പുഷ്പ 2 അപകടം നടന്നിട്ട് ഒരു മാസം; പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ കാണാന്‍ അല്ലു അര്‍ജുന്‍ ആശുപത്രിയില്‍ എത്തി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് വയസുകാരന്‍ ശ്രീതേജിനെ സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍. ചൊവ്വാഴ്ചയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ അല്ലു അര്‍ജുനെത്തിയത്. തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജുവും അല്ലു അര്‍ജുനൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. സംഭവത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തിയത്. നേരത്തെ ജനുവരി 5 ന് നടന്‍ ആശുപത്രിയിലെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
ആശുപത്രിയിലെത്തുന്നതിന് മുമ്പ് തങ്ങളെ വിവരം അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി രാംഗോപാല്‍പേട്ട് പൊലീസ് അല്ലു അര്‍ജുന് നോട്ടീസ് അയച്ചിരുന്നു. ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യ തിയറ്ററില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീതേജിന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചു.
യുവതിയുടെ മരണത്തിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് നരഹത്യാ കേസില്‍ അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യവും നല്‍കിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അര്‍ജുന്‍.