ഒരുപാട് ഇരുട്ടുള്ള സ്ഥലത്തിലൂടെ പോകുമ്പോൾ ഒരു വിളക്കുമരം കാണുന്നത് ആശ്വാസമാണ്; ഇന്ന്..ജീവിക്കാം മരിക്കാൻ സമയമാവുമ്പോൾ മരിക്കാം..; ആ രോഗത്തെ കുറിച്ച് മനസ്സ് തുറന്ന് ജുവൽ
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടി ജുവൽ മേരി തന്റെ കാൻസർ അതിജീവനയാത്രയേക്കുറിച്ച് മനസ്സ് തുറന്നത് . ധന്യാ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് പങ്കുവെക്കുന്ന കൂട്ടത്തിൽ കാൻസറിനേയും അതിജീവിച്ച വിവരം ജുവൽ തുറന്നുപറഞ്ഞത്. എന്നാൽ തന്റെ തുറന്നുപറച്ചിലോടെ പലരും കരുതിയിരിക്കുന്നത് ഇപ്പോഴും താൻ രോഗബാധിതയാണെന്നാണ് എന്ന് ജുവൽ പറയുന്നു. രോഗകാലത്തെ ചിത്രങ്ങൾ സഹിതമാണ് ജുവലിന്റെ പോസ്റ്റ്.
2023-ൽ നടന്ന അസുഖത്തേക്കുറിച്ചും സർജറിയേക്കുറിച്ചും ഇപ്പോൾ എന്തിനാണ് വന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഇപ്പോഴാണ് രോഗമുള്ളതെന്നും കരുതുന്നവരുണ്ട്. തൈറോയ്ഡിൽ കാൻസർ വന്നത് 2023-ൽ ആണ്. ചികിത്സ പൂർണമായും കഴിഞ്ഞു. ഇന്ന് പൂർണമായും ആരോഗ്യവതിയാണ്. വിവാഹമോചനമായാലും അർബുദമായാലും എന്റെ ചുറ്റിലുമുള്ള ഒരുപാട് മനുഷ്യരിൽ എന്റെ തന്നെ സാഹചര്യത്തിലൂടെ കടന്നുപോയ ഒരുപാട് മനുഷ്യരുണ്ട്. അവർക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്.- ജുവൽ പറയുന്നു.
ഒരുപാട് ഇരുട്ടുള്ള സ്ഥലത്തിലൂടെ പോകുമ്പോൾ എവിടെയെങ്കിലും ഒരു വിളക്കുമരം കാണുന്നത് ദിശ മനസ്സിലാക്കാൻ എളുപ്പമാണെന്ന് പറയും. അതുപോലെ താനും ചെറിയൊരു ചൂട്ട് കത്തിച്ചെന്നേയുള്ളുവെന്നും ജുവൽ പറയുന്നു. എല്ലാവർക്കും അത് കണ്ടതുകൊണ്ടോ, കഥ അറിഞ്ഞതുകൊണ്ടോ ഉപകാരമില്ല. അത് ആവശ്യമുള്ളവർക്കുവേണ്ടി മാത്രം പങ്കുവെച്ചതാണെന്നും ജുവൽ വ്യക്തമാക്കി.
എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും വീണ്ടും വരുമോയെന്ന് പേടിച്ചിരിക്കുന്നവരുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. കഴിഞ്ഞത് കഴിഞ്ഞു എന്ന് വിശ്വസിക്കാനാണിഷ്ടം. ഇന്ന് ജീവിക്കുക, മരിക്കാൻ സമയമാവുമ്പോൾ മരിക്കാം. ജുവൽ പറയുന്നു.
ചികിത്സാകാലത്തെ യാത്ര കാണിക്കാമെന്ന് പറഞ്ഞ് ചില ചിത്രങ്ങളും ജുവൽ പങ്കുവെച്ചു. കാൻസർ സർജറിക്ക് മുമ്പുള്ള പടമാണ്, പേടിയുണ്ടായിരുന്നു, പക്ഷേ ഞാൻ ചിരിച്ചു എന്നുപറഞ്ഞാണ് ഒരു ചിത്രം പങ്കുവെച്ചത്. സർജറി കഴിഞ്ഞിട്ടും ഒരുങ്ങി പൊട്ടൊക്കെ തൊട്ടാണ് ഇരുന്നത്, ഇന്നും അതേ ചിരിയുണ്ട്, കാരണം ഞാൻ കാൻസറിനെ അതിജീവിച്ചു- എന്നാണ് മറ്റൊരു ചിത്രത്തിനൊപ്പം ജുവൽ പറഞ്ഞത്.