'സംഗീതത്തിന് അതിരുകളില്ല; അത് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു; ദേവരയിലെ 'ചുട്ടമല്ലേ' ഗാനം ആലപിച്ച് എഡ് ഷീരന്‍; കരഘോഷത്തോടെ സ്വീകരിച്ച് പ്രേക്ഷകര്‍
ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ 'ചുട്ടമല്ലേ' എന്ന ഗാനം ആലപിച്ച് വിഖ്യാത ഗായകന്‍ എഡ് ഷീരന്‍. ബെംഗളൂരുവില്‍ നടന്ന കണ്‍സേര്‍ട്ടില്‍ വെച്ചാണ് ദേവരയിലെ ഹിറ്റ് ഗാനം എഡ് ഷീരന്‍ പാടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എഡ് ഷീരന്റെ പെര്‍ഫോമന്‍സ് ജൂനിയര്‍ എന്‍ടിആറും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'സംഗീതത്തിന് അതിരുകളില്ല. അത് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. നിങ്ങള്‍ 'ചുട്ടമല്ലേ' തെലുങ്കില്‍ പാടുന്നത് കേള്‍ക്കുന്നത് ശരിക്കും സ്‌പെഷ്യല്‍ ആയിരുന്നു,' എന്ന് ജൂനിയര്‍ എന്‍ടിആര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ജൂനിയര്‍ എന്‍ടിആറിന്റെ ഇന്‍സ്റ്റ സ്റ്റോറി നേരത്തെ എഡ് ഷീരനും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പെര്‍ഫോമന്‍സിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ശില്‍പ റാവുവും താരത്തിനൊപ്പം ഗാനം ആലപിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ഗാനം പാടിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ 'ചുട്ടമല്ലേ' ഹിറ്റ് ചാര്‍ട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാനമാണ്.
അതേസമയം എഡ് ഷീരന്റെ ചെന്നൈ കണ്‍സേര്‍ട്ടും വലിയ ഹിറ്റായിരുന്നു. ചെന്നൈ കണ്‍സേര്‍ട്ടില്‍ അദ്ദേഹത്തിനൊപ്പം സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാനും ഗാനം ആലപിച്ചിരുന്നു. ഷീരന്‍ 'ഷേപ്പ് ഓഫ് യു' പാടുമ്പോള്‍ കോറസായി എ ആര്‍ റഹ്‌മാന്‍ 'ഊര്‍വസി..' പാടിയത് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.