കാറിന്‍റെ ഉള്ളിലേക്ക് ഒരാള്‍ എത്തിനോക്കി; പിന്നാലെ ബൈക്കിൽ ഫോളോചെയ്യാൻ തുടങ്ങി; ബ്ലോക്കിൽപ്പെട്ടപ്പോൾ അയാൾ ഓടി വന്ന് കാറിന് ചുറ്റും നടന്നു; ഗ്ലാസ്സ് താഴ്ത്താൻ ആവശ്യപ്പെട്ട് ഡോറിൽ തട്ടി; എനിക്ക് കരച്ചിൽ വന്നു, അറിയാതെയൊന്ന് വിതുമ്പിപ്പോയി; രക്ഷകരായ 'കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്'; കുറിപ്പുമായി നടി

Update: 2025-11-17 09:55 GMT

തിരുവനന്തപുരം: രാത്രി കാറിൽ യാത്രചെയ്യുമ്പോൾ ഉണ്ടായ അനുഭവവും സമൂഹമാധ്യമത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. പോലീസിന്റെ കൃത്യമായ ഇടപെടലിനും താരം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. 'ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!' എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തിൽ അവർ കുറിപ്പ് എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ, ഷൂട്ടിംഗ് കഴിഞ്ഞ് സഹായിയോടൊപ്പം തിരുവനന്തപുരത്ത് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഈസ്റ്റ് ഫോർട്ട് ഭാഗം പിന്നിട്ടപ്പോൾ ബൈക്കിലെത്തിയ ഒരാൾ കാറിനകത്തേക്ക് എത്തിനോക്കുകയും, വാഹനം പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു. റോഡിൽ തിരക്ക് കുറഞ്ഞതോടെ കാറിന്റെ വേഗത കൂട്ടിയപ്പോൾ ബൈക്കിലെത്തിയയാളും വേഗത കൂട്ടി പിന്തുടരുന്നത് കൃഷ്ണതുളസി ഭായ് ശ്രദ്ധിച്ചു.

ഇതോടെ അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ അവർ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 100-ൽ വിളിച്ചു വിവരം ധരിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന്, സുരക്ഷിതമായി വീട്ടിലെത്തിയ ശേഷവും പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തിയെന്നും കൃഷ്ണതുളസി ഭായ് ഫേസ്ബുക്കിൽ കുറിച്ചു.

നടിയുടെ കുറിപ്പിന്റെ പൂർണ രൂപം: 

‘ആദ്യമേ പറയട്ടെ, കേരളാപോലീസിനു ഒരു ബിഗ്‌ സല്യൂട്ട്...!

കുറേക്കാലമായി ജീവിതാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതുക പതിവില്ല. വിമർശനബുദ്ധിയോടുകൂടി മാത്രം സമീപിക്കുന്നവരോട് ഏറ്റുമുട്ടാൻ താൽപര്യം ഇല്ലാത്തതുകൊണ്ടാണ്. പക്ഷേ, എനിക്കുണ്ടായ ഈ അനുഭവം പലർക്കും ഉപകാരപ്പെടും എന്ന് തോന്നുന്നതുകൊണ്ട് എഴുതാം എന്ന് കരുതി. കുറച്ചു ദിവസം മുൻപ്, രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാനും എന്റെ സഹായിയുംകൂടി ഷൂട്ട്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു പോവുകയായിരുന്നു. ഈസ്റ്റ്‌ഫോർട്ട്‌ കഴിഞ്ഞപ്പോള്‍ കാറിന്‍റെ ഉള്ളിലേക്ക് ബൈക്കില്‍ വന്ന ഒരാള്‍ എത്തിനോക്കിയതായി തോന്നി. തോന്നല്‍ ശരിയായിരുന്നു, വണ്ടിയില്‍ 2 സ്ത്രീകള്‍ മാത്രമാണ് എന്ന് കണ്ട അയാള്‍ ബൈക്കിൽ ഞങ്ങളെ ഫോളോചെയ്യാൻ തുടങ്ങി. അത് മനസ്സിലായത് റോഡിൽ അൽപം തിരക്ക് കുറഞ്ഞ സ്ഥലത്ത് ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടിയപ്പോള്‍ ആയിരുന്നു — ഉടനെ ഒപ്പമെത്താന്‍ അയാളും ശ്രമിക്കുന്നു.

തമ്പാനൂർ എത്താറായപ്പോൾ അതാ അയാൾ തൊട്ടടുത്ത്. നല്ല സ്പീഡിൽ അയാൾ ഞങ്ങളെ ഫോളോ ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഭയം വലിയ ഭീതിയായി മാറി. സാധാരണ ഞാൻ താമസിക്കുന്നതിന്റെ അടുത്തുതന്നെയാണ് സഹായിയും ഇറങ്ങുക. അന്ന് പക്ഷേ തമ്പാനൂർ ബസ് സ്റ്റാൻഡിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഞങ്ങൾ ബസ് സ്റ്റാൻഡിന്റെ അടുത്ത് വണ്ടി നിർത്തിയപ്പോൾ അയാളും ബസ് സ്റ്റാൻഡിന്റെ ഉള്ളില്‍ ബൈക്ക് നിര്‍ത്തുന്നത് കണ്ടു.

