പോർട്ട്‌ലാൻഡ്: പറക്കുന്നതിനിടെ, വിമാനത്തിന്റെ വാതിൽ പൊടുന്നനെ തകർന്നതോടെ ഭീതിയുടെ നിമിഷങ്ങൾ. ക്യാബിന്റെ മധ്യത്തിലെ പുറത്തിറങ്ങാൻ ഉപയോഗിക്കുന്ന വാതിലാണ് പൂർണമായി വേർപ്പെട്ടുപോയത്. യാത്രക്കാരിലൊരാൾ എടുത്ത വീഡിയോ പുറത്തുവന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

അലാസ്‌ക എയർലൈൻസിന്റെ ബോയിങ് 737-9 മാക്‌സ് വിമാനമാണ് അടിയന്തര സാഹചര്യത്തെ നേരിട്ടത്. എസ് 1282 വിമാനം പോർട്ട്‌ലൻഡിൽ നിന്ന് ഒന്റാറിയോയിലേക്ക് പറക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പറന്നുയർന്ന ഉടനായിരുന്നു സംഭവം. 171 യാത്രക്കാരും, 6 വിമാന ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വാതിൽ തകർന്നതോടെ വിമാനം പോർട്ട്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി.

വാതിൽ തകരാനിടയായതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അലാസ്‌ക എയർലൈൻസ് 'എക്‌സിൽ' അറിയിച്ചു. യുഎസ് ദേശീയ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ അന്വേഷണം തുടങ്ങി. വിമാനം പരമാവധി ഉയരമായ 16,325 അടി ഉയരത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. വാതിൽ തകർന്നത് ശ്രദ്ധയിൽ പെട്ടതോടെ, വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു,.

അപകടത്തിൽ പെട്ട ബോയിങ് 737 മാക്‌സ് വിമാനം 2023 ഒക്ടോബർ ഒന്നിന് അലാസ്‌ക എയർലൈൻസിന് കൊമാറിയതാണ്. നവംബർ 11 ന് വാണിജ്യ സർവീസ് ആരംഭിച്ചു. അതിന് ശേഷം 145 തവണ മാത്രമേ പറന്നിട്ടുള്ളു.