ന്യൂഡൽഹി: യുപിയിലെ മഥുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയതിന് പിന്നിൽ ജീവനക്കാരന്റെ അലംഭാവമെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. മഥുര ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവം നടക്കുമ്പോൾ യാത്രക്കാർ മുഴുവൻ ഇറങ്ങിയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാർ ഇറങ്ങിയതിന് ശേഷം, എഞ്ചിൻ ക്യാബിനിലേക്ക് ഒരു റെയിൽവെ ജീവനക്കാരൻ കയറുന്നത് വീഡിയോയിൽ കാണാം. സച്ചിൻ എന്ന ഈ ജീവനക്കാരൻ മറ്റൊരാളുമായി വീഡിയോ കോൾ നടത്തുന്നതിനിടെ, അശ്രദ്ധമായി തന്റെ ബാഗ് എഞ്ചിന്റെ ത്രോട്ടിലിൽ വയ്ക്കുന്നത് കാണാം. ഇയാൾ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നതിനാൽ, പുറത്തുനടക്കുന്നത് ഒന്നും അറിയുന്നുമില്ല.

ബാഗിന്റെ സമ്മർദ്ദം കാരണം, ട്രെയിൻ മുന്നോട്ടുനീങ്ങുകയും, പ്‌ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സച്ചിൻ അടക്കം അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തു. അപകടത്തിന്റെ യഥാർഥ കാരണം അറിയാൻ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടതായി ഡിവിഷണൽ റെയിൽവെ മാനേജർ തേജ് പ്രകാശ് അഗർവാൾ അറിയിച്ചു.

ക്യാബിനിൽ, താക്കോൽ എടുക്കാൻ വേണ്ടി കയറിയ സച്ചിൻ മദ്യപിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇയാളുടെ രക്തസാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ട്രെയിനിലെ സെക്യൂരിറ്റി ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയത്.