'ശ്രദ്ധിക്കണം' എന്ന് പറഞ്ഞപ്പോൾ സഹായിയായ സഹോദരി പറഞ്ഞു: ബസ് സ്റ്റാൻഡിനുള്ളിൽ ജനമൈത്രി പോലീസ് സ്റ്റേഷനുണ്ട്, ഞാൻ അവിടെപ്പോയി നിന്നോളം എന്ന്.

അയാള്‍ പോയെന്നു കരുതി ഞാൻ വണ്ടി എടുക്കുമ്പോഴേക്കും അവിടെ ഒരു വലിയ ബ്ലോക്ക്‌ വന്നു. ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഏതോ ട്രെയിൻ വന്നു ഇപ്പോൾ, അതിലെ ആളുകളൊക്കെ പോകുന്നതിന്റെ തിരക്കാണ് എന്ന്. വണ്ടി പതുക്കയെ മുൻപോട്ട് എടുക്കാൻ സാധിക്കുമായിരുന്നുള്ളു.

പെട്ടന്ന് ഞാൻ നോക്കിയപ്പോൾ അയാൾ ഓടിവന്ന് എന്റെ വണ്ടിയ്ക്ക് ചുറ്റും നടക്കുന്നു. എന്നോട് ഗ്ലാസ്‌ താഴ്ത്താൻ പറയുന്നു, എന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഡോറിൽ തട്ടുന്നു, ആകെ ബഹളം.

എത്രയോ ആളുകൾ ആ ബ്ലോക്കിൽപ്പെട്ടവര്‍ തന്നെ അവിടെയുണ്ട്. പക്ഷേ, ആരും ഇത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയ ലോകമാണ്. ഞാനൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ പേടിച്ചു. കാറില്‍ തട്ടിക്കൊണ്ടുള്ള അയാളുടെ ക്രുദ്ധമായ നില്‍പ്പുകണ്ട് എനിക്ക് ബോധംപോവുമെന്നു തോന്നി. അപ്പോള്‍ കണ്ട ഒരു ഗാപ്പില്‍ ഞാന്‍ വേഗം വണ്ടി മുന്നോട്ടെടുത്തു. അയാള്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, അയാള്‍ മറ്റൊരു വണ്ടിയുടെ പുറകില്‍നിന്ന് വീണ്ടും എന്‍റെ അടുത്തെത്താന്‍ നോക്കുന്നത് ഞാന്‍ കണ്ടു.

ഏതോ ഉള്‍പ്രേരണയാള്‍ പെട്ടന്ന് ഞാൻ ഫോൺ എടുത്തു 100-ലേക്ക് ഡയൽ ചെയ്തു. വിളിച്ചപ്പോൾത്തന്നെ ഒരു ലേഡി ഓഫീസർ ഫോൺ എടുത്തു. ഞാൻ പറഞ്ഞു ഒരാൾ എന്നെ ഫോളോ ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, എന്താണ് ചെയ്യേണ്ടതേന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു. ഞാന്‍ അറിയാതെയൊന്ന് വിതുമ്പിപ്പോയി. എവിടെയാണ് നിൽക്കുന്നതെന്ന് ലേഡി ഓഫീസർ എന്നോട് ചോദിച്ചു. ഞാൻ ലൊക്കേഷൻ പറഞ്ഞു കൊടുത്തു. പോലീസ് വരുമോ ഇല്ലയോ എന്നറിയാതെ കൈരളി തിയേറ്ററിലേക്ക് തിരിയുന്ന ഭാഗത്തെ ഓട്ടോ സ്റ്റാൻഡിന്റെ അവിടെ ഞാൻ വണ്ടി നിർത്തി ഒരു ഓട്ടോ ഡ്രൈവറോട് കാര്യം പറയാന്‍ ശ്രമിച്ചു. അയാള്‍ എന്‍റെ വണ്ടി എവിടെയാണ് എന്ന് പരതുന്നുണ്ട്.

