'എന്റെ വരുമാനം ഓര്‍ത്താണ് പലര്‍ക്കും ആവലാതി; പ്രമോഷന് വാങ്ങുന്നത് മൂന്ന് ലക്ഷം; കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ട്'; വരുമാനകണക്കുകള്‍ വെളിപ്പെടുത്തി അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ വിജയിയായി മാറിയത് സംവിധായകന്‍ അഖില്‍ മാരാര്‍ ആയിരുന്നു. ഷോ കഴിഞ്ഞതോടെ അഖിലിന്റെ ജീവിതം മാറിമറിഞ്ഞു, സാമ്പത്തികമായി വലിയ ഉയര്‍ച്ചയുണ്ടായി. പുതിയ ഫ്‌ളാറ്റും ആഡംബര വാഹനങ്ങളുമെല്ലാം സ്വന്തമാക്കിയ അഖിലിന് ഇന്ന് കൊച്ചിയില്‍ ഒരു സലൂണുമുണ്ട്. അടുത്തിടെ, അഖില്‍ ലക്ഷങ്ങള്‍ വിലയുള്ള ഒരു ആഢംബര ബൈക്കും സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെ, അഖിലിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കള്ളപ്പണമാണോ ഇതൊക്കെ? എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ, അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് അഖില്‍ മാരാര്‍. കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെയുള്ള ടാക്‌സ് അടച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് താനെന്നാണ് അഖില്‍ പറയുന്നത്. പ്രതിഫലത്തുകയുടെ ജിസ്ടി അടക്കമുള്ള ബില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കൊണ്ടാണ് അഖില്‍ അഖിലിന്റെ പ്രതികരണം
'എന്റെ വരുമാനം ഓര്‍ത്താണ് പലര്‍ക്കും ആവലാതി. കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. മുകളില്‍ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇന്‍വോയിസ് നല്‍കി ജിഎസ്ടിയും ഇന്‍കം ടാക്‌സും അടച്ചാണ് ഞാന്‍ വരുമാനം പറ്റുന്നത്. മിനി കൂപ്പര്‍ എടുത്തപ്പോള്‍ ടാക്‌സ് ആയത് 11 ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്‌സ് 2.63 ലക്ഷം രൂപയാണ്. ഇതൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ ആണ് വന്നതെന്ന് പോലും പലര്‍ക്കും അറിയില്ല.
ഞാന്‍ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരില്‍ മേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ അഭിമുഖങ്ങളും പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്. അതിന്റെ ഇന്‍വോയിസ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ അയച്ചു തരാം. രണ്ട് ദിവസം മുന്‍പ് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്‌ക്രീന്‍ ഷോട്ട് ഇടുന്നുണ്ട്.
ഇത് പോലെ എത്രയോ തവണ. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ജിസിസി രാജ്യത്തും ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ നിന്നും 15000 ദിര്‍ഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒരു സിനിമയില്‍ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകള്‍ക്ക് അഡ്വാന്‍സ് ലഭിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും എനിക്ക് വരുമാനം ഉണ്ട്.
നാളിതുവരെ വലിയ ഓഫര്‍ ഉണ്ടായിട്ടും യുവ തലമുറയെ നശിപ്പിക്കുന്ന ഗെയ്മിങ് ആപ്പുകള്‍ ഞാന്‍ പ്രമോഷന്‍ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രോഡക്ട് പോലും പരസ്യം ചെയ്തിട്ടില്ല. ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാന്‍ കൊടുത്തത് എനിക്കും വാങ്ങിയവര്‍ക്കും ഈശ്വരനും മാത്രം അറിഞ്ഞാല്‍ മതി... അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാല്‍ കേരളത്തിലെ നന്മ മരം ഫ്രോഡുകളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം,' അഖില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ.''