വീണ്ടും കോമഡി എന്റർടെയ്‌നറുമായി 'അടി കപ്യാരേ കൂട്ടമണി' സംവിധായകൻ; ശ്രദ്ധനേടി 'അടിനാശം വെള്ളപ്പൊക്ക'ത്തിന്റെ ടീസർ

Update: 2025-11-23 08:37 GMT

തിരുവനന്തപുരം: 2015-ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രമായ 'അടിനാശം വെള്ളപ്പൊക്ക'ത്തിന്റെ ടീസർ ശ്രദ്ധ നേടുകയാണ്. പഴയ ക്യാമ്പസ് കോമഡിയുടെ ചേരുവകൾ നിലനിർത്തിക്കൊണ്ട്, സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ് ടീസറിന്റെ പ്രധാന ആകർഷണം. 'ഡ്രഗ്‌സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണം' എന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന ഒരു രംഗം ചിരിയുണർത്തുന്നതുമാണ്.

ഒരു എഞ്ചിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു മുഴുനീള കോമഡി എന്റെർടെയ്‌നർ ആയിരിക്കും എന്ന് ടീസർ ഉറപ്പ് നൽകുന്നു. ക്യാമ്പസ് ജീവിതം ആഘോഷമാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ഇടയിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

പ്രധാന താരങ്ങളായി ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവർക്കൊപ്പം മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആന്റണി, പ്രേം കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 'അടി കപ്യാരെ കൂട്ടമണി'ക്ക് ശേഷം എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ ഈ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Full View

സൂര്യ ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പി. നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ നടി ശോഭന ആയിരുന്നു പ്രകാശനം ചെയ്തത്. സൂരജ് എസ് ആനന്ദാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ചിരിയുടെ വലിയൊരു വിരുന്നൊരുക്കാൻ തന്നെയാണ് 'അടിനാശം വെള്ളപ്പൊക്കം' എത്തുന്നത് എന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Tags:    

Similar News