'വെട്രി'യായി റോഷൻ മാത്യു; നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന 'ചത്ത പച്ച: ദി റിങ് ഓഫ് റൗഡീസ്' സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Update: 2025-12-07 17:08 GMT

കൊച്ചി: 'ചത്ത പച്ച: ദി റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലെ നടൻ റോഷൻ മാത്യുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സിനിമയിൽ 'വെട്രി' എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു സിനിമയിൽ 10 വർഷം പൂർത്തിയാക്കിയ വേളയിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി. മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ വലിയ പ്രതീക്ഷ നൽകിയിരുന്നു. അതിൽ നിന്ന് ഏറെ വ്യത്യസ്തമായ, ശക്തമായ ആക്ഷൻ പരിവേഷത്തോടെയാണ് റോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ലോക പ്രശസ്തമായ ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനർ ഒരുങ്ങുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രത്തിന്റെ സംവിധായകൻ. റോഷൻ മാത്യുവിനൊപ്പം അർജുൻ അശോകൻ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. റെസ്‌ലിങ് കോച്ചായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ശ്രദ്ധേയമാണ്. ബോളിവുഡിലെ പ്രശസ്ത സംഗീത ത്രയമായ ശങ്കർ–എഹ്‌സാൻ–ലോയ് മലയാളത്തിൽ ആദ്യമായി സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസ് റീൽ വേൾഡ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ജനുവരിയിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസ് ഉൾപ്പെടെയുള്ള പ്രമുഖ ബാനറുകളും ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്.

Tags:    

Similar News