റഹ്മാനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷേ മതം മാറിയതോടെ ഹൃദയം തകർന്നു; അദ്ദേഹം ദിലീപായിത്തന്നെ തുടർന്നാൽ മതിയായിരുന്നു; മോഹിനിയുടെ വെളിപ്പെടുത്തൽ വൈറൽ

Update: 2026-02-26 12:32 GMT

ചെന്നൈ: ഓസ്കർ ജേതാവ് എ.ആർ. റഹ്മാനോട് തനിക്കുണ്ടായിരുന്ന കടുത്ത ആരാധനയെക്കുറിച്ച് മനസ്സ് തുറന്ന് നടി മോഹിനി. റഹ്മാനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പോലും താൻ ചിന്തിച്ചിരുന്നതായും എന്നാൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞപ്പോൾ തന്റെ ഹൃദയം തകർന്നുപോയെന്നും താരം വെളിപ്പെടുത്തി. 'വൗ തമിഴാ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ ഈ രസകരമായ തുറന്നുപറച്ചിൽ.

"ഞാൻ അതിഭീകര എ.ആർ. റഹ്മാൻ ഫാൻ ആയിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച വാർത്ത അറിഞ്ഞ് ഏറ്റവും കൂടുതൽ വിഷമിച്ചത് ഞാനാകും. ഞാനപ്പോൾ ഹിന്ദുവായിരുന്നു. അദ്ദേഹം ദിലീപായിത്തന്നെ തുടർന്നാൽ മതിയായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എങ്കിൽ അദ്ദേഹത്തെ ഇഷ്ടമാണെന്ന് വീട്ടിൽ പറയാമായിരുന്നു. വലിയ എതിർപ്പുകളില്ലാതെ അവർ സമ്മതിച്ചേനെ. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസവുമില്ല," മോഹിനി പറഞ്ഞു. തമിഴ് നടി ലക്ഷ്മി തന്നെ ഇടയ്ക്കിടെ ഇക്കാര്യം പറഞ്ഞ് കളിയാക്കുമായിരുന്നുവെന്നും മോഹിനി പറഞ്ഞു.

"റഹ്മാനെ വിവാഹം കഴിക്കണമെങ്കിൽ ബിരിയാണി ഉണ്ടാക്കാൻ പഠിക്കണം, റഹ്മാന് അതൊക്കെയാണ് ഇഷ്ടം എന്ന് ലക്ഷ്മി ആന്റി പറയുമായിരുന്നു." തന്റെ കരിയറിൽ ഒരിക്കൽ മാത്രമേ റഹ്മാനെ നേരിൽ കാണാൻ സാധിച്ചിട്ടുള്ളൂവെന്ന് മോഹിനി പറയുന്നു. "മലേഷ്യയിലെ അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ ആങ്കർ ഞാനായിരുന്നു. പരിപാടി കഴിഞ്ഞ് മടക്കയാത്രയിൽ ഫ്ലൈറ്റിൽ വെച്ച് അദ്ദേഹം എന്നോട് മാത്രം 'ഹലോ' പറഞ്ഞു. ഒരുപാട് താരങ്ങൾ ആ വിമാനത്തിൽ ഉണ്ടായിരുന്നുവെങ്കിലും എന്നോട് മാത്രമാണ് അദ്ദേഹം സംസാരിച്ചത്. അതോടെ മറ്റുള്ളവർക്ക് എന്നോട് അസൂയയായി, പിന്നീട് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരും എന്നോട് മിണ്ടിയിട്ടില്ല," മോഹിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

Tags:    

Similar News