ചെറിയൊരു പേടിയോടെയാണ് കുഞ്ഞന് പാൽ കൊടുത്തത്; വീട്ടുകാരുടെ പ്രാർത്ഥന കൊണ്ട് ജീവനോടെ നാട്ടിൽ തിരിച്ചെത്തി...!; തായ്ലൻഡിലെ ആ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ കോർത്തിണക്കി വീഡിയോയുമായി നടി റബേക്ക!
ടെലിവിഷൻ പരമ്പരകളിലൂടെ ഏറെ പരിചിതമായ മുഖമാണ് നടി റബേക്ക സന്തോഷ്. താരം സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമാണ്. ഇപ്പോഴിതാ, തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന റബേക്കയുടെ വിശേഷങ്ങൾ ആണ് വൈറലായിരിക്കുന്നത്.
കുറിച്ചു ദിവസങ്ങളിലായി താരം തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഏറ്റവുമൊടുവിൽ പങ്കുവെച്ച ഒരു റീലിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. ഒരു കടുവക്കുട്ടിയെ എടുത്ത് ലാളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കടുവക്കുട്ടിക്ക് റബേക്ക പാൽ കൊടുക്കുന്നതും വീഡിയോയിൽ കാണാം.
കടുവയ്ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരിയെ തായ്ലന്റിലെ തന്നെ മറ്റൊരു കടുവ ആക്രമിക്കുന്ന വീഡിയോയും റബേക്ക റീലിന്റെ ആദ്യഭാഗത്ത് കാണിക്കുന്നുണ്ട്. ''ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടാണെന്ന് കൂട്ടിയാൽ മതി'', എന്നാണ് വീഡിയോയ്ക്കു റബേക്ക നൽകിയിരിക്കുന്ന ക്യാപ്ഷൻ.
അതിനിടെ, രസകരമായ കമന്റുകളാണ് റബേക്കയുടെ റീലിനു താഴെ നിറയുന്നത്. ''ധൈര്യം ഉണ്ടേൽ അവന്റെ ഡാഡിയെ പിടി'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''പാൽ കുപ്പി മാറ്റിവെച്ച് ഒന്ന് കൊഞ്ചിയ്ക്ക് അവൻ ഒടുക്കത്തെ സ്നേഹം ആണ്'', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''അത് ചിലപ്പോൾ ചേച്ചിയുടെ സീരിയൽ ഫാൻ ബോയ് ആയിരിക്കും'', എന്നാണ് മറ്റൊരു കമന്റ്. ''സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. മിനിറ്റുകൾക്കകം സ്വഭാവം മാറുന്ന ഒരു ജന്തുവാണ് ഇത് തമാശ സീരീസ് ആവരുത്'', എന്ന് മുന്നറിയിപ്പായും ഒരാൾ കുറിച്ചിട്ടുണ്ട്.