിൽ എത്തുകയായിരുന്നു. ഇങ്ങനെ ഒരു നേട്ടമുണ്ടാക്കിയ ആദ്യ വൈൽഡ് കാർഡ് എൻട്രിയും മലയാളത്തിൽ അഭിഷേകാണ്.
ഫൈനൽ 5 ൽ പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു കണ്ടസ്റ്റന്റായിരുന്നു ഉപ്പുംമുളകും ഫെയിം ഋഷി.ഒരിക്കൽ പോലും താരത്തിന് ഇമ്പാക്ട് ഉണ്ടാക്കാൻ ആയില്ല എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്ന വസ്തുത.തുടക്കം മുതൽ പലരുടെയും നിഴലിൽനിന്ന താരം ഒരു ഘട്ടം കഴിഞ്ഞപ്പോൾ അൻസിബയ്ക്കുവേണ്ടിയാണ് നിൽക്കുന്നതെന്നും തോന്നിപ്പിച്ചു. ഇമോഷണലി വളരെ വൾനറബിളായ ഋഷി തന്നെക്കുറിച്ച് ഒരാളുടെയും വിമർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ആൾ കൂടിയാണെന്നും പലരും അഭിപ്രായപ്പെട്ടു.
'ഒന്ന് മാറ്റിപ്പിടിച്ചാലോ' എന്ന ടാഗ് ലൈനിൽ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 6 ൽ ആ ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകൾ കൊണ്ട് സമ്പന്നമായിരുന്നു.അതിൽ പ്രധാനം രാജാവില്ലാത്ത അല്ലെങ്കിൽ ഒരു ഹീറോയോ ഹീറോയിനോ ഇല്ലാത്ത സീസൺ ആയിരുന്നു 6 എന്നതാണ്.19 പേരുമായി തുടങ്ങിയ ഷോ പുതിയ വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ കളിയുടെ സ്ഥിതിഗതികൾ അകെ മാറിമറിഞ്ഞു.25 മത്സരാർഥികളാണ് ഈ സീസണിൽ പലപ്പോഴായി എത്തിയത്. ഇതിൽ ആറ് പേർ വൈൽഡ് കാർഡുകൾ ആയിരുന്നു.സിറോയിൽ നിന്ന് ഹീറോയാകുന്നതും ഹീറോയിൽ നിന്ന് സീറോയാകുന്നതും ബിഗ് ബോസ് സീസൺ സിക്സിൽ പതിവ് കഴിച്ചയായി.
കഴിഞ്ഞ ഓരോ സീസണുകളിലും ഒരാൾ രാജാവായി വാഴ്ത്തപ്പെടാറുണ്ട്.വൺ മാൻ ഷോ, ഷോ സ്റ്റീലർ എന്നൊക്കെ അവരെ ബിബി ആരാധകർ തന്നെ വിശേഷിപ്പിക്കാറുണ്ട്.എന്നാൽ ഈ സീസണിൽ അങ്ങനെയായിരുന്നില്ല.ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയ വൈൽഡ് കാർഡ് എൻ്രട്രിക്കും ഈ സീസൺ സാക്ഷിയായി.അഭിഷേകായിരുന്നു ഇ മത്സരാർത്ഥി.നാല് മുറികളും അതിലൊന്ന് ബിഗ് ബോസിലെ സർവ്വാധികാരികളായ പവർ ടീമും ഒക്കെയായി ബിഗ് ബോസ് അടിമുടി മാറ്റിപ്പിടിച്ച സീസണായിരുന്നു സീസൺ 6. അതിനാൽത്തന്നെ മത്സരാർഥികൾക്ക് മുൻ മാതൃകകളെ ആശ്രയിക്കുക അസാധ്യമായിരുന്നു.
കഴിഞ്ഞ സീസണുകളിൽ മറ്റ് ഭാഷകളിലെ അവതാരകരെ വച്ച് താരതമ്യം ചെയ്യുമ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന മോഹൻലാൽ സ്റ്റാറായ കാഴ്ച്ചയ്ക്കും ഈ സിസൺ സാക്ഷിയായി.മത്സരാർത്ഥികൾ പിന്നോക്കം പോയ ആദ്യ ദിവസങ്ങളിൽ പരിപാടിയെ തന്നെ താങ്ങി നിർത്തിയത് മോഹൻലാലിന്റെ സാന്നിദ്ധ്യവും ഇടപെടലും ആയിരുന്നു.ഒപ്പം വിവാദങ്ങളും ഇത്തവണത്തെ സീസണിനെ തേടിയെത്തി.ഇത്തവണ പുറത്തായ മത്സാർത്ഥികൾക്കൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികളും പലതരം വാഗ്വാദങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മത്സരം കൂടുതൽ ചൂടേറിയതായി.
സീസണിന്റെ ഫിനാലെ ദിനവും വേറിട്ട രീതിയിലാണ് ബിഗ് ബോസ് ഒരുക്കിയത്.വേക്കപ്പ് സോംഗിന് പകരം ഗായകൻ നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തുകയായിരുന്നു.പ്രശസ്ത ഗായകനും സ്റ്റാർ സിംഗർ ജഡ്ജസുമായ വിധു പ്രതാപും സിതാര കൃഷ്ണകുമാറുമാണ് ഹൗസിനുള്ളിലേക്ക് ഒരു സംഘം നർത്തകർക്കൊപ്പം ഹൗസിനുള്ളിലേക്ക് എത്തിയത്.വേക്കപ്പ് സോംഗുമായി ഗായകർ നേരിട്ട് എത്തിയപ്പോഴും മത്സരാർഥികളിൽ പലരും കരുതിയത് അത് റെക്കോർഡ് പ്ലേ ചെയ്തതാണ് എന്നായിരുന്നു. പിന്നീടാണ് അവർ ഗായകരെയും നർത്തകരെയും കണ്ടത്.
എന്തായാലും കഴിഞ്ഞ സീസണുകൾ പോലെ സാബുമോൻ, രജിത് കുമാർ, മണിക്കുട്ടൻ, റോബിൻ, അഖിൽ മാരാർ പോലുള്ള സോളോ ഷോ സ്റ്റീലർ ഇല്ലാത്ത ബിഗ് ബോസ് മലയാളത്തിനാണ് തിരശ്ശീല വീഴുന്നത്.