മോഹൻലാലും നിവിനും, ശ്രീനിവാസനും അജു വര്‍ഗീസും; സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട എ.ഐ ചിത്രത്തിന് രൂക്ഷ വിമർശനം; 2026ലെ ഏറ്റവും വലിയ കോമഡിയെന്ന് ആരാധകർ
കൊച്ചി: നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ഫാൻ പേജിൽ പങ്കുവെച്ച ഒരു എ.ഐ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവരെ നിവിൻ പോളി, അഖിൽ സത്യൻ, അജു വർഗീസ് എന്നിവരുമായി താരതമ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
"ഇതൊരിക്കലും ഒരു കമ്പാരിസൺ അല്ല, സൗഹൃദത്തിന്റെ കണ്ണിൽ കൂടി മാത്രം കാണാൻ ശ്രമിക്കുക" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചതെങ്കിലും, ഈ വിശദീകരണം സിനിമാ ആസ്വാദകർ തള്ളിക്കളഞ്ഞു. മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രത്തിനു മുന്നിൽ നിവിൻ പോളി, അഖിൽ സത്യൻ, അജു വർഗീസ് എന്നിവർ നിൽക്കുന്ന രീതിയിലായിരുന്നു ചിത്രം.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. പലരും ഈ ചിത്രത്തെ "2026ലെ ഏറ്റവും വലിയ കോമഡി" എന്ന് വിശേഷിപ്പിച്ചു. ശ്രീനിവാസനെ അജു വർഗീസുമായി താരതമ്യം ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. താരതമ്യം ചെയ്യാനായിരുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ രണ്ട് ചിത്രങ്ങളും ഒന്നിച്ചു പോസ്റ്റ് ചെയ്തതെന്നും ചിലർ ചോദിച്ചു.
മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർക്ക് പകരം വെക്കാൻ യുവതലമുറയിലെ താരങ്ങൾക്കാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. "മൂർഖനും ഞാഞ്ഞൂലും തമ്മിലുള്ള വ്യത്യാസമാണിത്," "ലെജൻഡ്‌സായ മൂന്നുപേരെ ഈ രീതിയിൽ താരതമ്യം ചെയ്യാൻ കാണിച്ച തൊലിക്കട്ടി അപാരം" എന്നിങ്ങനെയുള്ള രൂക്ഷമായ കമന്റുകളും നിറഞ്ഞു. താരതമ്യം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിൽ വിനീതിനെ നാട്ടുകാർ ഓടിച്ചിട്ട് കമ്പിപ്പാര വെച്ചടിക്കുമെന്നുവരെ ഭീഷണിയുടെ സ്വരത്തിലുള്ള കമന്റുകളും സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
