ഗോട്ട് സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകള്‍ നിരവധി; ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നു; നല്ല പ്രേജക്റ്റകള്‍ തിരിഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി; മീനാക്ഷി
തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഗോട്ട്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ തെന്നിന്ത്യന്‍ സിനിമയിലെ റൈസിങ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള മീനാക്ഷി ചൗധരിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. വിജയ് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സ്‌നേഹയും, മീനാക്ഷി ചൗധരിയുമായിരുന്നു നായികമാരായത്.
ഇപ്പോഴിതാ വെങ്കട് പ്രഭു സംവിധാനം ചെയ്ത ദിഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകള്‍ നിരവധിയായിരുന്നുവെന്നും ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി ചൗധരി. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ഏറെയുമെന്നും താരം പറയുന്നു.
റിലീസിന് മുമ്പ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നുവെങ്കിലും റിലീസിനുശേഷം വലിയ രീതിയില്‍ വിമര്‍ശനവും ട്രോളും ഗോട്ടിന് ലഭിച്ചു. അതില്‍ മകന്‍ വിജയിയുടെ കാമുകി വേഷം ചെയ്തതിന്റെ പേരില്‍ മീനാക്ഷിക്കും സോഷ്യല്‍മീഡിയ വഴി വലിയ വിമര്‍ശനവും ട്രോളും ലഭിച്ചു. മീനാക്ഷിക്ക് അഭിനയിക്കാന്‍ കഴിവില്ലെന്ന തരത്തിലായിരുന്നു ഏറെയും ട്രോളുകള്‍. അത്തരം ട്രോളുകളും പരിഹാസവും തന്നെ മാനസീകമായി ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് മീനാക്ഷി.
കഴിഞ്ഞ വര്‍ഷം വിജയയുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പുറത്തിറങ്ങിയതിന് ശേഷം തന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളില്‍ നിന്നും കഠിനമായ രീതിയില്‍ ട്രോളുകള്‍ ലഭിച്ചുവെന്നും ട്രോളും പരിഹാസവും തന്നെ വേദനിപ്പിക്കുകയും തന്നെ വിഷാദത്തിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും മീനാക്ഷി പറയുന്നു. ഒരാഴ്ച്ചയോളം എടുത്താണ് താന്‍ അതില്‍ നിന്നെല്ലാം കരകയറിയതെന്നും നടി വെളിപ്പെടുത്തി.
പിന്നീട് ലക്കി ബാസ്‌കര്‍ ബ്ലോക്ക് ബസ്റ്ററായപ്പോള്‍ എനിക്ക് വളരെയധികം അഭിനന്ദനങ്ങള്‍ എല്ലായിടത്ത് നിന്നും ലഭിച്ചു. ശരിയായ പ്രോജക്റ്റുകള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം അതോടെ ഞാന്‍ മനലാക്കി എന്നുമാണ് മീനാക്ഷി അനുഭവം പങ്കുവെച്ച് പറഞ്ഞത്. 2019 മുതല്‍ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും ഗോട്ട് റിലീസിനുശേഷമാണ് നടിക്ക് തെന്നിന്ത്യയില്‍ ആരാധകരുണ്ടായത്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മീനാക്ഷിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ലക്കി ഭാസ്‌കറായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നാണ്.