'ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷം, ക്ലാസ് ഓഫ് 80'സ് റോക്ക്സ്'; 80കളിലെ താരങ്ങൾ വീണ്ടും ഒന്നിച്ചു; റീയൂണിയനിൽ താരങ്ങൾ എത്തിയത് പുലി തീമിൽ
ചെന്നൈ: മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ചെന്നൈയിൽ വീണ്ടും ഒത്തുചേർന്നു. 80കളിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുശ്ബു, റഹ്മാൻ, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം 31 പേരാണ് പുലി തീമിലുള്ള വസ്ത്രങ്ങൾ ധരിച്ച് സംഗമത്തിനെത്തിയത്.
താരസംഗമത്തിന്റെ ആശയം നടി ലിസിയുടേതാണെങ്കിലും, ഒത്തുചേരലിന് ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ്. സംഗമത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി രേവതി ഇട്ട കുറിപ്പ് ഏറെ ശ്രദ്ധ നേടി. "എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ. 12 വർഷത്തിലേറെയായി കണ്ടുമുട്ടൽ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവർത്തിച്ച ലിസി, സുഹാസിനി, പൂർണ്ണിമ, രാജ്കുമാർ, ഖുശ്ബു എന്നിവർക്ക് നന്ദി. 'ക്ലാസ് ഓഫ് 80'സ് റോക്ക്സ്'" എന്നായിരുന്നു രേവതി കുറിച്ചത്.
രാജ്കുമാർ സേതുപതിയുടേയും ശ്രീപ്രിയയുടെയും വീടാണ് ഇത്തവണ സംഗമത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം കാരണം സംഗമം മാറ്റിവെക്കേണ്ടി വന്നിരുന്നു. ആഡംബര ഹോട്ടലുകളെക്കാൾ തുറന്നു സംസാരിക്കാനും സമയം ചെലവഴിക്കാനും വീടാണ് നല്ലതെന്നതിനാലാണ് ഇത്തവണ സഹതാരങ്ങളിലൊരാളുടെ വീട് തിരഞ്ഞെടുത്തതെന്ന് താരങ്ങൾ സൂചിപ്പിച്ചു. രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇത്തവണത്തെ സംഗമത്തിൽ പങ്കെടുത്തില്ല. 80കളിലെ താരങ്ങളുടെ സൗഹൃദസംഗമം സിനിമാപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.