'ടിക്കറ്റ് ടു ഹെൽ' ടാഗ്‌ലൈനിൽ പുതിയ അവതാരം; 'ടോക്സിക്കി'ൽ യഷിന്റെ വമ്പൻ മേക്ക് ഓവർ; ആവേശമായി ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ

Update: 2026-02-21 17:28 GMT

ഹൈദരാബാദ്: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' എന്ന യഷ് ചിത്രത്തിലെ പുതിയ ലുക്ക് 'ടിക്കറ്റ്' സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'ടിക്കറ്റ് ടു ഹെൽ' എന്ന ടാഗ്‌ലൈനോടുകൂടി ക്ലീൻ ഷേവ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രം, ചിത്രത്തിൽ യഷ് ഇരട്ടവേഷത്തിലാണോ എത്തുന്നത് എന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ സജീവ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

നേരത്തെ പുറത്തുവിട്ട 'രായ' എന്ന ക്യാരക്ടർ പോസ്റ്റിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 1 മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടീസറിനും പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കാനായി. ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ ടീസർ യൂട്യൂബിൽ ട്രെൻഡിംഗായി. വെറും 24 മണിക്കൂറിനുള്ളിൽ 197 ദശലക്ഷം (19.7 കോടി) കാഴ്ചക്കാരുമായി ടീസർ പുതിയ റെക്കോർഡ് സ്ഥാപിച്ചു.

യഷിന്റെ ഐകോണിക് താടിയില്ലാത്ത ഈ 'ടിക്കറ്റ്' അവതാരം ആരാധകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ആകർഷകവും എന്നാൽ ഭയപ്പെടുത്തുന്നതുമായ ഈ പുതിയ രൂപം കഥാപാത്രത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു. ടീസറിലെ ഓരോ ഫ്രെയിമുകളും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട്, കഥാപാത്രങ്ങളുടെ ബന്ധം, ടൈംലൈനുകൾ, വ്യത്യസ്ത കാലഘട്ടങ്ങൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരമായ സംവാദങ്ങൾ നടക്കുന്നുണ്ട്.

തമിഴ് മേഖലകൾ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ഹിന്ദി ബെൽറ്റ്, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ബംഗ്ലാദേശ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും ടീസർ വലിയ ചർച്ചകൾക്ക് വഴിവെച്ചു. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും ടീസർ ട്രെൻഡിംഗിൽ ഒന്നാമതായി തുടരുകയാണ്. പ്രത്യേകിച്ചും ടീസറിന്റെ അവസാന 20 സെക്കൻഡുകൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി. 

Tags:    

Similar News