മെഡിക്കൽ കോളേജ് പരിസരത്ത് പോയാൽ മതി; അവരുടെയൊക്കെ മുഖം കാണുമ്പോൾ തന്നെ വിഷമം തോന്നും; അന്നേരം അവരുടെ കണ്ണുകളില്‍ കാണുന്ന ആ പ്രതീക്ഷ; തുറന്നുപറഞ്ഞ് സൂരജ്

Update: 2026-02-28 10:11 GMT

സോഷ്യൽ മീഡിയയിൽ 'ക്യാഷ് ചലഞ്ച്' വീഡിയോകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ അൽ ഫുഡി സൂരജ്. കൈനിറയെ പണവുമായി കഷ്ടപ്പെടുന്നവരുടെ മുന്നിൽ ഒരു രക്ഷകനെപ്പോലെ എത്തുന്ന സൂരജിന്റെ ജീവിതം പക്ഷേ അത്ര വർണ്ണാഭമായ ഒന്നല്ല. കഠിനമായ ദാരിദ്ര്യത്തോടും ജീവിത സാഹചര്യങ്ങളോടും മല്ലിട്ടാണ് സൂരജ് ഇന്നത്തെ നിലയിൽ എത്തിയത്.

വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലായിരുന്നു സൂരജിന്റെ ജനനം. മാതാപിതാക്കൾ കൂലിപ്പണി ചെയ്താണ് സൂരജിനെയും സഹോദരിയെയും വളർത്തിയത്. ജീവിതം കരുപിടിപ്പിക്കാൻ വേണ്ടി സൂരജ് ചെയ്യാത്ത ജോലികളില്ല. കൂലിപ്പണി, പെയിന്റിംഗ്, കെട്ടിടം പണി, ഓട്ടോ ഓടിക്കൽ, ബിരിയാണി കച്ചവടം എന്നിങ്ങനെ നീളുന്നു ആ പട്ടിക.

വിശപ്പിന്റെ വില ശരിക്കും അറിഞ്ഞതുകൊണ്ടാണ് സൂരജ് ഭക്ഷണ വീഡിയോകൾ (Food Vlogs) ചെയ്തു തുടങ്ങിയത്. തുടക്കത്തിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീഡിയോകൾ എടുത്തു തുടങ്ങിയത്. 2021-ൽ സുഹൃത്തിന്റെ പേരിൽ ഇഎംഐ വഴി എടുത്ത ഒരു സാധാരണ ഫോണിലായിരുന്നു തുടക്കം. മണക്കാടുള്ള ഒരു സർബത്ത് കടയിലെ വീഡിയോ വൈറലായതോടെയാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി ഒരു പ്രമോഷന് ലഭിച്ചത് 2000 രൂപയായിരുന്നു.

മെഡിക്കൽ കോളേജ് പോലെ സഹായം ആവശ്യമായ ആളുകളുള്ള സ്ഥലത്തേക്കാണ് ഞാന്‍ പോകുന്നത്. അവരുടെയൊക്കെ മുഖം കാണുമ്പോള്‍ തന്നെ വിഷമം തോന്നും. അവസാനം ചെയ്ത ഒരു വീഡിയോ എന്ന് പറഞ്ഞാൽ ഒരു അമ്മയുടെ മോന് ക്യാൻസർ ആയിരുന്നു. 21 വയസേ ഉള്ളൂ. അവര്‍ ഓൾറെഡി എന്നെ ഫോളോ ഒക്കെ ചെയ്തിട്ടുള്ള ആളാണ്, വീഡിയോ കാണുന്ന ആളാണ്. 30 സെക്കൻഡ് ഉള്ള ചലഞ്ച് ഒരു മിനിറ്റ് ആക്കി അവരെ കൊണ്ട് എണ്ണിപ്പിച്ച് 20,000 രൂപ അവർക്ക് അപ്പോൾ തന്നെ കൊടുത്തു. വിശപ്പിന്‍റെ സമയത്തോ അല്ലെങ്കില്‍ വാടക കൊടുക്കേണ്ട സമയത്തോ ഫീസ് അടക്കേണ്ട സമയത്തോ നമ്മള്‍ അവരുടെ മുമ്പിലെത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ആ പ്രതീക്ഷ, സന്തോഷം അതാണ് എല്ലാത്തിലും വലുതായി ഞാന്‍ കാണുന്നത്.

യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങിയതോടെയാണ് ആ പണം മറ്റുള്ളവരെ സഹായിക്കാൻ സൂരജ് ഉപയോഗിച്ചു തുടങ്ങിയത്. മെഡിക്കൽ കോളേജ് പോലുള്ള സ്ഥലങ്ങളിൽ പോയി ശരിക്കും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് പണം എണ്ണിയെടുക്കാനുള്ള ചലഞ്ചുകൾ നൽകുന്നു.

അടുത്തിടെ ക്യാൻസർ ബാധിതനായ മകന്റെ ചികിത്സയ്ക്കായി ബുദ്ധിമുട്ടിയ ഒരമ്മയ്ക്ക് ചലഞ്ചിലൂടെ 20,000 രൂപ നൽകിയത് വലിയ വാർത്തയായിരുന്നു. അതുപോലെ, റോഡരികിൽ നിസ്സഹായനായി കണ്ട പ്രായമായ ഒരാളെ കോട്ടയത്തെ വൃദ്ധസദനത്തിൽ എത്തിച്ചതും, കട തകർന്നുപോയ ഒരു അമ്മയ്ക്ക് ഒരു ലക്ഷം രൂപ ചെലവാക്കി പുതിയ കട പണിതു നൽകിയതും സൂരജിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ ചിലതാണ്.

സൂരജ് ഇന്നും ഒരു വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് എന്നത് വലിയൊരു സ്വപ്നമാണെങ്കിലും, അതിനുമുമ്പ് നിരാലംബരായ ഏതാനും പേർക്കെങ്കിലും ഒരു കൂര ഒരുക്കണമെന്നാണ് ഈ യുവാവിന്റെ ആഗ്രഹം. നിലവിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രായമായ ഒരു ദമ്പതികളെ സൂരജ് വാടക വീടെടുത്ത് താമസിപ്പിച്ചിട്ടുണ്ട്. അവരുടെ മുഴുവൻ ചെലവും നോക്കുന്നത് സൂരജാണ്. ഇത്തരം പാവപ്പെട്ടവർക്ക് താമസിക്കാൻ ഒരു ചെറിയ കോളനി പോലെയുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സഹായം സ്വീകരിച്ചവരിൽ നിന്ന് മോശം അനുഭവങ്ങളും സൂരജിന് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി വീഡിയോ ചെയ്തപ്പോൾ കോടിക്കണക്കിന് രൂപ സഹായമായി ലഭിച്ചു. എന്നാൽ അതേ അസുഖമുള്ള മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്ക് കുറഞ്ഞ തുക ആവശ്യപ്പെട്ടപ്പോൾ, പണം കയ്യിലുണ്ടായിട്ടും അവർ സഹായിക്കാൻ തയ്യാറായില്ല. ആ കുട്ടി പിന്നീട് മരണപ്പെടുകയും ചെയ്തു. പണം വരുമ്പോൾ മനുഷ്യർക്ക് അഹങ്കാരം വരുമെന്ന വലിയ പാഠം താൻ ഇതിലൂടെ പഠിച്ചു എന്ന് സൂരജ് വേദനയോടെ ഓർക്കുന്നു.

തിരികെ ഒന്നും പ്രതീക്ഷിക്കാതെ, തന്റെ കഷ്ടപ്പാടുകൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന സൂരജ് ഇന്ന് സോഷ്യൽ മീഡിയയിലെ വെറുമൊരു വ്ലോഗറല്ല, മറിച്ച് പലർക്കും പ്രത്യാശയുടെ മുഖമാണ്.

Tags:    

Similar News