'കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുന്നു'; പ്രതികരിച്ചാൽ വീട്ടിൽ ഇ.ഡി വരും; ‘ആടുജീവിത’ത്തിന് ദേശീയ അവാര്‍ഡ് നിഷേധിച്ചപ്പോൾ മിണ്ടാതിരുന്നത് ഭയം കൊണ്ടാണെന്ന് ബ്ലെസ്സി
കൊച്ചി: 'ആടുജീവിതം' എന്ന ചിത്രത്തിന് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകൻ ബ്ലെസി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം കലാകാരന്മാർ പോലും മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡി.യുടെ പരിശോധനകൾ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചു.
'ആടുജീവിതം' എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു കലാകാരൻ ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാവിധ കഷ്ടപ്പാടുകളിലൂടെയും കടന്നുപോയതായി ബ്ലെസി ഓർത്തെടുത്തു. എന്നിട്ടും ചിത്രം മോശമാണെന്ന് വിലയിരുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന നിരാശ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് 'മഹാരാജ' എന്ന സിനിമയുടെ സംവിധായകൻ, ദേശീയ അവാർഡ് കിട്ടാതെ പോയപ്പോൾ എന്തുകൊണ്ട് മൃദുവായി പ്രതികരിച്ചുവെന്ന് ചോദിച്ചതായി ബ്ലെസി ഓർക്കുന്നു. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്നും, മറിച്ച് സ്വസ്ഥത നഷ്ടമാവാനും ഇ.ഡി.യുടെ പരിശോധനകൾ നേരിടേണ്ടി വരാനും സാധ്യതയുണ്ടെന്നും അദ്ദേഹം മറുപടി നൽകി. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളാണ് പലപ്പോഴും കലാകാരന്മാരെ നിശ്ശബ്ദരാക്കുന്നത്.
ഒരു അവാർഡ് കിട്ടാത്തതിനെക്കുറിച്ച് പ്രതികരിക്കുന്നത് ജൂറിയുടെ തീരുമാനത്തെ മാനിക്കാതിരിക്കലാകുമെന്നും, എന്നാൽ അതിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവ തുറന്നുപറയാൻ ഭയമുണ്ടെന്നും, ഒരു സിനിമയിൽ ഒരു പേരിടാൻ പോലും ചരിത്രം പഠിക്കേണ്ടി വരുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആടുജീവിതം' സിനിമയെ ദേശീയ അവാർഡിൽ പരിഗണിക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മികച്ച നടൻ, സംവിധായകൻ, ഛായാഗ്രഹണം തുടങ്ങി 14 വിഭാഗങ്ങളിൽ ചിത്രം ഇടം പിടിച്ചിരുന്നെങ്കിലും ഒരു പുരസ്‌കാരവും ലഭിച്ചില്ല. 'ദ കേരള സ്റ്റോറി'ക്ക് പുരസ്‌കാരം നൽകിയതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.