'അങ്ങനെ അവൻ ജർമനിക്കു പോയി; കുടുംബത്തിൽ നിന്നും ഒരാൾ ആദ്യമായിട്ടാണ് ഇത്ര ദൂരം പോകുന്നത്; ഉള്ളിൽ ചെറിയ സങ്കടമുണ്ട്..'; വീട്ടിലെ വിശേഷം പങ്കുവെച്ച് നടി അമൃത നായർ
കൊച്ചി: മിനിസ്ക്രീൻ പരമ്പരയിലൂടെ വന്ന് ശേഷം നല്ലൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അമൃത നായർ. ഇപ്പോഴിതാ, തൻ്റെ സഹോദരന് ജർമനിയിലേക്ക് യാത്രയയപ്പ് നൽകിയതിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുടുംബത്തിൽ നിന്ന് ആദ്യമായി ഒരാൾ ഇത്രയധികം ദൂരേയ്ക്ക് ജോലി തേടി പോകുന്നു എന്നതിൻ്റെ സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടതായി അമൃത പറഞ്ഞു.
വിമാനത്താവളത്തിൽ വെച്ച് അമ്മ നിയന്ത്രണം വിട്ട് കരഞ്ഞതായും എന്നാൽ താൻ കരയാതെ സഹോദരനെ യാത്രയയച്ചതായും അമൃത വ്യക്തമാക്കുന്നു. താൻ കരഞ്ഞാൽ അത് അവനും കൂടുതൽ വിഷമമുണ്ടാക്കുമെന്നതിനാലാണ് അപ്രകാരം ചെയ്തതെന്ന് അവർ കൂട്ടിച്ചേർത്തു. ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തേണ്ടിയിരുന്നതുകൊണ്ട് വിമാനത്തിൽ കയറുന്നത് കാണാൻ തനിക്ക് സാധിച്ചില്ലെന്നും അമൃത അറിയിച്ചു.
"അങ്ങനെ ഉണ്ണിക്കുട്ടൻ ജർമനിക്കു പോയി. ആദ്യമായിട്ടാണ് ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരാൾ ഇത്ര ദൂരത്തേക്ക് പോകുന്നത്. സ്വാഭാവികമായും അതിൻ്റെ വിഷമം ഉണ്ടാകും. എയർപോർട്ടിൽ എത്താറായപ്പോഴേക്കും അമ്മ കരയാൻ തുടങ്ങി. ആദ്യമായിട്ടാണ് മകൻ ഇത്ര ദൂരത്തേക്ക് ജോലിക്ക് പോകുന്നത്. അതിൻ്റെ സന്തോഷവും സങ്കടവും എല്ലാം അമ്മയ്ക്ക് ഉണ്ടായിരുന്നു," അമൃത വീഡിയോയിൽ വിശദീകരിച്ചു.
"ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാണ്. അവനും നല്ലൊരു ജോലിയും കുടുംബവുമൊക്കെ വേണ്ടേ. അവൻ കയറിപ്പോകുന്നത് കാണാൻ എനിക്ക് പറ്റിയില്ല. അതിന് മുൻപ് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തണമായിരുന്നു. ഞാൻ കരയാനൊന്നും നിന്നില്ല. കാരണം അതും കൂടിയായാൽ അവന് കൂടുതൽ വിഷമമാകും," അവർ കൂട്ടിച്ചേർത്തു.
സഹോദരൻ്റെ ഏറ്റവും വലിയ അനുഗ്രഹം തൻ്റെ സുഹൃത്തുക്കളാണെന്നും വർഷങ്ങളായി കൂടെയുള്ള വളരെ ആത്മാർത്ഥതയുള്ള വ്യക്തികളാണ് അവരെന്നും അമൃത സൂചിപ്പിച്ചു. "അങ്ങനെ എല്ലാവരും ഹാപ്പിയായിട്ട് അവനെ കയറ്റി വിട്ടു. അവൻ അവിടെയെത്തി, ഹാപ്പിയായിരിക്കുന്നു എന്ന മെസ്സേജ് വന്നപ്പോൾ ഞങ്ങളും ഡബിൾ ഹാപ്പി. ഇതെല്ലാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണല്ലോ," അമൃത നായർ വീഡിയോയിൽ പറഞ്ഞു.