ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചു; നാല് കോടി രൂപ നഷ്ടപരിഹാരം വേണം'; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയില്‍
നാല് കോടി രൂപ നഷ്ടപരിഹാരം വേണം'
മുംബൈ: യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. 450,000 ഡോളര്‍ (ഏകദേശം നാല് കോടി) നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് താരദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെ് സ്വകാര്യത സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, എഐ- ജനറേറ്റഡ് ഡീപ്ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്ദങ്ങള്‍, , ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ ഏതെങ്കിലും ഉള്ളടക്കം പ്രചരിപ്പിക്കുകയോ അത് വഴി പണം സമ്പാദിക്കുന്നതോ ചെയ്യുന്നത് തടയണമെന്നും സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു.തെറ്റിദ്ധരിപ്പിക്കുന്ന എഐ ഉള്ളടക്കങ്ങള്‍ എഐ മോഡലുകള്‍ക്ക് തെറ്റായ വിവരങ്ങള്‍ പഠിപ്പിക്കുമെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതിലേക്ക് നയിക്കുമെന്നും ഇവര്‍ വാദിക്കുന്നു.
AI Bollywood Ishq എന്ന യൂട്യൂബ് ചാനലിനെയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും ഹരജിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. ഈ യൂട്യൂബ് ചാനലില്‍ കൃത്രിമമായി നിര്‍മ്മിച്ച 259-ലധികം വീഡിയോകളുണ്ടെന്നും ഇവക്ക് 16.5 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായിട്ടുണ്ടെന്നും പറയുന്നു.