'ഞാനൊരു ആർട്ടിസ്റ്റാണ്, കാണികളെ രസിപ്പിക്കണം'; സ്റ്റേജിൽ കയറുമ്പോൾ അവർക്കായി നൃത്തം ചെയ്യും; വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി അഭയ ഹിരണ്മയി
കോട്ടയം: കോട്ടയം: തന്റെ വസ്ത്രധാരണത്തെയും സ്റ്റേജ് പ്രകടനത്തെയും ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി പ്രശസ്ത ഗായിക അഭയ ഹിരണ്മയി. താനൊരു കലാകാരിയാണെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് തന്റെ ജോലിയെന്നും അഭയ ഒരു പൊതുപരിപാടിയിൽ വെച്ച് തുറന്നു പറഞ്ഞു. പ്രമുഖ മാളിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന അഭയ ഹിരണ്മയിയുടെ സംഗീത പരിപാടിയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഈ വീഡിയോകൾക്ക് താഴെ വസ്ത്രധാരണത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നിരവധി മോശം കമന്റുകളാണ് വന്നത്. താൻ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്റ്റേജിൽ നൃത്തം ചെയ്തതിനെതിരെയാണ് ഇത്തരം വൃത്തികെട്ട കമന്റുകൾ ഉയർന്നതെന്ന് അഭയ വ്യക്തമാക്കി. "ഞാനൊരു ആർട്ടിസ്റ്റാണ്. സ്റ്റേജിൽ കയറുമ്പോൾ ഞാൻ എന്റെ ചിന്തകളെല്ലാം മാറ്റിവെച്ച് കാണികൾക്കായി നൃത്തം ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം മുന്നിലിരിക്കുന്ന ജനങ്ങളെ രസിപ്പിക്കണം. ഞാനും ആസ്വദിച്ചാൽ മാത്രമേ കാണികളെ രസിപ്പിക്കാൻ സാധിക്കൂ," അഭയ പറഞ്ഞു
"അങ്ങനെ ആസ്വദിച്ച്, എന്റെ രീതിയിൽ നൃത്തം ചെയ്ത്, അവർക്ക് വേണ്ടി പാട്ട് പാടുന്നതിനെതിരെയാണ് മോശം കമന്റുകൾ വരുന്നത്," അവർ കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭയ ഹിരണ്മയിക്ക് മുൻപും പലപ്പോഴും സമാനമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകിയിട്ടുള്ള വ്യക്തി കൂടിയാണ് അവർ.
അഭയയെ പിന്തുണച്ചും ഇപ്പോൾ നിരവധി പേർ എത്തുന്നുണ്ട്. സ്റ്റേജിൽ ആടിപ്പാടുന്നതിനെ കുറിച്ച് മോശമായ കമന്റുകൾ വരുമ്പോൾ അത് കലാകാരെ ബാധിക്കുമെന്നും അവരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നും സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചു. വിമർശനങ്ങൾ ആവശ്യമാണെന്നും, എന്നാൽ അധിക്ഷേപിക്കുകയും ക്രൂരമായി കളിയാക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ഒരിക്കലും പിന്തുണക്കാനാകില്ലെന്നും ഇവർ പറഞ്ഞു.