'ലെഫ്. കേണല്‍ കിട്ടിയത് കൊണ്ട് മോഹൻലാലിന് ഒരു സാമ്പത്തിക നേട്ടവുമില്ല'; പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലഭിക്കില്ല; പദവി കിട്ടിയതിന്റെ കാരണം അതാണ്; മറുപടിയുമായി മേജര്‍ രവി

Update: 2026-03-06 10:16 GMT

കൊച്ചി: നടൻ മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. മോഹൻലാലിന് പദവി 'കൊടുത്തു' എന്ന പ്രയോഗം തന്നെ തെറ്റാണെന്നും, സൈന്യത്തിന് ഗുണകരമാകുമെന്ന് കണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും മേജർ രവി വ്യക്തമാക്കി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ സംവിധാനം ചെയ്ത പട്ടാള സിനിമകൾ കണ്ട സൈനിക ഉദ്യോഗസ്ഥരാണ് മോഹൻലാലിനെ സൈന്യത്തിന്റെ അംബാസഡറാക്കാൻ താല്പര്യം പ്രകടിപ്പിച്ചത്. "സിനിമകൾ കണ്ട ജനറൽമാരും മറ്റ് ഉദ്യോഗസ്ഥരും ലാലിനെ എന്തുകൊണ്ട് അംബാസഡറാക്കിക്കൂടാ എന്ന് ചോദിക്കുകയായിരുന്നു. ഇതിനായുള്ള ഔദ്യോഗിക അഭ്യർത്ഥന ഇപ്പോഴും എന്റെ കൈവശമുണ്ട്. മോഹൻലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിച്ചു. അതിന് ശേഷമാണ് തുടർനടപടികൾ ഉണ്ടായത്," മേജർ രവി പറഞ്ഞു.

മോഹൻലാൽ യൂണിഫോം ധരിച്ചതോടെ സൈന്യത്തിലേക്ക് ചേരാൻ എത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. അഞ്ച് വയസ്സുകാരൻ മുതൽ 80 വയസ്സുള്ളവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ സ്വാധീനം സൈന്യത്തിന്റെ 'മൊറാൽ ബൂസ്റ്റ്' ചെയ്യാൻ സഹായിച്ചിട്ടുണ്ട്.സമാനമായ രീതിയിൽ നടൻ മമ്മൂട്ടിയോടും സൈന്യത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് താൻ സംസാരിച്ചിരുന്നതായി മേജർ രവി വെളിപ്പെടുത്തി.

"മമ്മൂക്കയോട് ചോദിച്ചപ്പോൾ 'നമുക്ക് നോക്കാം' എന്നായിരുന്നു മറുപടി. മോഹൻലാൽ ഈ പദവി സ്വീകരിച്ചത് കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായി ഒരു ഗുണവുമില്ല. കശ്മീർ സന്ദർശനത്തിന് പോകുമ്പോൾ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുക്കുന്നത്. താമസത്തിന് മാത്രമാണ് സൈന്യത്തിന്റെ സൗകര്യം ലഭിക്കുന്നത്. യൂണിഫോം പോലും സ്വന്തം കാശ് കൊടുത്ത് തുന്നിച്ചതാണ്, പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിന് ഗുണമുള്ളത് കൊണ്ടാണ് മോഹൻലാലിന് ഈ പദവി നൽകിയതെന്നും ഇതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മേജർ രവി വ്യക്തമാക്കി. 2009-ലാണ് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്.

Tags:    

Similar News