ലൈറ്റ്മാൻമാർക്ക് വെറും രണ്ട് മൂന്ന് മണിക്കൂർ മാത്രമേ കിട്ടുകയുള്ളൂ; ഞാൻ രാവിലെ എത്തിയാൽ പിന്നെ ഉറക്കം പോകും: തുറന്നുപറഞ്ഞ് നടി കീർത്തി സുരേഷ്
സിനിമാ വ്യവസായത്തിലെ ജീവനക്കാർക്ക്, പ്രത്യേകിച്ച് ലൈറ്റ്മാൻമാർക്ക്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടി കീർത്തി സുരേഷ്. ഷൂട്ടിംഗ് സെറ്റുകളിലെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നാണ് താരത്തിന്റെ പ്രധാന ആവശ്യം. തന്റെ പുതിയ സിനിമയായ 'റിവോൾവർ റീത്ത'യുടെ പ്രചാരണ പരിപാടിക്കിടെയാണ് കീർത്തി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ മലയാളം, ഹിന്ദി ഇൻഡസ്ട്രികളിൽ ഉൾപ്പെടെ പലപ്പോഴും 12 മണിക്കൂർ ഷിഫ്റ്റാണ് ഉള്ളത്. ഇത്രയധികം സമയം ജോലി ചെയ്യേണ്ടി വരുന്നതിനാൽ ലൈറ്റ്മാൻമാർക്ക് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറങ്ങാൻ ലഭിക്കുന്നതെന്നും ഇത് ഉറക്കക്കുറവിനും വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും കീർത്തി ചൂണ്ടിക്കാട്ടി.
തന്റെ സ്വന്തം അനുഭവവും അവർ പങ്കുവെച്ചു. താൻ ഒമ്പത് മുതൽ ആറ് വരെയുള്ള ഷെഡ്യൂളുകളിലും, രാത്രി ഷിഫ്റ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാളുടെ ആരോഗ്യം പരിഗണിച്ച് ഒരു ദിവസം എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നതാണ് ഉചിതം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നതെന്ന് കീർത്തി കൂട്ടിച്ചേർത്തു. അടുത്തിടെ ബോളിവുഡ് താരം ദീപിക പദുകോൺ ജോലി സമയക്രമവുമായി ബന്ധപ്പെട്ട് പ്രോജക്റ്റുകളിൽ നിന്ന് പിന്മാറിയതും ഈ ആവശ്യം വീണ്ടും ചർച്ചയാകാൻ കാരണമായി.