രണ്ട് രംഗങ്ങൾ ഒഴിവാക്കണം; വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം; 'ഹാൽ' സിനിമ വിവാദത്തിൽ രണ്ടാഴ്ചക്കുളളിൽ തീരുമാനമുണ്ടാകണമെന്നും ഹൈക്കോടതി

Update: 2025-11-14 10:15 GMT

കൊച്ചി: ഷെയിൻ നിഗം നായകനായെത്തുന്ന 'ഹാൽ' സിനിമയിലെ രണ്ട് രംഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കേരള ഹൈക്കോടതി. സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. രണ്ട് മാറ്റങ്ങൾ വരുത്തിയ ശേഷം സെൻസർ ബോർഡിനെ വീണ്ടും സമീപിക്കാമെന്നും, അപേക്ഷ ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി സെൻസർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.

'ധ്വജ പ്രണാമ'ത്തിലെ ധ്വജ എന്ന വാക്ക് ഒഴിവാക്കണമെന്നും, മതപരമായ വിവാഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിശബ്ദമാക്കണമെന്നുമാണ് കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ. ഈ മാറ്റങ്ങൾ വരുത്തിയ ശേഷം സെൻസർ ബോർഡിനെ സമീപിക്കുമ്പോൾ, പരമാവധി രണ്ടാഴ്ചയ്ക്കകം പ്രദർശനാനുമതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

നേരത്തെ, സിനിമയിലെ ബീഫ് വിളമ്പുന്ന രംഗം ഉൾപ്പെടെ 19 രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. 'ധ്വജപ്രണാമം', 'സംഘം കാവൽ ഉണ്ട്', 'ആഭ്യന്തര ശത്രുക്കൾ', 'ഗണപതി വട്ടം' തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും, ക്രിസ്ത്യൻ മതവികാരം പരിഗണിച്ച് 'ഹോളി ഏഞ്ചൽസ് കോളേജ് ഓഫ് നഴ്സിംഗ്' എന്ന പേര് മാറ്റണമെന്നും, താമരശ്ശേരി ബിഷപ്പിന്റെ പേരുപയോഗിച്ച സ്ഥലങ്ങളിൽ അനുവാദക്കത്ത് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുബി തോമസ് നിർമ്മിച്ച ചിത്രമാണ് 'ഹാൽ'. നിലവിൽ കോടതി നിർദ്ദേശിച്ച രണ്ട് എഡിറ്റുകൾ മാത്രമാണ് ചിത്രത്തിൽ വരുത്തേണ്ടത്.

Similar News