'ശ്രീനി പോയി'; ഇത്രമാത്രം പറഞ്ഞ് ഒരുസെക്കന്റ് കഴിഞ്ഞ് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു; വൈകാരിക കുറിപ്പുമായി അഖില്‍ സത്യന്‍
വൈകാരിക കുറിപ്പുമായി അഖില്‍ സത്യന്‍
തിരുവനന്തപുരം: സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമായുള്ള ബന്ധം ഓര്‍ത്തെടുത്ത് സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനുമായ അഖില്‍ സത്യന്‍. 'ശ്രീനി പോയി'; ഇത്രമാത്രം പറഞ്ഞ് ഒരുസെക്കന്റ് കഴിഞ്ഞ് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു'- അഖില്‍ സത്യന്‍ വൈകാരിക കുറിപ്പ് ഇത്തരത്തിലാണ് ആരംഭിക്കുന്നത്.
'എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീനിയങ്കിളാണ്. എന്റെ ആദ്യ സിനിമ ഞാന്‍ എഴുതിയത് അദ്ദേഹത്തിന്റെ ഒരു സ്‌ക്രിപ്റ്റ് ബുക്ക് അപ്പുറത്ത് തുറന്നു വെച്ചിട്ടാണ്. ഏറ്റവും കൂടുതല്‍ അറിയുന്നത് അഛനില്‍ നിന്നും കേട്ട സിനിമക്കപ്പുറത്ത് ഉള്ള ശ്രീനിവാസനെയാണ്. ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛന്‍-ശ്രീനിയങ്കിള്‍ കഥയുണ്ട്. അതോര്‍ത്തെടുത്ത് പറയാന്‍ അച്ഛനൊരു സെക്കന്റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ' - അഖില്‍ സത്യന്‍ എഴുതി.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
'ശ്രീനി പോയി'.
ഇത് മാത്രം പറഞ്ഞ് ഒരു സെക്കന്റ് കഴിഞ്ഞ് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു. ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുമ്പോള്‍ അഛന്റെ കോള്‍ വരാറുണ്ട്. 'ഒന്നു പോയി നോക്കു' എന്ന് പറഞ്ഞ്.
ഞാന്‍ പോകും. വിമലാന്റിയെ കാണും. ആന്റി 'ഇപ്പൊ കുഴപ്പമൊന്നുമില്ല' എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത് കൊണ്ടു പോകും. ഞാന്‍ അഛന്‍ പറഞ്ഞോര്‍മ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും. തിരിച്ചു പോകുന്ന വഴി അഛനെ വിളിച്ച് അന്നത്തെ കാര്യം പറയും. 'ക്ഷീണമുണ്ട്. പക്ഷെ അങ്കിള്‍ ഓക്കെയാണ്. വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടപ്പോള്‍, കറക്റ്റ് ടൈമില്‍ ബ്ലഡ് എടുക്കാന്‍ വന്ന നഴ്‌സിനെ പിടിച്ചു നിര്‍ത്തി എനിക്ക് കല്ല്യാണം ആലോചിച്ചു. നഴ്‌സിനും എനിക്കും നാണം വന്നു.' അഛന്‍ ചിരിച്ചു കൊണ്ട് ഇത് പോലെയുള്ള മറ്റൊരു സംഭവം പറയും.
ഈ സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്. അഛന്റെ കൂടെ ഉദയം പേരൂര്‍ ഉള്ള വീട്ടില്‍ വെച്ചും, പിന്നെ ഹോസ്പിറ്റലില്‍ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്, സംസാരിക്കുന്നത് ബുദ്ധിമുട്ടിയാണ്. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിള്‍ ഓര്‍ത്തെടുത്ത് പറയുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഈ സ്‌ട്രോക്കിനും ഹാര്‍ട്ട് ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസന്‍ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്.
രണ്ടാഴ്ച്ച മുന്‍പാണ് ഞാന്‍ അവസാനമായി അങ്കിളിനെ കണ്ടത്. ഒന്നു വീണപ്പോള്‍ കാലില്‍ ചെറിയൊരു പൊട്ടല്‍ ഉണ്ടായി അഡ്മിറ്റായതാണ്. സ്‌നേഹം ഒരു ഡിസ്റ്റന്‍സില്‍ കാണിക്കുന്നയാളാണ്. പക്ഷേ അന്ന് ഞാന്‍ അടുത്തിരുന്നപ്പോള്‍ എന്റെ കൈ പിടിച്ചിരുന്നാണ് സംസാരിച്ചത്. 'ജീവിതത്തില്‍ അനുഭവിച്ചതില്‍ ഏറ്റവും വലിയ വേദനയാണ്, കഴിഞ്ഞ മൂന്നു മണിക്കൂറില്‍ ഞാന്‍ അനുഭവിച്ചത്' എന്നു പറഞ്ഞു. അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ് ഞാന്‍ ഇപ്പോള്‍ സമാധാനിക്കുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീനിയങ്കിളാണ്. എന്റെ ആദ്യ സിനിമ ഞാന്‍ എഴുതിയത് അദ്ദേഹത്തിന്റെ ഒരു സ്‌ക്രിപ്റ്റ് ബുക്ക് അപ്പുറത്ത് തുറന്നു വെച്ചിട്ടാണ്. ഏറ്റവും കൂടുതല്‍ അറിയുന്നത് അഛനില്‍ നിന്നും കേട്ട സിനിമക്കപ്പുറത്ത് ഉള്ള ശ്രീനിവാസനെയാണ്.
ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛന്‍-ശ്രീനിയങ്കിള്‍ കഥയുണ്ട്. അതോര്‍ത്തെടുത്ത് പറയാന്‍ അഛനൊരു സെക്കന്റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ...
'ശ്രീനി പോയി'..... അതിന്റെ കൂടെ പറയാന്‍ വേറൊന്നും ഇല്ല.
