"എനിക്കൊരു മകളുണ്ടെന്ന കാര്യം പോലും മറക്കരുത്, ഇതെല്ലാം കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല"; രണ്ടാം വിവാഹ വാർത്തകളിൽ പൊട്ടിത്തെറിച്ച് നടി മീന; ഇത്തരക്കാരോട് പുച്ഛമെന്നും താരം

Update: 2026-02-20 16:02 GMT

ചെന്നൈ: തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മീന. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ്, തനിക്ക് ഒരു മകളുണ്ടെന്ന കാര്യം പോലും മറന്ന് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതിൽ തനിക്ക് സങ്കടവും ദേഷ്യവും തോന്നുന്നതായി അവർ തുറന്നു പറഞ്ഞത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും, തന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ടെന്നും മീന പറഞ്ഞു.

"എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആളുകൾ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല," മീന പറഞ്ഞു. "എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ മറന്നുപോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവർ ഓർക്കുന്നില്ല. വാർത്തകളിൽ അല്പമെങ്കിലും സത്യമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്." നടി കൂട്ടിച്ചേർത്തു.

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരമാണ് മീന. രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നടിയുടെ ഭർത്താവ് മരിച്ചത്. ഇതിന് പിന്നാലെയാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

താൻ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയാണെന്നും സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മീന വ്യക്തമാക്കി. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി മനസ് മടുപ്പിക്കാൻ താൻ തയ്യാറല്ല. ഇപ്പോൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിലും, തന്റെ ക്ഷമ നശിക്കുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. 

Tags:    

Similar News