'ആ രംഗം കണ്ടപ്പോൾ പണ്ട് അമ്മ കഫ് സിറപ്പ് കുടിപ്പിച്ചതാണ് ഓർമ്മ വന്നത്'; ബീഫ് ഫ്രീയായി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; കേരള സ്റ്റോറി 2-നെ പരിഹസിച്ച് ലക്ഷ്മി മേനോൻ; പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണം

Update: 2026-02-20 08:19 GMT

തിരുവനന്തപുരം: വിവാദ ചിത്രം 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ പരിഹസിച്ച് നടിയും വ്ലോഗറുമായ ലക്ഷ്മി മേനോൻ. ട്രെയിലറിലെ ചില രംഗങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും പ്രൊപ്പഗാണ്ട സിനിമയാണെങ്കിൽ പോലും കുറച്ചുകൂടി നിലവാരത്തിൽ ചിത്രീകരിക്കാമായിരുന്നു എന്നും ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ പറഞ്ഞു. ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന രംഗത്തെ മുൻനിർത്തി താരം നടത്തിയ പരാമർശങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിമർശനം ഇങ്ങനെ:

"ട്രെയിലറിൽ ഒരു കുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം കണ്ടപ്പോൾ പണ്ട് അമ്മ എനിക്ക് കഫ് സിറപ്പ് കുടിപ്പിച്ചതാണ് ഓർമ്മ വന്നത്. ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെങ്കിൽ പോലും കുറച്ചുകൂടി വൃത്തിക്ക് എടുക്കാമായിരുന്നു. കേരളത്തിൽ എവിടെയെങ്കിലും ഇങ്ങനെ വായ കുത്തിത്തുറന്ന് ഫ്രീയായി ബീഫ് തരുന്ന സ്ഥലമുണ്ടെങ്കിൽ ദയവായി പറഞ്ഞുതരണം. ഞങ്ങൾ എല്ലാ മതസ്ഥരും ഒന്നിച്ച് അവിടെ വന്ന് അത് കഴിച്ചോളാം. അതാണ് മലയാളി!" - ലക്ഷ്മി മേനോൻ പറഞ്ഞു.

"മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടിയാണോ ഈ സീൻ വെച്ചത് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ബീഫ് ഇങ്ങനെ വെറുതെ കൊടുത്താൽ ആരെങ്കിലും കഴിക്കുമോ? ഒന്നെങ്കിൽ നല്ല പൊറോട്ട, അല്ലെങ്കിൽ കുറഞ്ഞത് ഒരു പഴംപൊരിയെങ്കിലും കൂടെ വേണ്ടേ?" എന്ന ലക്ഷ്മി മേനോന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.

ലക്ഷ്മി മേനോന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അവർക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് അരങ്ങേറുന്നത്. സിനിമയിലെ രാഷ്ട്രീയത്തെ പരിഹസിച്ചതിനെ വ്യക്തിപരമായ അധിക്ഷേപങ്ങൾ കൊണ്ടാണ് ഒരു വിഭാഗം നേരിടുന്നത്. ലക്ഷ്മിയുടെ കുടുംബത്തെയും പ്രത്യേകിച്ച് മകളെയും വരെ വലിച്ചിഴച്ചുകൊണ്ടുള്ള അശ്ലീല ചുവയുള്ള കമന്റുകളും ഭീഷണികളും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നുണ്ട്.

സിനിമ എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ബ്രാൻഡിംഗും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പ് ശ്രദ്ധിക്കണമെന്നും ലക്ഷ്മി മേനോൻ തന്റെ വീഡിയോയിൽ പറഞ്ഞു. ബീഫ് കഴിക്കാത്തവർ വീട്ടിലുണ്ടെങ്കിലും താനും സഹോദരനും ബീഫ് കഴിക്കുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    

Similar News