'മതം മാറിയിട്ടില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു'; ബിജെപിയിലേക്ക് പോകുന്നുവെന്നത് വെറും തള്ള്; പൊങ്കാലയിട്ടതിന് പിന്നാലെ സൈബർ ആക്രമണം; മറുപടിയുമായി ബീന ആന്റണി

Update: 2026-03-06 10:32 GMT

കൊച്ചി: ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ബീന ആന്റണി. പൊങ്കാലയിട്ടതോടെ താൻ മതം മാറിയെന്നും സ്വന്തം മതത്തെ അപമാനിച്ചുവെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. പൊങ്കാലയിട്ടതിൽ തെറ്റൊന്നുമില്ലെന്നും ബീന പറഞ്ഞു.

വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണെങ്കിലും താൻ ഇന്നും ക്രിസ്ത്യാനിയായിത്തന്നെയാണ് ജീവിക്കുന്നതെന്ന് ബീന ആന്റണി പറഞ്ഞു. "എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന കുടുംബ പശ്ചാത്തലമാണ് എന്റേത്. അപ്പച്ചൻ കെട്ടുനിറച്ച് മലയ്ക്ക് പോയിട്ടുണ്ട്. ക്രിസ്ത്യാനിയായതു കൊണ്ട് പൊങ്കാലയിടാൻ പാടില്ല എന്നില്ല," ബീന പറഞ്ഞു. തനിക്കെതിരെ വരുന്ന മോശം കമന്റുകൾ കാണുമ്പോൾ വലിയ വിഷമം തോന്നുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

താൻ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെയും ബീന ആന്റണി തള്ളിക്കളഞ്ഞു. ലൈക്കിനും ഷെയറിനും വേണ്ടി ചിലർ പടച്ചുവിടുന്ന വാർത്തകളാണിതെന്ന് താരം ആരോപിച്ചു. "സ്വപ്നത്തിൽ പോലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കലാലയ കാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്നു. ഇപ്പോൾ ഒരു കലാകാരിയെന്ന നിലയിൽ രാഷ്ട്രീയത്തിന് അതീതമായി നിൽക്കാനാണ് ആഗ്രഹം. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കരുത്," താരം അഭ്യർത്ഥിച്ചു.

തങ്ങളെ തങ്ങളുടേതായ വഴിക്ക് വിടണമെന്നും മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും ബീന ആന്റണി വ്യക്തമാക്കി. നടി റെനീഷ റഹ്മാന് പിന്നാലെയാണ് ഇപ്പോൾ ബീന ആന്റണിയും സമാനമായ രീതിയിൽ സൈബർ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

Tags:    

Similar News