കുറച്ച് ബ്രേക്ക് വേണമെന്ന് തോന്നിയ സമയത്തായിരുന്നു വിവാഹം; സ്വകാര്യജീവിതം ആദ്യമായി അനുഭവിച്ച നിമിഷം; അവിടെ ഞാൻ വളരെ ഹാപ്പിയായിരുന്നു; മനസ്സ് തുറന്ന് നടി സംവൃത
ഒരു കാലത്ത് മലയാളത്തിലെ എവർ ഗ്രീൻ നായികയായിരുന്നു നടി സംവൃത സുനിൽ. വളരെ ചുരുക്കം സിനിമകൾ ചെയ്ത് പെട്ടെന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടി കൂടിയായിരുന്നു സംവൃത. പിന്നീട് വിവാഹം കഴിഞ്ഞതിന് പിന്നാലെ സംവൃത ഏറെക്കാലം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ശേഷം 2019-ല്‍ തിരിച്ചുവന്നെങ്കിലും രണ്ടുസിനിമകളില്‍ മാത്രമായിരുന്നു നടി അഭിനയിച്ചത്.
ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. തിരക്കേറിയ ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ച സമയത്തായിരുന്നു തന്റെ കല്യാണമെന്നും. സ്വകാര്യജീവിതം ആദ്യമായി അനുഭവിച്ച നിമിഷം എന്നൊക്കെ താരം തുറന്നുപറഞ്ഞിരിക്കുകയാണ്.
നടിയുടെ വാക്കുകൾ..
'2012-ല്‍ അയാളും ഞാനും തമ്മില്‍ ആണ് അവസാനംചെയ്തത്. ഒരു ഇടവേളയ്ക്കുവേണ്ടി കൊതിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുനാള് ഫ്രീയായി ഇരിക്കണം. തുടര്‍ച്ചയായി ഷൂട്ടിങ്, ഒരേവര്‍ഷം കുറേ സിനിമകള്‍ ചെയ്തു. ആ തിരക്കുള്ള ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് തോന്നുന്ന സമയത്താണ് കല്യാണം. മനപ്പൂര്‍വ്വമായി എടുത്ത ബ്രേക്ക് ആയിരുന്നു. കല്യാണം കഴിച്ച് പോവുന്നത് യുഎസിലേക്കായിരുന്നതുകാരണം, അവിടെ എന്നെ ആര്‍ക്കും അറിയില്ല. അതുവരെ എന്റെ ജീവിതത്തില്‍ ഉണ്ടാവാതിരുന്ന സ്വകാര്യജീവിതം എനിക്ക് ആദ്യമായി അനുഭവിക്കാന്‍ കഴിയുന്നത് അവിടെപ്പോയപ്പോഴാണ്' സംവൃത പറയുന്നു.
'ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ചുമ്മാ നടക്കുക, ഷോപ്പിങ്ങിന് പോവുക, പലചരക്കുകടയില്‍ പോവുക, പാചകപരീക്ഷണം നടത്തുക, ജീവിതത്തിന്റെ അങ്ങനെയൊരു മോഡിലേക്ക് ഈസിയായി ഞാന്‍ മാറി. ഒട്ടും ബുദ്ധിമുട്ടേറിയത് ആയിരുന്നില്ല അത്. ആദ്യത്തെ കുഞ്ഞുണ്ടായി, കുറേ കഴിഞ്ഞപ്പോഴാണ് തിരിച്ചുവരണം എന്ന് തോന്നിയത്. അപ്പോഴാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന സിനിമ ചെയ്തത്' എന്നും താരം തുറന്നുപറയുന്നു.