പക്ഷേ അപ്പോൾത്തന്നെ എനിക്കൊരു കാൾ വന്നു, പോലീസില്‍ നിന്നായിരുന്നു, എവിടെയാണ് നിൽക്കുന്നതെന്ന് അന്വേഷിച്ച്. എല്ലാംകൂടി ഒരു അഞ്ചു മിനിറ്റില്‍ താഴയേ ആയുള്ളൂ. ഒരു പോലീസ് ജീപ്പ് അടുത്തെത്തി. ആകെ തത്രപ്പാടിൽ ആയിരുന്നതുകൊണ്ട് കാറിൽനിന്ന് ഇറങ്ങി സംസാരിക്കാനുള്ള മര്യാദപോലും എനിക്കുണ്ടായില്ല. ഞാൻ ഉള്ളിൽ ഇരുന്നുതന്നെ കാര്യങ്ങൾ പറഞ്ഞു. വെളിയിലേക്ക് നോക്കിയപ്പോൾ അൽപം അകലെനിന്നും അയാള്‍ ധൃതിയില്‍ നടന്നുവരുന്നത് കണ്ടു. പോലീസ് ജീപ്പ് കണ്ടിട്ടാവണം, അയാള്‍ നടത്തം നിര്‍ത്തി വേഗം സ്വന്തം ഫോണെടുത്തുനോക്കി ഒന്നും അറിയാത്തപോലെ അതില്‍ നോക്കി മാറിനിന്നു.

ഞാൻ അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു. രണ്ടു ഓഫീസർമാർ പോയി അയാളെ വിളിച്ചുകൊണ്ട് വന്നു. അവർ ചോദിക്കുമ്പോൾ അയാൾ പറഞ്ഞത്, എനിക്ക് എന്തോ നോട്ടീസ് കൊടുക്കാൻ വന്നതാണെന്ന്. ഒരു സ്ത്രീയെ രാത്രി ബൈക്കിൽ ഫോളോ ചെയ്താണോ നോട്ടീസ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾക്ക് മിണ്ടാട്ടമില്ല. അവര്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിന്നെ അയാളുടെ പറയുന്നു, ഏതോ പോലീസ് ഓഫീസറിനെ അയാള്‍ക്ക് അറിയാം എന്നായിരുന്നു. “അതുകൊണ്ട് സ്ത്രീകളെ രാത്രി നീ ഫോളോ ചെയ്യുമോ?” എന്നവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ അയാള്‍ നിശബ്ദനായി ഒരു പാവത്തെപ്പോലെ പതുങ്ങിനിന്നു.

കേസ് എടുക്കണോ, എന്ന് ഓഫീസര്‍മാര്‍ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, വേണ്ട, അയാളെ താക്കീത് നൽകി വിടു എന്ന്. ആ ഓഫീസര്‍മാര്‍ എന്നോട് ധൈര്യമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും എനിക്ക് പോലീസിന്റെ കാൾ വന്നു, ‘എല്ലാം ഓക്കേ അല്ലേ’ എന്ന് അന്വേഷിക്കുവാൻ.

ഞാൻ വീട്ടിലെത്തി അൽപം കഴിഞ്ഞപ്പോൾ വീണ്ടും, ഒരു ഓഫീസർ വിളിച്ചു, വീട്ടിൽ എത്തിയോ എന്ന് അന്വേഷിച്ചു. ഫോൺ കട്ട്‌ ചെയ്യും മുൻപ് ആ ഓഫീസർ എന്നോട് ചോദിച്ചു, 'ഹാപ്പി അല്ലേ..' അതേ എന്ന് ഞാൻ സന്തോഷത്തോടെ മറുപടി കൊടുത്തു.

അവരുടെ ട്രെയിനിങ്ങിന്റെ ഭാഗമാകും. എങ്കിൽത്തന്നെയും ആ ചോദ്യം എനിക്ക് അതിയായ സന്തോഷംതന്നു. ഇങ്ങനെയൊരു ചോദ്യം നമ്മൾ നമ്മുടെ ജീവിതത്തിൽ അപൂർവ്വമായിമാത്രം കേൾക്കുന്ന ചോദ്യമാണല്ലോ. എന്തുകൊണ്ട് ഞാന്‍ കേസിനു പോയില്ല എന്ന് വിചാരിക്കാം, ചിലരെങ്കിലും. അതിന്റെ പിന്നിലുള്ള ഓരോ ആവശ്യങ്ങൾക്കു വേണ്ടി നടക്കുവാൻ ഞാൻ മാത്രേയുള്ളു, അതുകൊണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ ധൈര്യമായി 100-ലേക്ക് ഡയൽ ചെയ്യാം. എന്തെങ്കിലും പ്രശ്നങ്ങളിൽപ്പെട്ടു ഒറ്റയ്ക്കായിപ്പോയ സ്ത്രീകൾക്ക് ഇതൊരു ധൈര്യമാണ്.

പോലീസിനു പല പരിമിതികളുമുണ്ടാവും, പലര്‍ക്കും പല വിമര്‍ശനങ്ങളുമുണ്ടാവും പക്ഷെ ഇതുപോലെ ഒരു ആപത് സന്ദര്‍ഭത്തില്‍ നമുക്ക് വിളിക്കാന്‍ പോലീസ് മാത്രമേയുള്ളു. പോലീസ് ചെയ്തത് അവരുടെ കടമയാവാം, പക്ഷെ എനിക്കത് നല്‍കിയ സമാധാനത്തിന് ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു."

Tags:    

Similar News