ചില കാര്യങ്ങള്‍ക്ക് വാക്കുകള്‍ ആവശ്യമില്ല; മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത്; 2026 ദീപാവലിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; രാമായണയുടെ ടീസര്‍ പങ്കുവെച്ച് ആലിയ കുറിച്ചത്
രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന യഷ് രാവണനായി എത്തുന്ന സായ് പല്ലവി സീതയായി എത്തുന്ന നിതീഷ് തിവാരിയുടെ ചിത്രമായ രാവണയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്ത് വന്നത്. രാമായണ: ദി ഇന്‍ട്രൊഡക്ഷന്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് വളരെ വൈറലായിരുന്നു. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പങ്കിട്ടിരിക്കുകയാണ് നടിയും രണ്‍ബീറിന്റെ പങ്കാളിയുമായ ആലിയ.
'ചില കാര്യങ്ങള്‍ക്ക് വാക്കുകള്‍ ആവശ്യമില്ല. മറക്കാനാവാത്ത ഒന്നിന്റെ തുടക്കം പോലെയാണ് ഇത് അനുഭവപ്പെടുന്നത്. 2026 ദീപാവലിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു' എന്ന് ആലിയ കുറിച്ചു. വ്യക്തിപരമായും തൊഴില്‍പരമായും രണ്‍ബീറിനെ വളരെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ആലിയ ഭട്ട്. അദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക, സോഷ്യല്‍ മീഡിയയില്‍ ഹൃദയംഗമമായ പോസ്റ്റുകള്‍ പങ്കിടുക, അങ്ങനെ രണ്‍ബീറിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാനുള്ള ഒരു അവസരവും ആലിയ നഷ്ടപ്പെടുത്താറില്ല.
രാമായണയില്‍ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോള്‍, മണ്ഡോദരിയായി കാജള്‍ അഗര്‍വാള്‍ എന്നിവരുള്‍പ്പെടെ ഒരു മികച്ച താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്‌സ് ടീം, അത്യാധുനിക സെറ്റുകള്‍ തുടങ്ങി വളരെ മികച്ച ക്യാന്‍വാസിലാണ് രാമായണം ഒരുങ്ങുന്നത്.
വാല്‍മീകിയുടെ രാമായണത്തോട് പരമാവധി നീതി പുലര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യാഷും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയില്‍ റിലീസ് ചെയ്യും. എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.
'രാമായണ' ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മല്‍ഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു. ഓപ്പണ്‍ഹൈമര്‍, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങള്‍ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.